Back to home

Topics

മഴ കൂടുതലും കുറവും ലഭിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും മനസ്സിലാക്കി അവ ഏതു സംസ്ഥാനങ്ങളാണെന്ന് തിരിച്ച് പട്ടികയാക്കുക.

ഇന്ത്യ വാര്‍ഷിക വര്‍ഷപാതം

200 സെ.മീ. മുകളില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ 

100-200 സെ.മീ. ഇടയില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ 60-100 ഇടയില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ 60 സെ.മീ. താഴെ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍
അരുണാചല്‍പ്രദേശ്‌  ഉത്തര്‍പ്രദേശ്  തമിഴ് നാട്  രാജസ്ഥാന്‍ 
ആസാം  ബീഹാര്‍  കര്‍ണാടകം  ഗുജറാത്ത്‌ 
മേഘാലയ  ഝാര്‍ഖണ്ഡ്   ആന്ധ്രാപ്രദേശ്‌ ജമ്മു 
ത്രിപുര  പശ്ചിമബംഗാള്‍  മഹാരാഷ്ട്ര  മഹാരാഷ്ട്ര 
മിസോറാം  ഒറീസ  മദ്ധ്യപ്രദേശ്‌ കര്‍ണാടക 
ഹിമാചല്‍ പ്രദേശ്‌  ഛത്തീസ്‌ഗഡ്  ഉത്തര്‍പ്രദേശ്   
ഉത്തരാഖണ്ഡ്  മദ്ധ്യപ്രദേശ്‌  പഞ്ചാബ്‌   
കേരളം  ആന്ധ്രാപ്രദേശ്‌  ജമ്മുകാശ്മീര്‍   
കര്‍ണ്ണാടകം  തമിഴ് നാട്‌  ഹിമാചല്‍പ്രദേശ്‌   
മഹാരാഷ്ട്ര  കേരളം     
  കര്‍ണാടക     
  മഹാരാഷ്ട്ര     


മഴവെള്ള ലഭ്യതയില്‍ കുറവ് വരാനുണ്ടായ കാരണങ്ങള്‍ കണ്ടെത്താമോ?

  • വനനശീകരണം.
  • വര്‍ദ്ധിച്ച ജനസംഖ്യാനിരക്ക്.
  • കുളങ്ങള്‍, തോടുകള്‍, വയലുകള്‍ എന്നിവ നികത്തുന്നതുമൂലം മഴവെള്ളം സംഭരിക്കപ്പെടാതെ ഒലിച്ചു പോകുന്നു.
  • മഴവെള്ളം ഭൂമിയില്‍ തങ്ങാനുള്ള അവസരം ഇല്ലാതാക്കുന്നു. (ഉദാ: വീടിനുചുറ്റും ടൈല്‍സ്, കോണ്‍ക്രീറ്റ്  മുതലായവ നിര്‍മ്മിക്കുന്നത്).
  • ജലമലിനീകരണം.
  • മഴവെള്ളം സംഭരിക്കുന്നതിലുള്ള അപര്യാപ്തത.
  • ഫ്ലാറ്റുകളുടേയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടേയും ആധിക്യം മൂലം മഴവെള്ളം ഭൂമിയില്‍ തങ്ങാതെ ഒലിച്ചു പോകുന്നു.

മഴയ്ക്ക്‌ മുന്നോടിയായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വീടുകള്‍ കെട്ടി മേയുന്നു.
  • കുളങ്ങളും, കിണറുകളും വൃത്തിയാക്കുന്നു.
  • കൃഷിയിടങ്ങളില്‍ തടമെടുക്കുന്നു.
  • വീടും, പരിസരവും വൃത്തിയാക്കുന്നു.
  • കനാലുകളുടെയും, അഴുക്കുചാലുകളുടെയും തടസ്സം നീക്കുന്നു.
  • വിറക് ശേഖരിക്കുന്നു.
  • വിളവെടുപ്പ്‌ നടത്താനുണ്ടെങ്കില്‍ യഥാസമയം ചെയ്യുന്നു.
  • ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ യഥാവിധി ഉണക്കി സംരക്ഷിക്കുന്നു.
  • വൃക്ഷങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നു. (ഇതുമൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് വേണ്ടി)
  • റോഡുകള്‍ വൃത്തിയാക്കുന്നു (പൊതുനിരത്തുകളില്‍ ടാര്‍ പണി ചെയ്യുന്നു)

ഒരു വര്‍ഷം മുഴുവന്‍ വെള്ളം ലഭിക്കാന്‍ നമുക്ക് എന്തെല്ലാം വഴികളുണ്ട്?

  • ഡാമുകള്‍കെട്ടി വെള്ളം സംഭരിക്കാം
  • നീര്‍ക്കുഴികളുണ്ടാക്കാം
  • ഭൂമിയുടെ ചരിവിനു കുറുകെ ചാലുകള്‍ നിര്‍മ്മിക്കാം

'മഴയെ മണ്ണിലുറപ്പിക്കൂ' എന്ന പാഠഭാഗത്തിലെ ഈ കുറിപ്പില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കുന്ന ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് എഴുതുക?

  • ഭൂഗര്‍ഭജലത്തോത് കൂട്ടാന്‍ പുഴകളിലും മറ്റും തടയണകള്‍ നിര്‍മ്മിക്കുക. ഇതുവഴി പുഴകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളത്തെ മണ്ണിനടിയിലേയ്ക്ക് താഴ്ത്തിവിടാനുള്ള മാര്‍ഗ്ഗമാണിത്. പുഴയ്ക്ക് കുറുകെ കല്ലു കെട്ടിയാണ് വെള്ളം തടഞ്ഞു നിര്‍ത്തുന്നത്. ഇങ്ങനെ ഇടവിട്ട് തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ ഫലമായി ഒഴുക്കിന്റെ വേഗത കുറയുകയും മണ്ണിലേയ്ക്ക് താഴാന്‍ വെള്ളത്തിന്‌ സാവകാശം കിട്ടുകയും ചെയ്യുന്നു. ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാനും ഈ രീതി സഹായിക്കുന്നു.

  • മരങ്ങള്‍ വച്ചു പിടിപ്പിക്കല്‍ - ഇടതൂര്‍ന്ന വനങ്ങള്‍ക്ക് മഴവെള്ളം ശക്തിയായി ഒലിച്ചുപോകുന്നത് തടയാനാകും. ഇടനാടുകളിലും തീരപ്രദേശങ്ങളിലും പന്തലിച്ചു വളരുന്ന മരങ്ങള്‍ മഴയുടെ ആഘാതം കുറച്ചു മഴയെ മണ്ണിലേയ്ക്കിറക്കിവിടാന്‍ സഹായിക്കും. ഇങ്ങനെ മഴവെള്ളത്തെ  ഭൂഗര്‍ഭജലമാക്കി സംഭരിക്കാന്‍ കഴിയും.

  • അനാവശ്യമായി മരങ്ങള്‍ വെട്ടിനശിപ്പിക്കാതിരിക്കുക.

  • മഴവെള്ള സംഭരണത്തിനായി മഴക്കുഴികള്‍ നിര്‍മ്മിക്കുക.

  • തോടുകളും, കുളങ്ങളും മലിനമാക്കാതിരിക്കുക.

  • ജലാശയങ്ങളില്‍ മാലിന്യം നിറയാതിരിക്കുവാന്‍ വേണ്ട മാലിന്യചാലുകള്‍ നിര്‍മ്മിക്കുക.

  • ഉപയോഗിച്ച ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക.

  • കുന്നിന്‍ ചരിവുകളെ തട്ടുകളാക്കി സംരക്ഷിക്കുക.

  • നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ തടയുക.

  • നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനായി നദിയുടെ ഇരുവശങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിക്കുക.

  • അനിയന്ത്രിതമായും, അനാവശ്യവുമായും ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് തടയുക (കുഴല്‍ക്കിണര്‍.

  • നീര്‍ത്തട നിര്‍മ്മാണത്തോടൊപ്പം നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്താതിരിക്കുക.

  • പടുകൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പരിമിതപ്പെടുത്തുക (ഫ്ലാറ്റ് നിര്‍മ്മാണം).

  • വീടിനു ചുറ്റും കോണ്‍ക്രീറ്റും ടൈല്‍സും പാകി മഴവെള്ളം ഒഴുക്കി കളയാതിരിക്കുക.

മരങ്ങളുടേയും, വനങ്ങളുടെയും സാന്നിധ്യം മനുഷ്യര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുന്നു?

  • പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നു.
  • മണ്ണൊലിപ്പ് തടയുന്നു.
  • ഔഷധങ്ങള്‍, ഫര്‍ണീച്ചറുകള്‍, ഫലങ്ങള്‍ എന്നീ പല തരത്തിലുള്ള വിഭവങ്ങള്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം ലഭ്യമാകുന്നു.
  • പക്ഷിമൃഗാദികളുടെ സംരക്ഷണം
  • ജലദൗര്‍ലഭ്യം തടയുന്നു
  • സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു

വിവിധ ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഏവ?

  • മഴവെള്ള സംഭരണം
  • മഴക്കുഴി നിര്‍മ്മാണം
  • കുളങ്ങളും വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കല്‍
  • പുനരുപയോഗവും പുനര്‍ചംക്രമണവും
  • ജലമലിനീകരണ തോത് കുറയ്ക്കല്‍
  • വനനശീകരണം തടയുക
  • മരങ്ങള്‍ വച്ചുപിടിപ്പിക്കുക

മലിനീകരണ നിയന്ത്രണം സംബന്ധിച്ച പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി രണ്ടു പ്രമുഖ വ്യവസായ ശാലകളെക്കുറിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് ചുവടെ കൊടുത്തിരിക്കുന്നു.

വ്യവസായശാല - A

മലിനീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനം ഭാഗികമാണ്. അവശിഷ്ടങ്ങള്‍ പുഴകളില്‍ എത്തുന്നു. പുകക്കുഴല്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണത്തിന് സംവിധാനമുണ്ട്.ഉത്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മെച്ചം. ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നില്ല. ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില.


വ്യവസായശാല - B

അവശിഷ്ടങ്ങള്‍ പുഴകളില്‍ എത്തുന്നു. പുകക്കുഴലുകള്‍ ഉയരത്തിലല്ല. ഉത്പന്നങ്ങള്‍ ഗുണനിലവാരം പുലര്‍ത്തുന്നു. ചെവി അടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നു. പുറത്തേയ്ക്ക് ഒഴുകുന്ന മലിനജലത്തില്‍ രാസവസ്തുക്കളുടെ അളവ് കൂടുതല്‍. മലിനീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമല്ല. ഇതില്‍ ഒരു കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഏതു കമ്പനിയുടെ പ്രവര്‍ത്തനം ആയിരിക്കാം നിര്‍ത്തിവയ്ക്കേണ്ടി വന്നത്? എന്തുകൊണ്ട്?

രണ്ടാമത്തെ വ്യവസായശാലയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്ക്കാന്‍ സമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതിനുകാരണം, രണ്ടു വ്യവസായശാലകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമത്തെ കമ്പനി പൂര്‍ണമല്ലെങ്കിലും പരമാവധി മലിനീകരണ നിയന്ത്രണം പാലിച്ചിട്ടുണ്ട്. വ്യവസായശാലയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് ഭാഗികമായിട്ടെങ്കിലും പ്രവര്‍ത്തിക്കുന്നു. അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കുന്നില്ല. വായു മലിനീകരണം കുറയ്ക്കുന്നതിനായി പുകക്കുഴലുകള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പരിസ്ഥിതിക്ക്  നാശം വരുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവയ്ക്കൊക്കെ പണം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടിയ (ഉയര്‍ന്ന) വിലയ്ക്കാണ് വില്‍ക്കാന്‍ കഴിയുന്നത്. എന്നാല്‍ രണ്ടാമത്തെ വ്യവസായശാല യാതൊരു മലിനീകരണ നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. വായു, ജലം, ശബ്ദമലിനീകരണം യഥേഷ്ടം തുടരുന്നു. അതുകൊണ്ടുതന്നെ വലിയ ഉത്പാദന ചെലവും ഇല്ല. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കുന്നു. എന്നാല്‍ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ വ്യവസായശാല Bയുടെ പ്രവര്‍ത്തനം നിറുത്തി വയ്ക്കുന്നതിനാണ് സമിതി നിര്‍ദ്ദേശിക്കുന്നത്.
നമ്മുടെ നാടിന്റെ വികസനത്തിന്‌ അനിവാര്യമാണല്ലോ അണക്കെട്ടുകള്‍, ഇവ എങ്ങനെയാണ് നദികളെ ബാധിക്കുന്നത്?
നദികള്‍ നാടിന്റെ സമ്പത്താണ്‌. കേരളത്തില്‍ വലുതും ചെറുതുമായ 44 നദികളാണ് ഉള്ളത്. കുടിവെള്ളം, കൃഷി, വ്യവസായം, ഗതാഗതം, മത്സ്യബന്ധനം, ഊര്‍ജ്ജ ഉത്പാദനം എന്നിവയ്ക്കെല്ലാം നമ്മള്‍ ആശ്രയിക്കുന്നത് നദികളെയാണ്. മനുഷ്യന്റെ തെറ്റായ രീതിയിലുള്ള ഇടപെടല്‍ കാരണം നദികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

  • മനുഷ്യന്‍ നദിയില്‍ നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിന്റെ സ്വാഭാവികമായ നീരൊഴുക്കിനെ ബാധിക്കുകയും ക്രമേണ നദിയുടെ നാശത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.

  • അണക്കെട്ടുകള്‍ അനിവാര്യമാണെങ്കിലും നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നു.

  • തുടര്‍ന്നുള്ള നദിയുടെ ഒഴുക്കിനെയും നദി വഹിച്ചു കൊണ്ടു വരുന്ന മണല്‍ തുടങ്ങിയ അവസാദങ്ങളെ തടയുകയും ചെയ്യുന്നു. അതിനെത്തുടര്‍ന്ന് നദികളുടെ പ്രവാഹം നിലച്ച് നദികള്‍ മരിച്ചു പോയേക്കാം.

  • ഭാരതപ്പുഴപോലെ കേരളത്തിലെ പല നദികളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

  • മണലൂറ്റ് നദികളുടെ കര ഇടിയുന്നതിനും, ജലസംഭരണശേഷിയുള്ള അടിത്തട്ടിനും മണല്‍ത്തിട്ടയുടെ നാശത്തിനും വഴിതെളിയിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കരമണ്ണ് നിറഞ്ഞു നദിയുടെ ആഴം കുറഞ്ഞ് കാടും മേടും ഉടലെടുത്ത് നദി മരിക്കുന്നതിന് കാരണമാകുന്നു.

നദികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധസംഘത്തിന്റെ കണ്ടെത്തലുകളില്‍ ചിലത് ചുവടെ കൊടുക്കുന്നു.

  • അണക്കെട്ടുകളുടെ നിര്‍മ്മാണം
  • മണലൂറ്റല്‍
  • വനനശീകരണം
  • കുന്നിടിയ്ക്കല്‍
  • മലിനീകരണം
  • നദീതീരങ്ങളിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ.

ഈ പ്രവര്‍ത്തനങ്ങള്‍ നദികളെ ബാധിക്കുന്നത് എങ്ങനെയാണ്? ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ നദികളെ സംരക്ഷിക്കാം?

  • നദികളുടെ നാശത്തിനു ഏറ്റവും വലിയ പങ്കുവഹിക്കുന്നത് വനനശീകരണവും കുന്നിടിച്ചിലുമാണ്. അമിതമായ വനനശീകരണം നീരുറവകളുടെ രൂപീകരണത്തിന് തടസ്സമാകുകയും, നദിയിലേക്കുള്ള ജലപ്രവാഹത്തിന്റെ അളവിനെ ബാധിക്കുകയും ചെയ്യുന്നു. ഓരോ നദിയ്ക്കും സ്വാഭാവികമായ നീര്‍മറി പ്രദേശങ്ങള്‍ അനിവാര്യമാണ്. അവയുടെ നാശം നദികളുടെ നാശത്തിനു വഴിയൊരുക്കുന്നു.

  • മലിനീകരണമാണ് നദികളുടെ മറ്റൊരു പ്രധാന പ്രശ്നം. വ്യവസായശാലകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി വന്‍തോതിലുള്ള മാലിന്യങ്ങള്‍, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, ഡ്രൈയിനേജ് എന്നിവ നിക്ഷേപിക്കുന്നത് നദികളിലാണ്. മലിനീകരണത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കാത്ത ഒരു നദിയും കേരളത്തിലില്ല. ഇത് ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

  • നദീതീരങ്ങളിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മഴക്കാലത്ത് ജലം ഉള്‍ക്കൊള്ളാനുള്ള നദികളുടെ കഴിവിനെ കുറയ്ക്കുകയും വെള്ളപ്പൊക്കത്തിനിടയാക്കുകയും മറ്റ് സമയങ്ങളില്‍ നദിയിലേക്കുള്ള നീരൊഴുക്കിനെ കുറയ്ക്കുകയും ചെയ്യുന്നു.

മാര്‍ഗ്ഗങ്ങള്‍ :-

  • നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
  • വനങ്ങളും കുന്നുകളും അടങ്ങിയ നദിയുടെ നീര്‍മറി പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടണം.
  • അനിയന്ത്രിതമായ മണല്‍ വാരല്‍ കര്‍ശനമായി തടയണം.
  • നദികളിലെ മലിനീകരണം നിയന്ത്രിക്കണം.
  • വനനശീകരണം തടയുകയും വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വേണം.

മണലില്ലെങ്കില്‍ എങ്ങനെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും അയ്യോ! മണല്‍വാരല്‍ അമിതമാകുന്നത് മണ്ണിടിച്ചിലിനും ക്രമേണ നദികള്‍ തന്നെ അപ്രത്യക്ഷമാകുന്നതിനും കാരണമാകും. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം നമ്മുടെ നാശത്തിനാകും വഴിതെളിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിക്ക് അത്യാവശ്യമല്ലേ. അതുകൊണ്ട് മണല്‍വാരല്‍ കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാര്യമാക്കേണ്ടതില്ല. മണല്‍വാരലുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചില്ലേ. നിങ്ങള്‍ ഏത് അഭിപ്രായത്തോടാണ് യോജിക്കുന്നത്. എന്തുകൊണ്ട്?
അമിതമായ മണല്‍വാരല്‍ നമ്മുടെ ജലസ്രോതസ്സിന്റെ നാശത്തിന് വഴി തെളിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ തിക്ത ഫലങ്ങള്‍ കേരളത്തിലെ എല്ലാ നദികളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രമേണ നീരുറവകളുടെ  ഉന്‍മൂലനാശത്തിനും കുടിവെള്ളം, കൃഷി തുടങ്ങിയ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളെയും ബാധിക്കും. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിക്കും വികസനത്തിനും അനിവാര്യമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വര്‍ഷത്തില്‍ ഓരോ നദിയില്‍ നിന്നും മിതമായ തോതില്‍ മണല്‍ എടുക്കാന്‍ കഴിയും എന്നാണ്. സാങ്കേതിക വിദഗ്ധരുടേയും ശാസ്ത്രജ്ഞരുടേയും സഹായത്തോടെ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ നദിയില്‍ നിന്നും എടുക്കാവുന്ന മണലിന്റെ അളവ് തീരുമാനിക്കാം. അത്രയും മാത്രം ഖനനം ചെയ്യുകയും ചെയ്യുക. അതുപോലെ മണലിനു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഓരോ നദിയില്‍ നിന്നും എടുക്കാവുന്ന മണല്‍ മാത്രമേ എടുക്കുന്നുള്ളൂ എന്ന് ഗവണ്‍മെന്റ് സംവിധാനം ഉറപ്പാക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റേയും സഹകരണവും ശ്രദ്ധയും വേണം
(വികസനം അനിവാര്യമാണ്, പക്ഷേ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം നിലനില്‍ക്കില്ല. അത് താല്‍ക്കാലികം മാത്രമാണ്).


Powered By