Back to home

Topics


പരിണാമത്തെ തുടര്‍ന്നുള്ള ഏതോ ഘട്ടത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന അവയവജീവികളില്‍ നിന്നും പ്രകാശ സംശ്ലേഷണ ശേഷിയുള്ള  കോശങ്ങള്‍ രൂപപ്പെട്ടു. ജീവപരിണാമവുമായി ബന്ധപ്പെട്ട് പ്രകൃതിയുടെ സ്വാഭാവിക ഈറ്റില്ലമായാണ് ജൈവവൈവിദ്ധ്യം സമൃദ്ധമായ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങള്‍ അറിയപ്പെടുന്നത്. പരിണാമ പഠനങ്ങള്‍ക്ക് പുതിയ രൂപം നല്‍കിയത് ജനിതക ശാസ്ത്രത്തിന്റെ വികാസമാണ്. ലഘുഘടനയുള്ള ജീവികളില്‍ നിന്നാണ് സങ്കീര്‍ണഘടനയുള്ള ജീവികള്‍ രൂപപ്പെടുന്നത്. മറ്റ് ജീവികളിലേതുപോലെ ഘടനാപരമായ ഒട്ടേറെ വ്യതിയാനങ്ങള്‍ മനുഷ്യരിലും ഉണ്ടായിട്ടുണ്ട്. മനുഷ്യനെ എന്നും ആശ്ചര്യപ്പെടുത്തിയ ചോദ്യങ്ങളിലൊന്നാണ് ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉത്ഭവിച്ചു എന്നത്. പല കാലഘട്ടങ്ങളിലായി പല വാദഗതികളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്താല്‍ പലതും പുറന്തള്ളപ്പെട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും വിശദീകരണം കൂടുതല്‍ യുക്തിഭദ്രമാക്കുന്നതിനും വേണ്ടിയുള്ള ശാസ്ത്രീയാന്വേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രധാന ആശയങ്ങള്‍

 • യുറേ - മില്ലര്‍ പരീക്ഷണം
 • ജൈവവൈവിദ്ധ്യത്തിന്റെ ഉത്ഭവം
 • ഡാര്‍വനിസം
 • പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം
 • പരിണാമത്തിന്റെ തെളിവുകള്‍
 • പോസിലുകള്‍ - പരിണാമത്തിന്റെ അടയാളങ്ങള്‍
 • ആകാര താരതമ്യപഠനം
 • ജൈവരസതന്ത്രവും ശരീരധര്‍മ്മശാസ്ത്രവും
 • തന്‍മാത്രാ ജീവശാസ്ത്രം
 • മനുഷ്യന്റെ പരിണാമം

1. ജീവന്റെ ഉല്‍പത്തി സംബന്ധിച്ച് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങള്‍ ഏവ ?

 • പാന്‍സ്പേര്‍മിയ സിദ്ധാന്തം - പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ജീവന്‍ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയില്‍ എത്തിയതാകാം എന്ന വാദഗതിയാണ് പാന്‍സ്പേര്‍മിയ സിദ്ധാന്തം.
 • രാസപരിണാമസിദ്ധാന്തം - ആദിമ ഭൂമിയിലെ സവിശേഷ സാഹചര്യങ്ങളില്‍ സമുദ്രജലത്തിലെ രാസവസ്തുക്കള്‍ക്ക് സംഭവിച്ച മാറ്റങ്ങളുടെ ഫലമായാണ് ജീവന്‍ ഉത്ഭവിച്ചത് എന്ന വാദഗതിയാണ് രാസപരിണാമസിദ്ധാന്തം.

ഭൂമിയില്‍ പതിച്ച ഉല്‍ക്കളില്‍ കണ്ടെത്തിയ ജൈവവസ്തുക്കള്‍ പാന്‍സ്പേര്‍മിയ സിദ്ധാന്തത്തിന് പിന്‍ബലമേകുന്നുണ്ടെങ്കിലും പരീക്ഷണതെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രലോകത്ത് പൊതു സ്വീകാര്യത നേടിയത് രാസപരിണാമസിദ്ധാന്തമാണ്.

2. നവഡാര്‍വനിസം എന്നാലെന്ത് ?
ജീവികളില്‍ നിരന്തരം വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു എന്നു തിരിച്ചറിയാനെങ്കിലും അവയ്ക്ക് കാരണമെന്ത് എന്നു വിശദീകരിക്കാന്‍ ചാശ്‍സ് ഡാര്‍വിന് കഴിഞ്ഞില്ല. വ്യതിയാനങ്ങള്‍ക്കു നിദാനമായ ഉല്‍പ്പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു. ജനിതകശാസ്ത്രം , കോശവിജ്ഞാനീയം, ഭൗമശാസ്ത്രം, ഫോസില്‍പഠനം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത്  ഡാര്‍വിനിസത്തെ പരിഷ്ക്കരിച്ചു. ഡാര്‍വിന്റെ പരിണാമ ആശയങ്ങളെ ജനിതക ശാസ്ത്രത്തിലെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നവഡാര്‍വനിസം.

3. പരിണാമത്തിനെ സാധൂകരിക്കുന്ന ഏതെങ്കിലും രണ്ട് ശാസ്ത്ര തെളിവുകള്‍ നല്‍കുക.

 • ഫോസിലുകള്‍ - ഉദാ :- ആര്‍ക്കിയോടെറിക്സിന്റെ ഫോസില്‍ ഉരഗങ്ങളില്‍ നിന്നും പക്ഷികള്‍ രൂപാന്തരപ്പെട്ടു എന്ന വാദത്തിന് തെളിവാണ്.
 • ആകാര താരതമ്യ പഠനം - മനുഷ്യന്റെ കൈ, പക്ഷിയുടെ ചിറക്, തിമിംഗലത്തിന്റെ തുഴ എന്നിവയുടെ ആന്തരഘടന ഏറെക്കുറെ സമാനമാണ്. ഇത് ജീവികള്‍ക്കൊക്കെ ഒരു പൊതു പൂര്‍വ്വികനുണ്ടെന്നതിന് തെളിവാകുന്നു.

4. ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തങ്ങള്‍ എന്തെല്ലാം ?

 • വ്യതിയാനങ്ങള്‍ :- ജീവികളില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.  
 • അമിതോല്പാദനം :- ജീവികള്‍ നിലനില്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു.
 • നിലനില്‍പ്പിനായുള്ള സമരം :- പരിമിതമായ വിഭവങ്ങള്‍ക്കായി ജീവികള്‍ തമ്മിലുള്ള മത്സരമാണിത്‌.
 • അര്‍ഹതയുള്ളവരുടെ അതിജീവനം :- ഗുണകരമായ വ്യതിയാനങ്ങളുള്ള ജീവികള്‍ മാത്രം നിലനില്‍ക്കുന്നു.
 • പ്രകൃതി നിര്‍ദ്ധാരണം :- പ്രകൃതി അനുഗുണമായ വ്യതിയാനങ്ങളോട് കൂടിയ ജീവികളെ നിലനിര്‍ത്തുകയും മറ്റുള്ളവയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അവ പ്രകൃതിയില്‍ പുതിയ ജീവിഗണമായി വളരുന്നു.

5. പരിണാമപഠനങ്ങള്‍ക്ക് പുതിയ രൂപം നല്‍കിയത് ജനിതക ശാസ്ത്രത്തിന്റെ വികാസമാണ്. ജനിതക ശാസ്ത്രത്തിന്റെ വളര്‍ച്ച പരിണാമ ആശയങ്ങളെ സാധൂകരിക്കാന്‍ എത്രമാത്രം സഹായകമായിട്ടുണ്ട് ?
പാരമ്പര്യസ്വഭാവങ്ങളെക്കുറിച്ചും, വ്യതിയാനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ജനിതകശാസ്ത്രം. ജീവികളില്‍ ആകസ്മികമായി സംഭവിക്കുന്നതും, പാരമ്പര്യമായി പ്രേഷണം ചെയ്യപ്പെടുന്നതുമായ വ്യതിയാനങ്ങളാണ് ഉത്പരിവര്‍ത്തനം. ഹ്യൂഗോ ഡീ വ്രീസ് എന്ന ശാസ്ത്രജ്ഞനാണ് ഇത് ആവിഷ്കരിച്ചത്. ക്രോമസോമുകളിലോ, ജീനുകളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പുതിയ ജീവിവര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നു. ഈ മാറ്റം അടുത്ത തലമുറയിലേയ്ക്കും കൈമാറുന്നു.

6. ജീവികളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ് ?

 • ക്രോമസോമുകളിലോ ജീനുകളിലോ ഉണ്ടാകുന്ന ഉത്പരിവര്‍ത്തനം.
 • ഒറ്റപ്പെടല്‍

7. ഹ്യൂഗോഡീവ്രീസിന്റെ സിദ്ധാന്തമെന്ത് ? ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ പോരായ്മകള്‍ ഹ്യൂഗോഡീവ്രീസിന്റെ സിദ്ധാന്തത്തിലൂടെ പരിഹരിക്കപ്പെട്ടു. ഈ പ്രസ്താവനയോട് നിങ്ങളുടെ പ്രതികരണം കുറിക്കുക.

 • ഹ്യൂഗോഡീവ്രീസിന്റെ സിദ്ധാന്തം - ഉല്‍പരിവര്‍ത്തനസിദ്ധാന്തം.
  ജീവികളിലെ വ്യതിയാനങ്ങള്‍ക്കുള്ള  കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്. ജീനുകള്‍ക്ക് സംഭവിക്കുന്ന ആകസ്മിക മാറ്റങ്ങളാണ് ഉല്‍പ്പരിവര്‍ത്തനങ്ങള്‍. ഇങ്ങനെയുണ്ടാകുന്ന വ്യതിയാനങ്ങള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികള്‍ രൂപപ്പെടുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉല്‍പ്പരിവര്‍ദ്ധന സിദ്ധാന്തം.
 • ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം വ്യതിയാനങ്ങളുണ്ടാകാന്‍ കാരണമെന്തെന്ന് അദ്ദേഹത്തിനു വിശദമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഡിവ്രീസിന്റെ ഉല്‍പരിവര്‍ത്തനസിദ്ധാന്തം ഒരു ജീവിയില്‍ വ്യതിയാനങ്ങളുണ്ടാക്കാന്‍ കാരണം ഉല്‍പരിവര്‍ത്തനങ്ങളാണെന്ന് വിശദീകരിക്കുന്നുണ്ട്.

8. മനുഷ്യന്റെ സാന്നിദ്ധ്യം പരിണാമ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ടോ ? സമര്‍ത്ഥിക്കുക.
ഉണ്ട്. മനുഷ്യന്‍ കാര്‍ഷികരംഗത്തും മൃഗപരിപാലനരംഗത്തും, വൈദ്യശാസ്ത്രരംഗത്തും മറ്റും നേട്ടങ്ങളുണ്ടാക്കുവാനായി പ്രകൃതിയിലെ വിവിധ ജീവിവര്‍ഗ്ഗങ്ങളെ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങള്‍ ചെയ്യുന്നു. ഇതിന്റെ ഫലമായി പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുമൂലം പ്രകൃതിയുടെ തെരഞ്ഞെടുപ്പിന് അവസരം നഷ്ടപ്പെടുകയും മനുഷ്യന്റെ, ഇടപെടല്‍ ഭൂമിയിലെ ചില ജീവിവര്‍ഗ്ഗങ്ങളെ പാടെ നശിപ്പിക്കുകയും ചെയ്യുന്നു. ഉദാ :-ഡോഡോപക്ഷിയുടെ വംശം നശിച്ചത് മനുഷ്യന്റെ ഇടപെടല്‍ മൂലമാണ്. കൂടാതെ മനുഷ്യന്റെ കീടനാശിനി പ്രയോഗം, ആന്റിബയോട്ടിക് ഉപയോഗം എന്നിവ വഴി ഇതിനെ പ്രതിരോധിക്കാന്‍ കഴിവുള്ള കീടങ്ങളും, രോഗാണുക്കളും ഭൂമിയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആധുനിക മനുഷ്യന്‍ ജീവപരിണാമപ്രക്രിയയുടെ ദിശ നിര്‍ണ്ണയിക്കുക തന്നെ ചെയ്യുന്നു.

9. മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാക്കുന്ന സവിശേഷതകള്‍ എന്തെല്ലാം?

 1. ഇരുകാലില്‍ നടത്തം
 2. നിവര്‍ന്നു നില്‍ക്കാനുള്ള കഴിവ്
 3. വികസിതമായ മസ്തിഷ്കം
 4. ബുദ്ധി
 5. ഓര്‍മ്മ
 6. ചിന്താശേഷി
 7. ഭാഷ ഉപയോഗിച്ചുള്ള ആശയവിനിമയം

10. ആകാരതാരതമ്യപഠനം ജീവപരിണാമത്തെ സാധൂകരിക്കുന്നതെങ്ങനെ ?
മുതലയുടെ മുന്‍കാല്‍, തിമിംഗലത്തിന്റെ തുഴ, പക്ഷിയുടെ ചിറക്, മനുഷ്യന്റെ കൈ ഇവയുടെ ബാഹ്യഘടന വ്യത്യസ്തമാണ്. എന്നാല്‍ ആന്തരഘടനയില്‍ സാദൃശ്യങ്ങള്‍ കാണുന്നു. അസ്ഥികളുടെ ഘടന, എണ്ണം മുതലായവ. ഇതില്‍ നിന്നും എല്ലാ ജീവികളും ഒരു പൊതുവായ പൂര്‍വ്വികനില്‍ നിന്നും ഉണ്ടായി എന്ന നിഗമനത്തിലെത്താം.

11. മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാക്കുന്ന സവിശേഷതകള്‍ എന്തെല്ലാമാണ് ?

 • വികാസം പ്രാപിച്ച തലച്ചോറ്.   
 • സാങ്കേതികമായ കഴിവ്.
 • ഒതുങ്ങിയ ശരീരഘടന.
 • കൂര്‍മ്മ ബുദ്ധി.

12. മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണമിച്ചുണ്ടായി എന്നു പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? എന്തുകൊണ്ട് ?
മനുഷ്യന്‍, കുരങ്ങ്, ലിമര്‍, ചിമ്പാന്‍സി മുതലായവ പ്രൈമേറ്റുകള്‍ എന്ന പൊതുവിഭാഗത്തില്‍പ്പെടുന്നവയാണ്. കുരങ്ങുകള്‍ സെര്‍ക്കൊപിത്തിക്കോയ്ഡെ എന്ന വാലുള്ള വിഭാഗമാണ്. മനുഷ്യന്‍ ഹോമിനോയിഡേ എന്ന വിഭാഗത്തില്‍പ്പെടുന്നു. അതിനാല്‍ കുരങ്ങില്‍ നിന്നല്ല മനുഷ്യന്‍ ഉണ്ടായത് എന്ന നിഗമനത്തില്‍ എത്താം.

13. ജീവന്റെ രാസപരിണാമത്തെ കുറിച്ച് ലബോറട്ടറിയില്‍ നിന്നും ലഭ്യമാകുന്ന തെളിവുകള്‍ എഴുതുക.

 • സ്റ്റാന്‍ലി മില്ലറും, ഹാരോള്‍ട് യുറേയും ചേര്‍ന്ന് അമിനോ ആസിഡ് നിര്‍മ്മിച്ചു.
 • യുവാന്‍ ഓറെ കൂടുതല്‍ ണിനോ ആസിഡുകളും പെപ്റ്റൈഡ് തന്‍മാത്രകളും നിര്‍മ്മിച്ചു.
 • അഡിനില്‍, നൈട്രജന്‍ ബേസും എന്നിവ നിര്‍മ്മിച്ചു.
 • സിറിള്‍ പൊന്നം പെരുമ അഡിനോസിന്‍ തന്‍മാത്രകള്‍ നിര്‍മ്മിച്ചു.

14. ഉരഗവര്‍ഗ്ഗത്തില്‍പ്പെട്ട മാംസഭുക്കുകളായ ജീവികളാണ് ഇഗ്വാനകള്‍ എന്നാല്‍ ഗാലപ്പഗോസ് ദ്വീപുകളിലുള്ള ഇഗ്വാനകള്‍ സസ്യഭുക്കുളാണ് . ഈ വ്ത്യാസത്തിന് എന്ത് വിശദീകരണമാണ് ആധുനിക പരിണാമവാദത്തിന് നല്‍കാന്‍ കഴിയുന്നത് ?
ഒരു കൂട്ടം ഇഗ്വാനകള്‍ ഗാലപ്പഗോസ് ദ്വീപുകളില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ അവയ്ക്ക് ഇരപിടിക്കാനുള്ള സാഹചര്യം അവിടെ ഇല്ലായിരുന്നു. ഈ ഇഗ്വാനകളിലെ സന്തതികളില്‍ ചിലതിന് സസ്യാഹാരത്തിനനുയോജ്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുകയും അങ്ങനെ അവയുടെ തലമുറ പരിണമിച്ച് സസ്യഭുക്കുകളായ ഇഗ്വാനകളായിത്തീരുകയും ചെയ്തു. ചില ഇഗ്വാനകള്‍ക്ക് ദ്വീപിനു ചുറ്റുമുള്ള കടലില്‍ നിന്ന് ഭക്ഷണം തേടാനുള്ള വ്യതിയാനങ്ങളുണ്ടായതു കാരണം അവ കടല്‍ ഇഗ്വാനകളായും പരിണമിച്ചു.

15. രാസപരിണാമസിദ്ധാന്തം വിശദീകരിക്കുക.
റഷ്യന്‍ ശാസ്ത്രജ്ഞനായ എ.ഐ.ഒപാരിന്‍, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ബി.എസ്.ഹാല്‍ഡേന്‍ എന്നിവരാണ് ഈ സിദ്ധാന്ത്തിന്റെ ഉപജ്ഞാതാക്കള്‍. ഹൈഡ്രജന്‍, നൈട്രജന്‍ , കാര്‍ബണ്‍ ഡയോക്സൈഡ് , ഹൈഡ്രജന്‍ സള്‍ഫൈഡ് , മീഥേയ്ന്‍, അമോണിയ, നീരാവി എന്നിവ ആദിമഭൂമിയുടെ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഭൂമി തണുത്ത് അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചു. ഏറെക്കാലം നീണ്ടുനിന്ന മഴയോടെ സമുദ്രങ്ങളും മറ്റു ജലാശയങ്ങളും രൂപപ്പെട്ടു. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദ്രജലത്തില്‍ മോണോ സാക്കറൈഡുകള്‍ , അമിനോ ആസിഡുകള്‍ , ഫാറ്റി ആസിഡുകള്‍ എന്നീ ലളിതഘടനയുള്ള  തന്‍മാത്രകള്‍ രൂപപ്പെട്ടു. ലളിത ഘടനയുള്ള തന്‍മാത്രകളില്‍ നിന്ന് സങ്കീര്‍ണ തന്‍മാത്രകളായ പോളിസാക്കറൈഡുകള്‍ , പെപ്റ്റൈഡുകള്‍ , കൊഴുപ്പുകള്‍ , ന്യൂക്ലിയോറ്റൈഡുകള്‍ എന്നിവ രൂപപ്പെട്ടു. സങ്കീര്‍ണ തന്‍മാത്രകളില്‍ നിന്ന് ആര്‍.എന്‍.എ.പ്രോട്ടീന്‍ എന്നിവയും തുടര്‍ന്ന് ഡി.എന്‍.എ. യും രൂപപ്പെടുകയും ഈ തന്‍മാത്രകള്‍ കൊഴുപ്പാവരണമുള്ളവയായി മാറുകയും ചെയ്തു. രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എന്‍സൈമുകളുടെ സാന്നിദ്ധ്യവും ഉണ്ടായതോടെ സ്വയം വിഭജന ശേഷിയുള്ള ആദിമകോശങ്ങള്‍ രൂപപ്പെടുന്നു.

16. യൂകാരിയോട്ടുകളുടെ ഉത്ഭവം വിശദീകരിക്കുക.
1500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യൂക്കാരിയോട്ടുകളുടെ ഉത്ഭവം. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന രാസപരിണാമ പ്രര്‍ത്തനങ്ങളുടെ ഫലമായാണ് ജൈവസംയുക്തങ്ങള്‍ രൂപം കൊണ്ടത്. പിന്നീട് ഇന്നത്തെ ബാക്ടീരിയയോട് സാമ്യമുള്ള  പ്രോകാരിയോട്ടിക് ആദിമകോശങ്ങള്‍ രൂപമെടുത്തു.പ്രോകാരിയോട്ടിക്  കോശങ്ങളില്‍ നിന്ന് സ്തരാവരണമുള്ള കോശാംഗങ്ങളുള്ള യൂകാരിയോട്ടിക് കോശങ്ങള്‍ രൂപപ്പെട്ടു.

17. ബഹുകോശ ജീവികളുടെ ആവിര്‍ഭാവം വിശദീകരിക്കുക.
പ്രോകാരിയോട്ടിക് കോശങ്ങളില്‍ നിന്ന് സ്തരാവരണമുള്ള കോശങ്ങളുള്ള യൂകാരിയോട്ടിക്  കോശങ്ങള്‍ രൂപപ്പെട്ടു. ക്രമേണ യൂകാരിയോട്ടുകള്‍ സംഘങ്ങളായി ജീവിക്കുന്ന കോളനികള്‍  ഉണ്ടായി. അതാണ് ബഹുകോശ ജീവികളുടെ ഉത്ഭവത്തിലേക്ക് നയിച്ചത്.

18. ജീവോല്‍പത്തിയുമായി ബന്ധപ്പെട്ട മുഖ്യഘട്ടങ്ങള്‍ കാലഗണനാക്രമത്തില്‍ ചിത്രീകരിക്കുക.

19. ലാമാര്‍ക്കിന്റെ സിദ്ധാന്തം വിശദമാക്കുക.
ജീവന്റെ പരിണാമചരിത്രം വിശദീകരിക്കുന്നതിന് പല ശാസ്ത്രജ്ഞന്‍മാരും ശ്രമിച്ചിട്ടുണ്ട്. നിലനിന്നിരുന്ന അനുമാനങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ആദ്യത്തേത് ഫ്രഞ്ച് ജീവശാസ്ത്രകാരനായിരുന്ന ജീന്‍ ബാപ്റ്റിസ്റ്റ് ലാമാര്‍ക്കിന്റേതാണ്. ആദ്യകാലങ്ങളില്‍ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്. ഭക്ഷ്യദൗര്‍ലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തു നീട്ടി ഉയരമുള്ള  മരങ്ങളെ ആശ്രയിച്ചതിനാല്‍ ജിറാഫുകളുടെ കഴുത്തിന് നീളം കൂടി. ഇത്തരത്തില്‍ ജീവികള്‍  ജീവിതകാലത്ത് ആര്‍ജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാര്‍ജിത സ്വഭാവങ്ങള്‍. സ്വയാര്‍ജിത സ്വഭാവങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ ജീവജാതികള്‍ രൂപപ്പെടുന്നു എന്നാണ് ലാമാര്‍ക്ക് വിശദീകരിച്ചത്. എന്നാല്‍ സ്വയാര്‍ജിതസ്വഭാവങ്ങള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാല്‍ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല.

20. കുരുവികളുടെ എന്ത് സവിശേഷതയാണ് ഡാര്‍വിനെ ആകര്‍ഷിച്ചത് ?


ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളില്‍ ഡാര്‍വിന്‍ പഠന വിധേയമാക്കിയ ജീവികളില്‍ സവിശേഷ പ്രാധാന്യമുള്ളവയാണ് കുരുവികള്‍. കാഴ്ചയില്‍ ഒരു പോലെയുള്ള ഈ കുരുവികളുടെ കൊക്കിന്റെ വൈവിദ്ധ്യം ഡാര്‍വിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

21. കുരുവികളുടെ കൊക്കിന്റെ വൈവിദ്ധ്യം അവയുടെ അതിജീവനത്തിന് പ്രയോജനപ്പെടുന്നതെങ്ങനെ ?
ഷഡ്പദഭോജികളായ കുരുവികള്‍ക്ക് ചെറിയ കൊക്കുകളും കള്ളിമുള്‍ച്ചെടികള്‍ ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളുമായിരുന്നു. കൂര്‍ത്ത കൊക്കുകള്‍ കൊണ്ട് ചില്ലകള്‍ കൊത്തിയൊടിച്ച് മരപ്പൊത്തുകളില്‍ നിന്ന് പുഴുക്കളെ കൊത്തിയെടുത്ത് ഭക്ഷിക്കുന്ന മരംകൊത്തിക്കുരുവികളും വിത്തുകള്‍ ആഹാരമാക്കിയിരുന്ന വലിയ കൊക്കുകളുള്ള നിലക്കുരുവികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൊക്കിന്റെ വൈവിദ്ധ്യം കുരുവികളുടെ അതിജീവനത്തിന് പ്രയോജനപ്പെട്ടു. കുരുവികള്‍ക്ക് ആഹാരരീതിക്കനുസൃതമായ ആകൃതിയുള്ള കൊക്കുകളാണ് ഉണ്ടായിരുന്നത്. ‌‌

Powered By