Back to home

Topics

നമുക്ക് ചുറ്റുമുള്ള പ്രകൃതി നമ്മുടെ തന്നെ ഭാഗമാണ്. വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികള്‍ക്കു നിലനില്‍ക്കാനാവില്ല. സസ്യ- ജന്തുജാലങ്ങള്‍ അടങ്ങിയ പരിസ്ഥിതിയില്‍ ജീവന്റെ നിലനില്‍പ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും. പരിസ്ഥിതിസംരക്ഷണവും, മാലിന്യനിര്‍മ്മാര്‍ജ്ജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ്. അതിനാല്‍ പ്രകൃതിയിലെ ജീവികളടക്കം എല്ലാ വിഭവങ്ങളെയും ഉപയോഗപ്പെടുത്തുന്നതിനപ്പുറം സംരക്ഷിക്കുന്നതിനും നാം ഓരോരുത്തരും തയ്യാറാവേണ്ടതാണ്. ആവാസവ്യവസ്ഥകളുടെ പരസ്പരബന്ധത്തെക്കുറിച്ചും നമ്മുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അതുവഴി സുസ്ഥിരവികസനം സാധ്യമാക്കുന്നതിനെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ നിന്ന് മനസ്സിലാക്കാം.
പുതിയ ആശയങ്ങള്‍

  • വന്യജീവിസംരക്ഷണവും,പരിപാലനവും
  • വിവിധ ജീവികളുടെ ആവാസവ്യവസ്ഥകള്‍
  • ജൈവവൈവിദ്ധ്യം
  • ആവാസവ്യവസ്ഥാ സേവനങ്ങള്‍

ജീവമണ്ഡലത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പില്‍ ആവാസവ്യവസ്ഥകള്‍ക്കു പങ്കുണ്ടോ? കണ്ടെത്തുക.
ജീവമണ്ഡലത്തിന്റെ അടിസ്ഥാനഘടകമാണ് ആവാസവ്യവസ്ഥ (Ecosystem). ആവാസവ്യവസ്ഥയിലെ അടിസ്ഥാനവസ്തുക്കളാണ്  വായുവും, ജലവും. ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഇവയ്ക്ക് വളരെയേറെ പങ്കുണ്ട്. ഇവയുടെ അഭാവം മൂലം ആവാസവ്യവസ്ഥയ്ക്ക് ഉലച്ചില്‍ തട്ടുന്നു. ഇങ്ങനെ ജീവമണ്ഡലത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പില്‍  ആവാസവ്യവസ്ഥകള്‍ക്കു പ്രത്യേക പങ്കുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ആഹാരശൃംഖലാ ജാലികയുടെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ.

  • ആഹാരശൃംഖലാ ജാലികയില്‍ നിന്ന് ഏതെങ്കിലും ഒരു ജീവി നീക്കം ചെയ്യപ്പെട്ടാല്‍ അത് മറ്റ് ജീവികളെ എങ്ങനെ ബാധിക്കും?
  • ആഹാരശൃംഖലാ ജാലികയുടെ സങ്കീര്‍ണ്ണതയെ ഇത് എങ്ങനെ ബാധിക്കും?

ഓരോ ആവാസവ്യവസ്ഥയെയും ശക്തമാക്കുന്നതില്‍ ആഹാരശൃംഖലാജാലിക സഹായകമാകുന്നതെങ്ങനെ?

ഒരു ആവാസവ്യവസ്ഥയിലും വേര്‍പെട്ട ഒരു ഭക്ഷ്യശൃംഖല ഉണ്ടാകുന്നില്ല. ഒരേ വര്‍ഗ്ഗത്തിലുള്ള സസ്യമോ, ജന്തുവോ മറ്റു പല വര്‍ഗ്ഗത്തിലുള്ള ജന്തുക്കളുടേയും ഭക്ഷണമാണ്. ആവാസവ്യവസ്ഥയിലെ ജീവജാലങ്ങള്‍ പരസ്പരം തിന്നും, തിന്നപ്പെട്ടും ഒരു വലയിലെ കണ്ണികള്‍ പോലെ ആഹാരബന്ധങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ സങ്കീര്‍ണ്ണത ആവാസവ്യവസ്ഥയെ ശക്തമാക്കുന്നു.
ജൈവവൈവിദ്ധ്യം (Biodiversity) എന്നാലെന്ത്?
ഭൂമിയില്‍ ഏകദേശം 125 ലക്ഷത്തില്‍പ്പരം ജീവിവര്‍ഗ്ഗങ്ങള്‍ അധിവസിക്കുന്നുണ്ട്. സസ്യങ്ങളും, ജന്തുക്കളും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. ഭൂമിയില്‍ വിവിധങ്ങളായ സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മജീവികളും ചേര്‍ന്ന ജൈവസമ്പന്നതയാണ് ജൈവവൈവിദ്ധ്യം (Biodiversity) എന്നറിയപ്പെടുന്നത്. ജീവിവര്‍ഗ്ഗങ്ങള്‍, ആവാസവ്യവസ്ഥകള്‍, ജനിതകഘടന എന്നിങ്ങനെയുള്ള മൂന്നു വ്യത്യസ്ത മേഖലകളിലുള്ള വൈവിദ്ധ്യമാണ് ജൈവവൈവിദ്ധ്യത്തിനു കാരണമായിട്ടുള്ളത്.
ജൈവവൈവിദ്ധ്യ ശോഷണത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തുക.

കാര്‍ഷികമേഖലയില്‍ വന്ന മാറ്റം

ജീവിതശൈലിയില്‍ വന്ന മാറ്റം

ജനപ്പെരുപ്പം

കാലാവസ്ഥാവ്യതിയാനം

ഇരപിടുത്തം

പരാദനം

വനനശീകരണം

കുന്നിടിക്കല്‍

വയല്‍ നികത്തല്‍

നദികള്‍ മലിനമാകുന്നത്

അമിതമായ പ്രകൃതിവിഭവചൂഷണം

മാരകരോഗങ്ങള്‍

വിദേശ ഉല്‍പ്പന്നങ്ങളുടെ കടന്നു വരവ്

പ്ലാസ്റ്റിക്കിന്റെ ഉപയോഗം

  ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?
ഭൂമിയിലെ വിവിധ സസ്യങ്ങളും, മൃഗങ്ങളും, സൂക്ഷ്മജീവികളും കൂടിച്ചേര്‍ന്ന ജൈവസമ്പന്നതയാണ് ജൈവവൈവിധ്യം. വനനശീകരണം, വേട്ടയാടല്‍, പരിസ്ഥിതിമലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇതിന് ശോഷണം നേരിട്ടു കൊണ്ടിരിക്കുന്നു.

ജീവികള്‍ക്ക് സംരക്ഷണം ഉറപ്പ് ചെയ്ത് അവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുക.‌
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീനുകളും ലിംഗകോശങ്ങളും ശീതീകരിച്ച് സംഭരിക്കുക.
ആവാസവ്യവസ്ഥകളെയും അവയിലുള്‍പ്പെട്ടിട്ടുള്ള ജീവജാലങ്ങളെയും മനുഷ്യന്റെ വിവേകശൂന്യമായ ഇടപെടലുകളില്ലാതെ അതേപടി നിലനിര്‍ത്തുക.

ആവാസവ്യവസ്ഥാ സേവനങ്ങള്‍ (Ecosystem Services) എന്തൊക്കെയാണ്?


അന്തരീക്ഷത്തിലെ വാതക അനുപാതം നിലനിര്‍ത്തല്‍

കാലാവസ്ഥാനിയന്ത്രണം

ജൈവീക കീടനിയന്ത്രണം

സസ്യങ്ങളിലൂടെ പരാഗണം

മണ്ണ് സംരക്ഷണം

എന്താണ് സുസ്ഥിരവികസനം (Sustainable Development) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും, പാരിസ്ഥിതിക ആഘാതങ്ങള്‍ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിരവികസനം (Sustainable development) എന്ന് പറയുന്നത്. വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താന്‍ സാധിക്കും എന്ന് ഉറപ്പു വരുത്തുന്നു. ഭാവിതലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിരവികസനം.
'ആവാസവ്യവസ്ഥയുടെ സന്തുലനം'. ഒരു വിവരണക്കുറിപ്പെഴുതുക.


സസ്യങ്ങളും, ജന്തുക്കളും വളരുന്നതു പോലെ ആവാസവ്യവസ്ഥയും വളരുകയും, മാറുകയും ചെയ്യുന്നു. ബാഹ്യഘടകങ്ങളുടെ സ്വാധീനം ഇല്ലാത്ത പക്ഷം ഒരു ആവാസവ്യവസ്ഥ വളര്‍ന്ന് കൂടുതല്‍ വികാസം പ്രാപിക്കുവാന്‍ സാധ്യമല്ലാത്ത പക്വമായ ഒരവസ്ഥയില്‍ എത്തിച്ചേരുന്നു. ഇങ്ങനെ വളര്‍ച്ച മുറ്റിയ ഒരു ആവാസവ്യവസ്ഥ സന്തുലിത ആവാസവ്യവസ്ഥ എന്നറിയപ്പെടുന്നു. കുറ്റിക്കാടുകള്‍ മുയലുകളുടെ ജീവിതത്തിന് ആവശ്യമാണ്. മുയലുകളുണ്ടെങ്കിലേ ചെന്നായ്ക്കള്‍ക്ക് കഴിയാനും, ചെന്നായ്ക്കള്‍ വഴി  സിംഹങ്ങള്‍ക്കും കഴിയാനുമാവൂ. ഇങ്ങനെ ആഹാരശൃംഖലകള്‍ തമ്മില്‍ മാറ്റി മറിയ്ക്കാനാവാത്ത പരസ്പരബന്ധമുണ്ട്. ഈ ആഹാരബന്ധം അനുസ്യൂതം നിലനിന്നാല്‍ മാത്രമേ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ കഴിയാന്‍ പറ്റൂ. ഇങ്ങനെ ആഹാരശൃംഖലയുടെ പരസ്പരബന്ധം കൃത്യമായി സൂക്ഷിക്കപ്പെടുന്നതിനെയാണ് ആവാസസ്യവസ്ഥയുടെ സന്തുലനം എന്ന് പറയുന്നത്. ഈ സന്തുലനത്തിന് ഉലച്ചില്‍ തട്ടിയാല്‍ അത് ജീവമണ്ഡലത്തെ ആകെ ബാധിക്കും.

Powered By