Back to home

Topics

കത്ത് തയാറാക്കുക .
     ആടുജീവിതം എന്ന നോവല്‍ വായിച്ചപ്പോള്‍ ഗള്‍ഫ് ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് അതുവരെയുണ്ടായിരുന്ന ധാരണ മാറി. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി നോവല്‍ വായിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് തയ്യാറാക്കുക .

സ്ഥലം : ......
തീയതി : .....

പ്രിയപ്പെട്ട അരവിന്ദന് ,
       ഉടനെ ഒരു കത്ത് നിനക്ക് എഴുതേണ്ടി വരുമെന്ന് ഞാന്‍  കരുതിയില്ല. ഒരു കാര്യം നിന്നെ അറിയിക്കാനാണ് ഈ കത്ത്. ഞാന്‍ കഴിഞ്ഞ ശനിയാഴ്ച വായനശാലയില്‍ ചെന്നപ്പോള്‍ പുതിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ 'ആടുജീവിതം ' എന്നൊരു ടൈറ്റില്‍ കണ്ടു. എനിക്ക് ആ ശീര്‍ഷകം തന്നെ കൗതുകമുണ്ടാക്കി . ഞാന്‍ ആ നോവല്‍ ഒറ്റരാത്രികൊണ്ടു  വായിച്ചു തീര്‍ത്തു. നിന്റെ അച്ഛനും എന്റെ ചേട്ടനും ഗള്‍ഫിലാണല്ലോ. അവരവിടെ അനുഭവിക്കുന്നത് ഈ നോവലിലെ നജീബിന്റെ അനുഭവങ്ങളാണെങ്കില്‍.......... എന്തായാലും ഗള്‍ഫ്‌ സ്വര്‍ഗ്ഗമാണെന്ന എന്റെ ധാരണ മാറി. നീയും ആ നോവല്‍ വായിക്കണം .അനുഭവകഥയാണെന്നാണ് കഥാകൃത്ത്‌ പറയുന്നത് .ആ നോവല്‍ വായിച്ചിട്ട് എനിക്ക് എഴുതുമല്ലോ .

                                                                                                      സ്നേഹപൂര്‍വ്വം
സോമദാസ്
ഒപ്പ്
 സന്ദര്‍ഭം വ്യക്തമാക്കി കുറിപ്പ് തയ്യാറാക്കുക .
"അകത്തല്ല, ആ കരളിലായിരുന്നു എന്റെ സത്യം; ആരും വായിക്കാത്ത സത്യം".
    പ്രശസ്ത കഥാകൃത്തായ ബെന്യാമിന്റെ ആടുജീവിതം  എന്ന നോവലിലെ പത്തൊന്‍പതാം അധ്യായത്തില്‍ നജീബ് എന്ന നായകന്‍ തന്റെ ഭവനത്തിലേയ്ക്ക് എഴുതുന്നു എന്ന സങ്കല്പത്തില്‍ ഒരു കത്ത് തയാറാക്കുന്നു. ആ കത്തിനെക്കുറിച്ച് നജീബ് തന്നെ പറയുന്ന ഒരു വാക്യമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. നജീബ് മരുഭൂമിയില്‍ ദു:സ്സഹമായ കഷ്ടപ്പാടിലാണ്. ഒരിക്കലും മരുഭൂമിയില്‍ നിന്നവനു മോചനമില്ല. അവന്റെ അര്‍ബാബ് അവനെ വിലയ്ക്ക് വാങ്ങിയതുപോലെയാണ്. അടിമകള്‍ക്കു പോലും യജമാനന്മാര്‍ ഭക്ഷണം നല്‍കും. കാരണം, ആരോഗ്യമില്ലെങ്കില്‍ ജോലി ചെയ്യാനാവില്ലല്ലോ. ഇവിടെ മറിച്ചാണ്. വല്ലപ്പോഴും ലഭിക്കുന്ന റൊട്ടിക്കഷണം മാത്രം. പച്ചഗോതമ്പ് ഉപ്പും ചേര്‍ത്ത് തിന്നണം. ഇതെല്ലാം വ്യക്തമാക്കുന്ന ഭീകരതയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് കത്ത്. സത്യമെന്നു പറയാന്‍ കാരണമതാണ്.
"നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം ,
 നിറന്നിരിക്കിലും വികൃത, മെങ്കിലും
ഇവിടെ സ്നേഹിപ്പാ, നിവിടെയാശിപ്പാ ,
നിവിടെ ദു :ഖിപ്പാന്‍ കഴിവതേ  സുഖം !"
ഈ കാവ്യഭാഗത്ത്‌ ഏതൊക്കെ തരത്തിലുള്ള വൈരുധ്യങ്ങളാണ് തെളിയുന്നത് ? യഥാര്‍ത്ഥത്തില്‍ അവ വൈരുധ്യങ്ങളാണോ? ചര്‍ച്ച ചെയ്ത് നിഗമനങ്ങള്‍ അവതരിപ്പിക്കുക .
     വൈരുധ്യം കാണുക നിസ്സാരമല്ല. കവി ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. വസന്തവായുവില്‍ വസൂരി രോഗാണുക്കളേയും പുള്ളിമാനുകള്‍ക്കു പുറകില്‍ പുള്ളിപ്പുലികളേയും കാണാതിരിക്കാന്‍ എനിക്കാവില്ല. ഒന്നും പരിപൂര്‍ണ്ണശുദ്ധമെന്ന് കവി കരുതുന്നില്ല. എല്ലാ വസ്തുക്കളും ദ്വന്ദ്വഭാവമുള്ളതാണെന്നാണ് കവിയുടെ പക്ഷം. ആസ്സാം പണിക്കാരില്‍ ഈ വൈരുദ്ധ്യം കവി അവതരിപ്പിക്കുന്നുണ്ട്. ഒരേ സമയം ഈ നാട് സമ്പന്നമാണ്, ദരിദ്രവുമാണ്. സുന്ദരിയാണ്‌ ,വിരൂപിണിയുമാണ്‌. ഇവിടെ നല്ല സ്വപ്നങ്ങളുമുണ്ട് , വേദനയുള്ള യാഥാര്‍ത്ഥ്യങ്ങളുമുണ്ട് , ചൂഷകനും ചൂഷിതനുമുണ്ട് , ഭൗതികനേട്ടമുള്ള ആത്മീയമായ കാത്തിരിപ്പുമുണ്ട്. കവി ഇങ്ങനെ രണ്ടു ഭാവവും കാണുന്നുണ്ട് .
 'ആസ്സാം പണിക്കാര്‍'എന്ന കവിതയുടെ ആദ്യഭാഗത്തു വരുന്ന ഈ വരികള്‍ ശ്രദ്ധിക്കൂ.
"അറിയാമോ ഞങ്ങളറിയും നീതിയും
നെറിയും കെട്ടൊരീപ്പിറന്ന നാടിനെ !
അതിഥികള്‍ക്കെല്ലാമമരലോകമീ -
ക്കിതവി ഞങ്ങള്‍ക്കു  നരകദേശവും ".
പാഠഭാഗത്തു നിന്നു തന്നെയുള്ള ഈ ഭാഗങ്ങളും നോക്കൂ .
"മലനാടെത്രമേല്‍ മധുരദര്‍ശനം "
"അലിവൊടോര്‍ത്തിതീയമലനാടിനെ".
ജന്മനാടിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള മാറ്റം ഉണ്ടായതെന്തുകൊണ്ട് ? ചര്‍ച്ച ചെയ്യുക .
"നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം ,
നിറന്നിരിക്കിലും വികൃത, മെങ്കിലും
ഇവിടെ സ്നേഹിപ്പാ , നിവിടെയാശിപ്പാ,
നിവിടെ ദു:ഖിപ്പാന്‍ കഴിവതേ സുഖം!" - ജന്മനാട്ടില്‍ എന്താണ് നിറഞ്ഞിരിക്കുന്നത് ? എന്താണ് നിറന്നിരിക്കുന്നത് ? പ്രകൃതിയിലെ സമ്പത്ത് , പ്രകൃതിയുടെ സൗന്ദര്യം, സാംസ്കാരികവൈവിധ്യം,വൈജ്ഞാനികസഹിഷ്ണുത ,ഉദാത്തമായ ഭാവം  എന്നിങ്ങനെ അക്കമിട്ടു പറയാവുന്ന കാര്യങ്ങള്‍ നിറഞ്ഞും നിറന്നുമിരിക്കുന്നു. പക്ഷേ നമ്മുടെ നാട് കൊടിയ ദാരിദ്ര്യത്തിലാണ്, തൊഴിലില്ലായ്മയില്‍ ആണ് , ചൂഷണത്തിലാണ്, ജാതീയമായ അന്ധകാരത്തിലാണ്. ഇത്തരം വൈരുധ്യങ്ങള്‍ക്കിടയിലും നാം നാട്ടിലെ ജീവിതം അഭിലഷണീയം എന്നു പറയുന്നു . 
 ഈ യൂണിറ്റിലെ രചനകളെ 'ഹൃദയത്തിന്‍ വിശപ്പ്‌ 'എന്ന പൊതുശീര്‍ഷകം കൊണ്ട് നിര്‍വ്വചിക്കാന്‍ കഴിയുമോ? ചര്‍ച്ച ചെയ്ത് ലഘുപ്രബന്ധം തയ്യാറാക്കുക .
     ഈ യൂണിറ്റിനു നല്‍കിയിരിക്കുന്ന പേര് അലയും മലയും കടന്നവര്‍ എന്നാണല്ലോ. സമുദ്രവും പര്‍വ്വതവും  കടന്ന് തൊഴില്‍ തേടി പോകുന്നവരെയാണ് നാം പ്രവാസികള്‍ എന്നു പറയുന്നത്. അവര്‍ ജനിച്ച നാട്  വിട്ടുപോയി ഉദരത്തിന് വേണ്ടത് നേടുന്നു. ലോകരാഷ്ട്രങ്ങളെല്ലാം ദുരിതത്തിന്റെ പിടിയിലായി. മരണത്തെക്കാള്‍ ഭീകരമാണ് ദാരിദ്ര്യം. ദാരിദ്ര്യം ഓരോ രാജ്യത്തെയും പിടിച്ചുലച്ചു. ആ അല അത്ര വലുതല്ലെങ്കിലും മലനാട്ടിലും എത്താതിരുന്നില്ല. നാട് നരകമായി. അങ്ങനെ അന്യനാട്ടില്‍ ജോലി തേടിപ്പോകുന്ന അവരുടെ അനുഭവങ്ങളും മനോഗതങ്ങളുമാണിവിടെ. നാട്ടിലെ ജനങ്ങളെ കാണാമെന്നും ബന്ധുക്കളോടൊത്തു  ജീവിക്കാമെന്നും ഉള്ളത്  അവരുടെ അഭിലാഷമാണ്‌. അതാണ് ഹൃദയത്തിന്റെ വിശപ്പ്‌. ആ  പേര്  പാഠഭാഗത്തിന് നല്‍കുന്നതില്‍ അപാകതയില്ല .
 ശീര്‍ഷകം മാറ്റാം .
'അലയും മലയും കടന്നവര്‍ ' എന്ന ശീര്‍ഷകത്തിനുപകരം മറ്റൊരു ശീര്‍ഷകം കണ്ടെത്തുക. അങ്ങനെ കണ്ടെത്തിയതിന്റെ കാരണം വ്യക്തമാക്കുക .
     അലയും മലയും കടന്നവര്‍  - എന്ന ശീര്‍ഷകം പ്രവാസികളുടെ യാത്ര മാത്രമേ പരിഗണിക്കുന്നുള്ളൂ .ആ  ശീര്‍ഷകത്തിന് ആലങ്കാരികതയുണ്ടങ്കിലും അവഗാഹത കുറവാണ് . പകരം ശീര്‍ഷകം 'ഹൃദയത്തിന്റെ വിശപ്പ്‌ 'എന്നാക്കിയാല്‍ നന്നാവും . താഴെ പറയുന്ന കാരണങ്ങളാണ് അത്തരം ശീര്‍ഷകം നല്‍കാന്‍ പ്രേരിപ്പിച്ചത് .
  • ഒരു മനുഷ്യനെയെങ്കിലും കാണാനും സംസാരിക്കാനുമുള്ള നജീബിന്റെ അടക്കാനാവാത്ത ആഗ്രഹം .
  • പുറംലോകം കാണാനും നാട്ടിലെത്താനുമുളള ത്വര.
  • സാങ്കല്പികമായ ഒരു കത്തിലൂടെയെങ്കിലും കുടുംബത്തിലെത്താനുള്ള കൊതി .
  • ജന്മനാടിനോട് തോന്നുന്ന ആത്മബന്ധം .
  • നിറമുള്ള ചിന്തകള്‍

 'ആസ്സാം പണിക്കാര്‍ ' എന്ന കാവ്യഭാഗത്തിന് ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കുക .

     കവിത ആസ്വദിക്കുമ്പോഴാണ്‌ ആസ്വാദകന് ആഹ്ലാദം ഉണ്ടാകുന്നത് . ആഹ്ലാദമാണ്‌ കാവ്യഗുണം . ആലങ്കാരികത കൊണ്ടും വാങ്മയചിത്രങ്ങള്‍ കൊണ്ടും ആണ്  ആഹ്ലാദം സൃഷ്ടിക്കുന്നത് . ഈ ബിംബങ്ങള്‍ ശ്രദ്ധിക്കുക .
  1. തുടരണിമണി കിലുങ്ങും മേടുകള്‍
  2. മുടിവിടര്‍ത്താടും കവുങ്ങുതെങ്ങുകള്‍
  3. പുഞ്ചിരി പൊഴിക്കും വീടുകള്‍
  4. കരയ്ക്ക് മാമ്പൂവാം നിരത്തുകള്‍
  5. നാട്ടിന്‍പുറത്തെ സ്വപ്നം കാണുന്ന നഗരികള്‍
തുടര്‍ച്ചയായി മണി കിലുക്കിക്കൊണ്ടു പശുക്കള്‍ മേഞ്ഞു നടക്കുന്ന മേടുകള്‍ എന്നു പറയുമ്പോള്‍ കവിതയ്ക്കുണ്ടാകുന്ന സൗന്ദര്യം ഒരു വാങ്മയചിത്രം എന്നതിനുപരി മലകളുടെ സൗന്ദര്യം കണ്‍മുന്നില്‍ കാഴ്ചവയ്ക്കാനാവുന്നതാണ് . ഇങ്ങനെ  ഓരോ ദൃശ്യബിംബവും ഇതള്‍ വിടര്‍ത്തുമ്പോള്‍ മനസ്സില്‍ ആഹ്ലാദം നിറയും. അതാണ് കാവ്യത്തിന്റെ മനോഹാരിത .


Powered By