Back to home

Topics


 പാണ്ഡവരാജധാനിയിലേയ്ക്കു പോകുന്ന ദുര്യോധനാദികളുടെ ഒരുക്കങ്ങളേയും, ചമയങ്ങളേയും എങ്ങനെയാണ് കവി പ്രതിപാദിച്ചിരിക്കുന്നത്?
പാണ്ഡവരുടെ അടുത്തേയ്ക്കു പോകാന്‍  ദുര്യോധനന്‍ തന്റെ അനുജന്മാരെ ക്ഷണിച്ചു കൊണ്ടുവന്നു. വേഗത്തില്‍ വന്ന തൊണ്ണൂറ്റൊമ്പതുപേരും ഭോജനം കഴിച്ചതിനു ശേഷം ഭംഗിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. സുഗന്ധമേറിയ ചന്ദനം മേലാകെ പൂശുകയും, മനോഹരമായ തലമുടി ചീകി മിനുക്കി ഒതുക്കിയും, നെറ്റിയില്‍ കുറിതിലകങ്ങള്‍ ചാര്‍ത്തിയും, ഭംഗിയുള്ള കൈവളകളും, കാല്‍ത്തളകളും, അരഞ്ഞാണപതക്കങ്ങളും, മകുടവും, മണികുണ്ഡലങ്ങളും, മലര്‍മാലകളും എല്ലാം ധരിച്ച് എട്ടു ദിഗന്തങ്ങളും പൊട്ടുമാറ് കൊട്ടും വെടിയും തട്ടിമുഴക്കി ദുര്യോധനാദികള്‍ പാണ്ഡവരുടെ അടുത്തേക്കു പോയി.
 "വികടകീരിടം, വിദ്രുമഹാരം
          വികസിതസുരഭിലമലര്‍മാലകളും
          സകലമണിഞ്ഞു ഞെളിഞ്ഞു നടന്നാര്‍" ആശയക്കുറിപ്പെഴുതുക.
പാണ്ഡവരാജധാനിയിലേക്കു പോകാനുള്ള വെപ്രാളവും, ആവേശവും ദുര്യോധനില്‍ പ്രതിഫലിപ്പിക്കുകയാണ്‌ കുഞ്ചന്‍നമ്പ്യാര്‍ ഈ പാഠഭാഗത്ത്. അബദ്ധത്തില്‍ കീരിടം തിരിച്ചു തലയില്‍ വയ്ക്കുകയും, പവിഴം കൊണ്ടുള്ള മാലകള്‍  കഴുത്തിലണിയുകയും, കൂടുതല്‍ സുഗന്ധം പരത്തുന്ന പൂക്കള്‍  കൊണ്ടുള്ള മാലകള്‍ കഴുത്തിലണിയുകയും ചെയ്ത് ദുര്യോധനന്‍  ഞാന്‍ വലിയവനാണ്‌ എന്ന ഭാവത്തില്‍  ഞെളിഞ്ഞു നടക്കുകയാണ്.
 ദുര്യോധനാദികളുടെ ആഭരണങ്ങളേയും, ചമയക്കൂട്ടുകളേയും കൂടുതല്‍ വിശേഷണങ്ങള്‍  കൊടുത്ത് കുഞ്ചന്‍നമ്പ്യാര്‍ അവതരിപ്പിച്ചിരിക്കുന്നു. അര്‍ത്ഥം കണ്ടെത്തി ആശയം വിശദമാക്കുക.
പരിമളമേറിയ കളഭമിഴുക്കി അതായത്  സുഗന്ധമേറിയ ചന്ദനം ദേഹത്താകെ പൂശി, സുന്ദരമായ തലമുടി മാടി ഒതുക്കി, നെറ്റിയില്‍  കുറിതിലകങ്ങള്‍ ചാര്‍ത്തിയ ദുര്യോധനന്‍ അരയില്‍ അണിഞ്ഞിരിക്കുന്ന അരഞ്ഞാണത്തെ അരമണി, കുടമണി, തുടര്‍മണി എന്നിങ്ങനെയുള്ള മണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കഴുത്തിലണിഞ്ഞിരിക്കുന്ന മാലകള്‍  തന്നെ പലതാണ്. പവിഴം കൊണ്ടുള്ള മാലയും, മനോഹരമായ പട്ടുവസ്ത്രങ്ങളും ആണ് ദുര്യോധനന്‍ അണിഞ്ഞിരിക്കുന്നത്. ഇങ്ങനെ പലവിധമായി ദുര്യോധനാദികളുടെ ചമയങ്ങളെ കവി വിശദീകരിച്ചിരിക്കുന്നു.
 മഹാഭാരതകഥയില്‍ ദുര്യോധനാദികള്‍ക്ക് അമളി പറ്റിയ ഒരു കഥ പറയുന്നുണ്ട്. ദുര്യോധനന്റെ മനസ്സിലുണ്ടായ ആ വേദനയും, അമര്‍ഷവും ആണ് കുരുക്ഷേത്രയുദ്ധം ഉണ്ടാവാന്‍ ഒരു കാരണം. ദുര്യോധനനും കൂട്ടര്‍ക്കും സ്ഥലജലഭ്രമം ഉണ്ടായ കഥയാണ് അത്. വിശദീകരിക്കുക.
ധര്‍മ്മപുത്രരുടെ (യുധിഷ്ഠിരന്‍) രാജസൂയയജ്ഞം കഴിഞ്ഞതോടെ പാണ്ഡവരുടെ പ്രസിദ്ധി സര്‍വ്വത്ര പരന്നു. ഇതിനു മുന്‍മ്പ്‌ ഇത്രയും ഗംഭീരമായ ഒരു യജ്ഞം ആരും നടത്തിയിട്ടില്ല. യാഗാചാര്യന്മാര്‍ക്കും, മഹര്‍ഷിമാര്‍ക്കും ധാരാളം ദാനങ്ങളും, ദക്ഷിണയും നല്‍കി. പാണ്ഡവര്‍ അതിഥികളോടും, ബന്ധുമിത്രാദികളോടും യാത്ര പറഞ്ഞ് യജ്ഞം അവസാനിപ്പിച്ചു. ദുര്യോധനനും, അനുജന്‍മാരും, അമ്മാവനായ ശകുനിയും മറ്റും ഏതാനും ദിവസം കൂടി യുധിഷ്ഠിരന്റെ കൂടെ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കാന്‍  തീരുമാനിച്ചു. മയന്‍ നിര്‍മ്മിച്ച ഇന്ദ്രപ്രസ്ഥത്തിന്റെ ഭംഗിയും, പാണ്ഡവരുടെ പദവിയും കണ്ടപ്പോള്‍  ദുര്യോധനന്റെ മനസ്സില്‍  അസൂയ വളര്‍ന്നു. തനിക്കില്ലാത്ത കീര്‍ത്തിയും, സമൃദ്ധിയും പാണ്ഡവര്‍ക്കുള്ളത് ദുര്യോധനനെ വല്ലാതെ വിവശനാക്കി.
ഒരു ദിവസം ദുര്യോധനാദികള്‍ പാണ്ഡവരുടെ പുതിയ കൊട്ടാരം കാണാന്‍ പുറപ്പെട്ടു. സന്ദര്‍ശനവേളയില്‍  സ്ഥലജലഭ്രമം മൂലം അവര്‍ക്കു പറ്റിയ അമളി രസകരമായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വെള്ളമുണ്ടെന്ന് തോന്നും. ഉടന്‍ എല്ലാവരും ചെരുപ്പുകള്‍ ഊരിപ്പിടിച്ച് വസ്ത്രങ്ങള്‍  പൊക്കിപ്പിടിച്ചു നടക്കും. അതുകണ്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുകയും, പരിഹസിക്കുകയും ചെയ്യുമ്പോഴാണ് വാസ്തവം അറിയുന്നത്. അവിടെ വെള്ളമില്ലെന്നും, നല്ല മനസ്സുള്ള കൊട്ടാരം കാഴ്ചക്കാര്‍ക്കു മാത്രമേ ഇതില്‍  നിന്നും രക്ഷപ്പെടാന്‍  കഴിയുള്ളൂ എന്നും. അതാണ് കൊട്ടാരം നിര്‍മ്മിച്ച മയന്റെ മായാവൈഭവം. ദുര്യോധനന്‍ വെള്ളത്തില്‍  വീഴുന്നതും, മുങ്ങുന്നതും, വീര്‍പ്പുമുട്ടുന്നതും, വെള്ളമില്ലാത്തിടത്ത് വാ തുറന്ന് വെള്ളം കുടിക്കുന്നതുപോലെ കാണിക്കുന്നതും കണ്ടപ്പോള്‍ പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു. ആ ചിരിയോടൊപ്പം പാണ്ഡവരുടെ പരിഹാസവും കൂടിയായപ്പോള്‍ ദുര്യോധനുണ്ടായ നാണക്കേട്‌ വളരെ വലുതായിരുന്നു. കോപത്തോടെ തലയും കുനിച്ച് ദുര്യോധനനും, അനുജന്‍മാരും ഹസ്തിനപുരത്തേയ്ക്ക് യാത്രയായി. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കണം എന്ന ചിന്ത ദുര്യോധനന്റെ മനസ്സില്‍ ഉടലെടുത്തു. അത് കുരുക്ഷേത്രയുദ്ധത്തിനു കാരണമാവുകയും ചെയ്തു.
 ബാഹ്യമോടികളെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍  കണ്ടെത്തുക. അവയുടെ ആശയം വിശദമാക്കുക.

  • "വെളുക്കാന്‍  തേച്ചത് പാണ്ടായി "
    ഗുണത്തിന് ചെയ്തത് ദോഷമായി എന്നാണ് ഈ ചൊല്ലിലൂടെ അര്‍ത്ഥമാക്കുന്നത്.
  • "കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ല "
    കൂടുതല്‍ ഭംഗി വരുത്തി വരുത്തി ആ വസ്തുവിനെ തന്നെ ഇല്ലാതാക്കുക. ആവശ്യത്തില്‍ കൂടുതല്‍  ഭംഗി വരുത്തുന്നത് നന്നല്ല എന്നാണ് ഈ ചൊല്ല് നമ്മെ പഠിപ്പിക്കുന്നത്.
  • "പൊന്നുംകുടത്തിന് പൊട്ട് വേണ്ട "
    ജന്മനാ തന്നെ സുന്ദരമായ ഒരു വസ്തുവിനെ കൃത്രിമവസ്തുക്കള്‍  കൊണ്ട് മോടി പിടിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് ഈ ചൊല്ലിന്റെ സാരം.

 കുഞ്ചന്‍നമ്പ്യാരുടെ ചില ഫലിതങ്ങള്‍ കണ്ടെത്തി എഴുതുക.

Paid Users Only!
Paid Users Only!
Paid Users Only!
Powered By