Back to home

Topics


സി.ഇ.ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള മദ്ധ്യകാല കേരളത്തെപ്പറ്റി അറിവു തരുന്ന സുപ്രധാന രേഖകളാണ് ചെപ്പേടുകള്‍.  പെരുമാക്കന്‍മാരുടെ കാലത്തിനുശേഷം കേന്ദ്രീകൃത ഭരണസംവിധാനത്തിന് ക്ഷതം സംഭവിക്കുകയും ചേരരാജ്യം പല നാടുകളായി വിഭജിക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ കേരളത്തിന് വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം നിലനിന്നിരുന്നു. കേരളത്തിലെ നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, കാര്‍ഷികമേഖല,കര-കടല്‍വാണിജ്യം, അധികാരം, കേരളീയതാ ബോധം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തെയാണ് നാം ഈ പാഠഭാഗത്തിലൂടെ മനസ്സിലാക്കുന്നത്.

പ്രധാന ആശയങ്ങള്‍

 • മദ്ധ്യകാല കേരളത്തെപ്പറ്റി സുപ്രധാന അറിവുകള്‍ തരുന്ന രേഖകളാണ് ചെപ്പേടുകള്‍.
 • പെരുമാള്‍ ഭരണകാലത്താണ് കേരളം ഒരു പ്രത്യേക ഭരണമേഖലയായി വളര്‍ന്നത്.
 • കൃഷിയും കച്ചവടവും പെരുമാള്‍കാലത്തെ സമ്പത്തിനടിസ്ഥാനമായി.
 • പെരുമാള്‍ ഭരണം ക്ഷയിച്ചതോടെ നാടുവാഴികള്‍ ഭരണം ഏറ്റെടുത്തു.
 • മലയാളഭാഷ വികാസം പ്രാപിച്ചു.
 • സാഹിത്യം, കല, വിജ്ഞാനം എന്നീ മേഖലകളില്‍ പുരോഗതി കൈവരിച്ചു.
 • സ്വരൂപങ്ങളെന്നാണ് നാടുവാഴി ഭരണപ്രദേശങ്ങള്‍ എന്നറിയപ്പെടുന്നത്.
 • ആഭ്യന്തര - വിദേശ വ്യാപാരം ശക്തിപ്പെട്ടു.
 • അങ്ങാടികളും തുറമുഖങ്ങളും വളര്‍ന്നു വന്നു.

1. ചെപ്പേടുകള്‍ എന്നാല്‍ എന്താണ് ? ഏത് ലിപിയിലാണ് ഇത് എഴുതിയിരിക്കുന്നത് ?
ചെമ്പ് തകിടില്‍ ആലേഖനം ചെയ്ത ലിഖിതരൂപങ്ങളാണ് ചെപ്പേടുകള്‍. ഇവ സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതല്‍  പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള മദ്ധ്യകാല കേരളത്തെപ്പറ്റി സുപ്രധാന അറിവുകള്‍ തരുന്ന രേഖകളാണ്. വട്ടെഴുത്ത് എന്ന പഴയകാല ലിപിയിലാണ് ഇത് എഴുതിയിരിന്നത്.

2. വിവിധങ്ങളായ ചെപ്പേടുകള്‍ ഏതെല്ലാം ?

 • ജൂതചെപ്പേട്
 • തരിസാപ്പള്ളി ചെപ്പേട്

3. ജൂതചെപ്പേട് ആര് ആര്‍ക്ക് ചാര്‍ത്തി കൊടുത്ത അധികാരരേഖയാണ് ?
മഹോദയപുരം കേന്ദ്രമാക്കി മദ്ധ്യകാലഘട്ടത്തില്‍ കേരളം ഭരിച്ചിരുന്ന  ഭാസ്കകരരവി, അഞ്ചുവണ്ണമെന്ന കച്ചവടസംഘത്തിന് നല്‍കിയ അധികാരരേഖ.

4. പെരുമാള്‍കാലത്തെ സാമൂഹിക - സാമ്പത്തിക പ്രത്യേകതകള്‍ കുറിക്കുക.

 • ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ വളര്‍ന്നു വന്നു.
 • ഗ്രാമങ്ങളില്‍ ബ്രാഹ്മണര്‍ അധികാരം സ്ഥാപിച്ചു.
 • ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി വ്യാപകമാക്കി.
 • ഭൂമിയുടെ ഉടമകള്‍ ബ്രാഹ്മണരായിരുന്നു.
 • ഗ്രാമങ്ങളില്‍ കൃഷിക്ക് പുറമേ വ്യത്യസ്ത തൊഴില്‍ കൂട്ടങ്ങളും ഉണ്ടായിരുന്നു.
 • പെരുമാക്കന്‍മാര്‍ അവരുടെ ഭരണദേശം നിരവധി നാടുകളായി തിരിച്ചിരുന്നു.
 • നാടുകളുടെ ഭരണം നാടുവാഴികള്‍ക്കായിരുന്നു.

5. കേരളക്കരയില്‍ പ്രാചീനകാലം തൊട്ട് മലയാളഭാഷ നിലവിലുണ്ടായിരുന്നോ ?
ഭാഷയുടെ വളര്‍ച്ച ഒരു പ്രത്യേക സമൂഹത്തിന്റെ തനതായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.കേരളനിവാസികളുടെ ഭാഷാരൂപം മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നു. മഹാശിലാസ്മാരക കാലഘട്ടത്തില്‍ കേരളത്തിലെ ഭാഷ തമിഴിന്റെ വകഭേദകമായിരുന്നു. കേരളത്തില്‍ നിരവധി ജനവിഭാഗങ്ങള്‍ കുടിയേറിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ വാമൊഴി ഭാഷ ക്രമേണ ഇവിടെ പ്രചാരത്തിലാവുകയുണ്ടായി. കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെയും കൊങ്കിണികളുടെയും ഭാഷകള്‍ ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ വടക്കും തെക്കും ഉള്ള  വാമൊഴികള്‍  തമ്മിലുള്ള അന്തരത്തിനു കാരണം മറ്റൊന്നല്ല.

6. കേരളം മലയാളദേശം എന്നറിയപ്പെടുന്നത് എന്തുകൊണ്ട് ?
മലയുടേയും സമുദ്രത്തിന്റെയും ഇടയിലുള്ള പ്രദേശം എന്നതാണ് മലയാളദേശം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

7. അനുഷ്ഠാനകലകള്‍ ജനകീയമായിരുന്നെന്ന് പറയുന്നത് എന്തുകൊണ്ട് ?
അനുഷ്ഠാനകലകള്‍ ജനജീവിതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. സാമൂഹ്യജീവിതത്തെയും മറ്റും കലകളിലൂടെ അവതരിപ്പിക്കുന്നു.അതുകൊണ്ടാണ് അനുഷ്ഠാനകലകള്‍ ജനകീയമായിരുന്നെന്ന് പറയുന്നത്.

8. പെരുമാള്‍കാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
മനുഷ്യന്‍ താമസത്തിനു തിരഞ്ഞെടുത്ത പ്രദേശങ്ങളാണ് അധിവാസപ്രദേശങ്ങള്‍. ഓരോ അധിവാസപ്രദേശവും അവിടേക്ക് ആവശ്യമായ എല്ലാ തൊഴില്‍ കൂട്ടായ്മകളും ഉള്‍ക്കൊണ്ടാണ് രൂപപ്പെടുന്നത്. ക്ഷേത്രസങ്കേതം ഉള്‍പെട്ടതും ബ്രാഹ്മണര്‍ക്ക് പ്രാമുഖ്യമുള്ളതുമായ അധിവാസപ്രദേശമായിരുന്നു മദ്ധ്യകാലകേരളത്തിന്റേത്. പതിനൊന്നാം നൂറ്റാണ്ടില്‍ ചേരചോള യുദ്ധത്തിന്റെ ഫലമായാണ് കേരളത്തില്‍ ജന്‍മിസമ്പ്രദായം രൂപം കൊണ്ടത്. ബ്രഹ്മസ്വം ദേവസ്വം ഭൂമികളുടെ ഉടമകളായിത്തീര്‍ന്ന ബ്രാഹ്മണ ഊരാളരും ഭൂമി പാട്ടത്തിനെടുത്ത കാരാളരും കേരളത്തിലെ ജാതി - ജന്‍മി നാടുവാഴി വ്യവസ്ഥയ്ക്ക് രൂപം നല്‍കി. ചേര - ചോള യുദ്ധത്തില്‍ വലിയ ഒരു വിഭാഗം ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുകയുണ്ടായി. പലരും സ്വത്തുക്കള്‍ ക്ഷേത്രങ്ങള്‍ക്കായി വിട്ടു കൊടുത്തു. ഈ അവസരം മുതലെടുത്ത് ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പുകാരായ സമ്പൂതിരി സമൂഹം ഭൂസ്വത്ത് തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ക്ഷേത്രങ്ങള്‍ക്കു നല്‍കിയിരുന്ന ഭൂമി ആക്രമിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്ന വിശ്വാസമായിരുന്നു ഭൂമി ക്ഷേത്രങ്ങള്‍ക്കുകൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകം. ഇത്തരം ഭൂമികള്‍ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
അന്നത്തെ സാമൂഹ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യമായ ചിത്രീകരണം വടക്കന്‍ പാട്ടുകളെ ഏറെ ശ്രദ്ധേയമാക്കുന്നു. പുത്തൂരം പാട്ടുകളുടെ കാലത്ത് സാമൂഹികമായ അച്ചടക്കം ഉണ്ടായിരുന്നതായി കാണാം. അതു നാടുവാഴിത്തമേല്‍ക്കോയ്മയുടെ കീഴില്‍ നിലനിന്നു പോന്ന അച്ചടക്കമാണെന്നു മാത്രം. സദാചാരബോധം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങള്‍ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ജാതിവ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. നാടുവാഴികളും അവരുടെ സാമന്തന്‍മാരും ജനങ്ങളെ അടക്കിഭരിച്ചിരുന്നു. സ്ത്രീകളുടെ പദവിയെപ്പറ്റിയും  വിലപ്പെട്ടവിവരങ്ങള്‍ വടക്കന്‍ പാട്ടുകളില്‍ നല്‍കുന്നുണ്ട്. സ്ത്രീകളും സ്വയം രക്ഷയ്ക്ക് ആയുധപരിശീലനം നടത്തിയിരുന്നു.

9. കേരളത്തില്‍ നാടുകളും നാടുവാഴികളും ഉണ്ടായതെങ്ങനെ ?
ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി വ്യാപകമായി. കൃഷിയുമായി ബന്ധപ്പെട്ട് വിവിധ തൊഴില്‍കൂട്ടങ്ങള്‍ ഉണ്ടായി. ഇവ രണ്ടും നാടുകളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഈ നാടുകള്‍ ഭരിച്ചിരുന്നവരാണ് നാടുവാഴികള്‍ എന്നറിയപ്പെട്ടത്.

10. മദ്ധ്യകാല കേരളത്തിലെ അങ്ങാടികള്‍ എങ്ങനെയുള്ളവയായിരുന്നു ?
മദ്ധ്യകാലഘട്ടത്തില്‍ സമുദ്രവാണിജ്യത്തില്‍ വലിയ പുരോഗതി ഉണ്ടായി. കയറ്റുമതി ചെയ്തിരുന്ന ഉല്‍പന്നങ്ങളുടെ കൃഷി ഉള്‍നാടുകളില്‍ വ്യാപകമായി.  ഈ ഉല്‍പന്നങ്ങള്‍ അങ്ങാടികളില്‍ വില്‍ക്കപ്പെട്ടു. അങ്ങനെ അങ്ങാടികളില്‍ പ്രാദേശിക കച്ചവടം ശക്തിപ്പെട്ടു. അനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, പന്തലായനി എന്നിവയായിരുന്നു അന്ന് കേരളത്തിലെ പ്രധാന അങ്ങാടികള്‍.കൊല്ലം, കൊച്ചി, കോഴിക്കോട്, വളപട്ടണം എന്നിവ പ്രധാന തുറമുഖ വാണിജ്യ കേന്ദ്രങ്ങളുമായിരുന്നു.

11. ആധുനിക കാലഘട്ടത്തിലെ പ്രധാന തുറമുഖങ്ങള്‍ ഏതെല്ലാം ?

 • കൊച്ചി
 • കോഴിക്കോട്
 • നീണ്ടകര
 • ആലപ്പുഴ
 • വിഴിഞ്ഞം
 • തിരുവനന്തപുരം
 • കൊല്ലം
 • കൊടുങ്ങല്ലൂര്‍
 • പൊന്നാനി
 • വടകര
 • തലശ്ശേരി
 • കണ്ണൂര്‍
 • കാസര്‍ഗോഡ് എന്നിവ.

12. മദ്ധ്യകാലഘട്ടത്തില്‍ കേരളത്തില്‍ നിന്നു കയറ്റുമതി ചെയ്തതും  ഇറക്കുമതി ചെയ്തതുമായ ഉല്‍പന്നങ്ങളുടെ പട്ടിക തയ്യാറാക്കുക.

കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്ത ഉല്‍പന്നങ്ങള്‍  ഏലം, ഇഞ്ചി, കുരുമുളക്, ഗ്രാമ്പു, കയര്‍, ഉണക്കമീന്‍
കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ കളിമണ്‍പാത്രങ്ങള്‍, മീന്‍വലകള്‍, പട്ട്

13. മദ്ധ്യകാല കേരളത്തിലെ ആഭ്യന്തര - തുറമുഖ കച്ചവടത്തെക്കുറിച്ച് എഴുതുക.

 • മദ്ധ്യകാലകേരളത്തില്‍ പുറം നാടുകളുമായുള്ള  കച്ചവടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചിരുന്നു.
 • അഞ്ചുവണ്ണം, മണിഗ്രാമം എന്നീ പേരുകളില്‍ കച്ചവടസംഘങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നു.
 • തുടക്കത്തില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ കൈമാറിയിരുന്നുവെങ്കിലും പിന്നീടത് നാണയസമ്പ്രദായത്തിലേക്ക് മാറി.
 • നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിച്ചിരുന്ന ഏലം, ഇഞ്ചി, കുരുമുളക് എന്നീ കാര്‍ഷികോല്‍പന്നങ്ങള്‍ നമ്മുടെ ദേശത്തുനിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൈമാറ്റം ചെയ്തിരുന്നു.
 • പകരമായി കളിമണ്‍പാത്രങ്ങള്‍, മീന്‍വലകള്‍, പട്ട് എന്നിവ നമ്മുടെ വിപണികളില്‍ എത്തിച്ചേര്‍ന്നിരുന്നു.
 • സമുദ്രവാണിജ്യത്തില്‍ പുരോഗതി ഉണ്ടായ അക്കാലത്ത്, അത്തരം ഉല്‍പന്നങ്ങള്‍ ഉള്‍നാടുകളില്‍ കൃഷിചെയ്ത് അങ്ങാടികളില്‍ കൊണ്ടുവന്നു കൈമാറിയിരുന്നു. അങ്ങനെ അങ്ങാടികളുടെ വളര്‍ച്ച പ്രാദേശിക കച്ചവടത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. കാലക്രമത്തില്‍ അത് കേരളത്തിലെ അങ്ങാടികളുടെയും തുറമുഖങ്ങളുടെയും വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു.

14. മദ്ധ്യകാലഘട്ടത്തിലെ കേരളത്തിലെ ഭാഷ, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട് ഒരു പട്ടിക തയ്യാറാക്കുക.

മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍
എഴുത്തച്ഛന്റെ പ്രധാന കൃതി അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഉണ്ണുനീലി സന്ദേശം രൂപപ്പെട്ട കാലഘട്ടം മദ്ധ്യകാലഘട്ടം
സംസ്കൃതവും പഴയ മലയാള ഭാഷയും ചേര്‍ന്ന് രൂപപ്പെട്ട ഭാഷാശൈലി മണിപ്രവാളം
പഴയ മലയാള ലിപികള്‍ വട്ടെഴുത്ത്, കോലെഴുത്ത്
ആദ്യകാല മലയാളം ചെന്തമിഴ്
ചെറുശ്ശേരിയുടെ പ്രധാനകൃതി കൃഷ്ണഗാഥ
മലയാളഭാഷയുടെ വികാസത്തിന് സഹായകമായ കൃതികള്‍ രാമായണം, മഹാഭാരതം, തുള്ളല്‍ കൃതികള്‍
ഖാസി മുഹമ്മദ് അറബി മലയാളത്തില്‍ രചിച്ച കൃതി (പതിനേഴാം നൂറ്റാണ്ട്) മുഹിയിദ്ദീന്‍മാല
പതിനെട്ടാം നൂറ്റാണ്ടില്‍ അര്‍ണോസു പാതിരി രചിച്ച കൃതി പുത്തന്‍പാന
മലയാളഭാഷയെ ജനകീയമാക്കിയ കൃതികള്‍
 • വടക്കന്‍ പാട്ടുകള്‍
 • തെക്കന്‍ പാട്ടുകള്‍
 • തൊഴില്‍ പാട്ടുകള്‍

15. ശരിയായ രീതിയില്‍ പട്ടികപ്പെടുത്തുക.

വേണാട്  പെരുമ്പടപ്പ് സ്വരൂപം
കൊച്ചി തൃപ്പാപ്പൂര് സ്വരൂപം
കോഴിക്കോട് നെടിയിരുപ്പ് സ്വരൂപം
ചിറക്കല്‍ കോലസ്വരൂപം
വേണാട് തൃപ്പാപ്പൂര്സ്വരൂപം
കൊച്ചി ചെരുമ്പടപ്പ്സ്വരൂപം
കോഴിക്കോട് കോലസ്വരൂപം
ചിറക്കല്‍ നെടിയിരുപ്പ്സ്വരൂപം

16. ലഘുഭാസ്കരീയ വ്യാഖ്യാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
കേരളത്തിലെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പരിണാമചരിത്രം പരിശോധിക്കുമ്പോള്‍ ശ്രദ്ധേയമായഒരു കൃതിയാണ് ലഘു ഭാസ്കരീയ വ്യാഖ്യാനം. ഈ കൃതിയില്‍ മഹോദയപുരത്ത് ഉണ്ടായിരുന്ന നക്ഷത്രനിരീക്ഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

17. പെരുമാള്‍ കാലത്തെ നാടുകള്‍ ഇന്നത്തെ ഏതുപ്രദേശങ്ങളില്‍പെടുന്നു എന്ന് കണ്ടെത്തുക.

വേണാട് കൊല്ലം, കൊട്ടാരക്കര, ചിറയിന്‍കീഴ്
എന്നീ താലൂക്കുകളും തിരുവനന്തപുരം
ഓടനാട് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്ക്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്ക്
നന്റുഴൈനാട് തിരുവല്ലാ, ചങ്ങനാശ്ശേരി പ്രദേശം
മുഞ്ഞുനാട് കോട്ടയം
വെമ്പൊലിനാട് വൈക്കം, മീനച്ചില്‍പ്രദേശം
കീഴ്മലൈനാട് തൊടുപുഴ, മൂവാറ്റുപുഴ
കാല്‍ക്കരൈനാട് എറണാകുളം, തൃശ്ശൂര്‍
നെടുംപുറൈയുര്‍നാട് പാലക്കാട്, ചിറ്റൂര്‍ പ്രദേശങ്ങള്‍
വള്ളുവനാട് പൊന്നാനി, പെരുന്തല്‍മണ്ണ, തിരൂര്‍പ്രദേശങ്ങള്‍
ഏറാള്‍ നാട് ഏറനാട്ടു പ്രദേശം
പോളനാട് കോഴിക്കോട്
കുറും പുറൈനാട് കൊയിലാണ്ടി, തെക്കന്‍വയനാട്
കോലത്തുനാട് കണ്ണൂര്‍, കാസര്‍ഗോഡ്
പുറൈക്കിഴാനാട് വടക്കേ വയനാടും ഗൂഡലൂരും
Powered By