Back to home

Topics


മനുഷ്യന്റെ വിവേചനരഹിതമായ പ്രവൃത്തികള്‍ പരിസ്ഥിതിയുടെ സന്തുലനത്തിന് ദോഷമുണ്ടാക്കുന്നു. ഇത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു. അനേകം ജീവികള്‍ ഒരുമിച്ചു വസിക്കുന്ന മനോഹരസ്ഥലമാണ്‌ നമ്മുടെ ഭൂമി. ജീവനുള്ളവയെയും ജീവനില്ലാത്തവയെയും ഒരുപോലെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ജീവജാലങ്ങളുടെ പരസ്പരാശ്രയത്തെപ്പറ്റിയും, പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിക്കാതിരിക്കേണ്ടതിനെപ്പറ്റിയും, അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു.

 പുതിയ ആശയങ്ങള്‍

  • ഉല്പാദകരും, ഉപഭോക്താക്കളും
  • വിഘാടകര്‍
  • ആവാസവ്യവസ്ഥ
  • കമ്പോസ്റ്റ് വളം
  • പ്ലാസ്റ്റിക്കുകളുടെ നിയന്ത്രണം

റോഡരികില്‍ നില്‍ക്കുന്ന ആല്‍മരം മുറിച്ചു മാറ്റിയാല്‍ ഏതെല്ലാം ജീവികള്‍ക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടാം?

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ജീവികള്‍ക്ക് മാത്രമല്ല മനുഷ്യനും ഒരാശ്വാസമാണ്. മരങ്ങളുടെ  തണല്‍ ഒരു പ്രദേശത്തെയാകെ കുളിര്‍മയുള്ളതാക്കുന്നു. അവ നമുക്ക് ശുദ്ധവായു പ്രദാനം ചെയ്യുന്നു. ആല്‍മരത്തിന്റെ ഇലകളിലും, തടിയിലും കാണുന്ന പുഴുക്കള്‍, ചിലന്തികള്‍, മറ്റു പ്രാണികള്‍, ചെറു ഷഡ്പദങ്ങള്‍ എന്നിവ അവയില്‍ ചേക്കേറുന്ന മറ്റു പക്ഷികള്‍ക്ക് ആഹാരമാകുന്നു. മറ്റ് ജീവികള്‍ക്ക് ആഹാരമാകുന്നതോടൊപ്പം അവയുടെ വാസസ്ഥലം കൂടിയാണിത്. വലിയ ആല്‍മരത്തിന്റെ തടിയില്‍ കഴിയുന്ന ചെറുപായലുകളും, ഫംഗസ്സുകളും തണല്‍ പറ്റി കഴിയുന്ന അനേകം ചെറുസസ്യങ്ങളും, ആല്‍മരം മുറിക്കുന്നതോടെ നശിച്ചു പോകുന്നു.

ജീവികള്‍ മരത്തെ ആശ്രയിക്കുന്നത് എന്തിനെല്ലാമാണെന്ന് പട്ടികയാക്കാമോ?

ജീവികള്‍  മരത്തെ ആശ്രയിക്കുന്നത് 
അണ്ണാന്‍  ആഹാരത്തിനും, കൂടുണ്ടാക്കാനും
വവ്വാല്‍  വാസസ്ഥലത്തിന്
കാക്ക  ആഹാരം, വാസസ്ഥലം
മരംകൊത്തി  ആഹാരം, മുട്ടയിടാന്‍

ഒരു വൃക്ഷം മുറിച്ചു മാറ്റുന്നതുകൊണ്ട് ജീവജാലങ്ങള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ എന്തെല്ലാം?

  • വാസസ്ഥലം നഷ്ടപ്പെടുന്നു.
  • തണല്‍ നഷ്ടപ്പെടുന്നു.
  • ആഹാരം നഷ്ടപ്പെടുന്നു.
  • മണ്ണൊലിപ്പ് ഉണ്ടാകുന്നു.
  • മണ്ണിന്റെ ഗുണം നഷ്ടപ്പെടുന്നു.
  • പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.

ഒരു കുളം മണ്ണിട്ടു നികത്തുമ്പോള്‍ കുളത്തിലെ ജീവികളെ എങ്ങനെ ബാധിക്കുന്നു?

  • കുളം മണ്ണിട്ടു നികത്തുമ്പോള്‍ കുളത്തില്‍ ജീവിക്കുന്ന ജലജീവികള്‍ക്ക് ഭീഷണിയായി മാറുന്നു.
    അവയുടെ ആഹാരവും, വാസസ്ഥലവും നഷ്ടമാകുന്നു.
  • കൂടാതെ ജലസ്രോതസ്സ് നശിക്കുന്നു.
  • ഇവയെ ആശ്രയിച്ചു ജീവിക്കുന്ന പല ജീവികളെയും (പൊന്മാന്‍, താറാവ്, നീര്‍കാക്ക, നീര്‍ക്കോഴി, കൊക്ക് എന്നിവയെ) ഇത് ബാധിക്കുന്നു.
  • കൂടാതെ ജലസസ്യങ്ങളും നശിക്കുന്നു.

പൊന്‍മാന്‍ കുളത്തിലെ വെള്ളത്തിലല്ല ജീവിക്കുന്നത്, എന്നാല്‍ കുളം മണ്ണിട്ട്‌ നികത്തുന്നത് ഈ പക്ഷിയെയും ബാധിക്കും. എങ്ങനെ?

പൊന്‍മാന്‍ കുളത്തില്‍ കാണുന്ന ചെറുമത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്. ഒരു കുളം മണ്ണിട്ടു നികത്തുമ്പോള്‍ മീനുകള്‍ അവയ്ക്ക് നഷ്ടമാകുന്നു. കൂടാതെ പൊന്മാന്‍ മുട്ടയിടുന്നത്‌ കുളങ്ങളുടെ വശങ്ങളിലുള്ള ചെറുമാളങ്ങളിലാണ്. കുളങ്ങള്‍ നികത്തുന്നതു വഴി അവയുടെ പ്രജനനവും തടയപ്പെടുന്നു. തന്മൂലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുളത്തില്‍ താമസിക്കുന്ന പല ജീവികള്‍ക്കും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു ജീവികളെയും ബാധിക്കുന്നു.
ഒരു ജീവിയുടെ നാശം മറ്റൊരു ജീവിയുടെ ആഹാരലഭ്യതയെ ബാധിക്കുന്ന സന്ദര്‍ഭങ്ങള്‍?

  • തവളകളുടെ എണ്ണം വളരെയധികം കുറയുന്നത് പാമ്പുകളുടെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • പാമ്പുകളുടെ എണ്ണം കുറയുന്നത് പരുന്തിന്റെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • മത്സ്യങ്ങളുടെ എണ്ണം കുറയുന്നത് പൊന്‍മാന്റെയും, കൊക്കുകളുടെയും  ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • എലികളുടെ എണ്ണം കുറയുന്നത് പൂച്ചകളുടെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • പ്രാണികളുടെ എണ്ണം കുറയുന്നത് പല്ലി, ഓന്ത്, അരണ എന്നിവയുടെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • മുയലുകളുടെ എണ്ണം വളരെയധികം കുറയുന്നത് കുറുക്കന്റെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.
  • മാനുകളുടെ എണ്ണം വളരെയധികം കുറയുന്നത് സിംഹത്തിന്റെ ഭക്ഷണലഭ്യത കുറയ്ക്കുന്നു.

നമ്മുടെ വീടുകളില്‍ സാധാരണ കാണാറുള്ള ഒരു ജീവിയാണല്ലോ പല്ലി. രാത്രി വൈദ്യുതിവിളക്കിനടുത്ത് ഇവയെ ധാരാളം കാണാം. എന്താണിതിന് കാരണം?

  • കൊതുക്, ഈച്ച മുതലായ ചെറുപ്രാണികള്‍ വൈദ്യുതവിളക്കിനു ചുറ്റും ആകര്‍ഷിക്കപ്പെടുന്നു.
    ഇവ പല്ലിയുടെ ആഹാരമാണ്.
    ഇവയെ പിടിക്കുന്നതിനാണ് രാത്രി വൈദ്യുതിവിളക്കിനടുത്ത് പല്ലികള്‍ എത്തുന്നത്.

പ്രാണികള്‍ പല്ലിയുടെയും, പല്ലി, പൂച്ചയുടെയും ആഹാരമാകുന്നു. പ്രാണികള്‍ക്കും, പുഴുക്കള്‍ക്കുമെല്ലാം എവിടെ നിന്നാണ് ആഹാരം ലഭിക്കുന്നത്?ചിത്രത്തിന്റെ സഹായത്തോടെ ഒരു ചാര്‍ട്ട് തയ്യാറാക്കാമോ?

സസ്യങ്ങളെ ഉല്പാദകര്‍ എന്നു വിളിക്കാന്‍ കാരണം?
ഹരിതസസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം നിര്‍മ്മിക്കുന്നു. സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സംഭരിച്ചു വയ്ക്കുന്നു. ജന്തുക്കള്‍ ഈ സസ്യഭാഗങ്ങള്‍ ആഹാരമാക്കുന്നു. സസ്യങ്ങള്‍ക്കു മാത്രമാണ് സ്വയം ആഹാരം നിര്‍മ്മിക്കാന്‍ കഴിയുന്നത്. അതിനാല്‍ സസ്യങ്ങളെ ഉല്പാദകര്‍ എന്നു വിളിക്കുന്നു.
ജന്തുക്കളെ ഉപഭോക്താക്കള്‍ എന്നു പറയാന്‍ കാരണം?
എല്ലാ ജന്തുക്കളും ആഹാരത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ട് ജന്തുക്കളെ ഉപഭോക്താക്കള്‍ എന്നു വിളിക്കുന്നു.
സസ്യങ്ങള്‍ക്ക് ആഹാരം നിര്‍മ്മിക്കാനും, വളരാനും ചില പോഷകഘടകങ്ങള്‍ ആവശ്യമാണ്. ഇവ എല്ലാക്കാലത്തും മണ്ണില്‍ ഉണ്ടാകുന്നത് എങ്ങനെയാണ്? മണ്ണില്‍ വീണു കിടക്കുന്ന ഇലകള്‍ പരിശോധിച്ച് കണ്ടെത്തലുകള്‍ എഴുതുക?

ഇല  ഇലയ്ക്ക് സംഭവിച്ച മാറ്റം 
അടുത്തയിടെ  മണ്ണില്‍ വീണ ഇല  ഇല വാടിത്തുടങ്ങുന്നു
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മണ്ണില്‍ വീണ ഇല  ഇലയുടെ ഭാഗങ്ങള്‍ ജീര്‍ണ്ണിച്ചു കിടക്കുന്നു
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മണ്ണില്‍ വീണ ഇല  ഇല പൂര്‍ണമായി ദ്രവിച്ച് മണ്ണിലലിയുന്നു

ജീവികളുടെ ശരീരാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളാണ്. ഇവയെ വിഘാടകര്‍ എന്നു പറയുന്നു. മണ്ണില്‍ വീഴുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ചു മണ്ണിനോട് ചേരുന്നു. സസ്യങ്ങള്‍ക്ക് ആഹാരം നിര്‍മ്മിക്കാനും വളരാനും ഇത് സഹായിക്കുന്നു.

സസ്യങ്ങളും, ജന്തുക്കളും നശിക്കുമ്പോള്‍ അവയുടെ ശരീരഭാഗങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു?
സസ്യങ്ങളും, ജന്തുക്കളും നശിക്കുമ്പോള്‍ അവയുടെ ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിച്ചു മണ്ണില്‍ ലയിക്കുന്നു. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനമാണ് വിഘടനത്തിനു കാരണം.

 

  • സസ്യങ്ങളെ പ്രാണികളോ മറ്റ് ജീവികളോ ആഹാരമാക്കുന്നു. അല്ലെങ്കില്‍ സസ്യങ്ങള്‍ വിഘടിക്കുന്നു.

  • പ്രാണികളെ പല്ലി, പൂച്ച ഇവ ഭക്ഷണമാക്കുന്നു. പല്ലി പോലെയുള്ള ജീവികളെ കുറച്ചു കൂടി വലിയ ജീവികള്‍ ആഹാരമാക്കുന്നു.
    ആഹാരശൃംഖലയിലെ ഏത് കണ്ണിയും വിഘാടകരുടെ പ്രവര്‍ത്തനത്തിന് വിധേയരാകുന്നു.

ജന്തുക്കളുടെ മൃതശരീരങ്ങളും സസ്യാവശിഷ്ടങ്ങളും ജീര്‍ണിക്കാതെ മണ്ണില്‍ത്തന്നെ കിടക്കുന്നുവെങ്കില്‍ എന്താവും സംഭവിക്കുക?

  • ജന്തുക്കളുടെ മൃതശരീരങ്ങളും, സസ്യാവശിഷ്ടങ്ങളും ജീര്‍ണിക്കാതെ മണ്ണിലും, വെള്ളത്തിലും കിടക്കും. വിഘാടകര്‍ ഇല്ലാത്തതാണ് കാരണം.
  • മണ്ണും, വെള്ളവും മലിനമാകുന്നു. ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥവരും.
  • മൃതശരീരങ്ങളും, സസ്യാവശിഷ്ടങ്ങളും കൊണ്ട് ഭൂമി നിറയും.
  • മൃതശരീരങ്ങള്‍ ജീര്‍ണിച്ചാല്‍ മാത്രമേ അവയിലുള്ള വസ്തുക്കളെ ഉല്പാദകരായ ഹരിതസസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ.
  • വിഘാടകര്‍ ഇത്തരം അവശിഷ്ടങ്ങളെ ജീര്‍ണ്ണിപ്പിക്കുന്നില്ലെങ്കില്‍ അവ കുമിഞ്ഞു കൂടി പരസരമലിനീകരണത്തിനും,അതുവഴി പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

രാസകീടനാശിനിയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം കൃഷിക്ക് ഭീഷണിയായത് എങ്ങനെ?
രാസകീടനാശിനി നിയന്ത്രണമില്ലാതെ പ്രയോഗിച്ചതോടെ ചെറുമത്സ്യങ്ങള്‍, തവളകള്‍, ഞവണിക്ക, ഞണ്ട്, നീര്‍ക്കോലി തുടങ്ങിയ ജീവികള്‍ വയലില്‍ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. മത്സ്യങ്ങളും, തവളകളും കുറഞ്ഞതോടെ കീടങ്ങളും, കൊതുകുകളും ക്രമാതീതമായി പെരുകി. ഇത് കൃഷിക്കു ഭീഷണിയായി. മനുഷ്യന്റെ ഇടപെടലുകള്‍ മറ്റു ജീവികളുടെ നിലനില്‍പ്‌ ഇല്ലാതാക്കുന്നു.

Powered By