Back to home

Topics

രാമായണകഥയിലെ ഒരു പ്രധാന വഴിത്തിരിവാണല്ലോ നാടകരംഗത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ കഥാപാത്രങ്ങളുടെയും പ്രവൃത്തികള്‍ക്ക് അവരവരുടേതായ  നിലയില്‍ സാധൂകരണം കണ്ടെത്താന്‍ നാടകകൃത്ത്  ശ്രമിച്ചിട്ടുണ്ട്. ഇതില്‍ ഏതു കഥാപാത്രത്തിന്റെ നിലപാടിനോടാണ് നിങ്ങള്‍ കൂടുതല്‍ യോജിക്കുന്നത്? വിശദമാക്കുക.
     ശ്രീ. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'സാകേതം' എന്ന നാടകത്തിന്റെ ആദ്യഭാഗമാണ് കാടുവാഴാന്‍ എന്ന പാഠഭാഗം. കൈകേയി, ദശരഥന്‍, രാമന്‍, സൂത്രധാരന്‍, സുമന്ത്രര്‍ എന്നിവരാണ് ഈ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍. നാടകത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും പ്രവൃത്തികള്‍ക്ക്  അവരവരുടേതായ  നിലയില്‍ സാധൂകരണം കണ്ടെത്താന്‍ നാടകകൃത്ത് ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ കൂടുതല്‍ യോജിക്കുന്നത് രാമന്റെ നിലപാടിനോടാണ്. കാരണം ദശരഥന്‍ തന്നോട് കൈകേയിയുടെ ആഗ്രഹം അറിയിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ കാട്ടിലേക്ക്  പോകാന്‍ രാമന്‍ തയാറാവുന്നു. രാമന് വേണമെങ്കില്‍ അച്ഛന്റെ ഹിതത്തെ എതിര്‍ക്കാമായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ രാജ്യം തനിക്കവകാശപ്പെട്ടതാണെന്ന് വാദിക്കാമായിരുന്നു. വേണമെങ്കില്‍ ബലമായി അധികാരം പിടിച്ചെടുക്കാമായിരുന്നു. അയോദ്ധ്യയിലെ ജനങ്ങളെല്ലാം രാമന്‍ രാജാവാകാന്‍ ആഗ്രഹിച്ചിരുന്നു. ലക്ഷ്മണനാണെങ്കില്‍ രാമന്  രാജ്യാവകാശം ലഭിക്കാന്‍ വേണ്ടി കലഹത്തിനൊരുങ്ങുന്നു. എന്നാല്‍ രാമന്‍ സംയമനം പാലിക്കുന്നു. തനിക്ക് അവകാശപ്പെട്ട രാജ്യം ത്യജിക്കാന്‍ രാമന്‍ തയ്യാറാവുന്നു. ത്യാഗം എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. ഭൗതികനേട്ടങ്ങളില്‍ ഭ്രമിക്കുന്നവനായിരുന്നില്ല രാമന്‍. സ്വന്തം സഹോദരനു വേണ്ടി രാജ്യം ത്യജിക്കുന്നതിലാണ് രാമന്‍ മഹത്വം കണ്ടെത്തിയത്. അഭിഷേകത്തിന്  നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പിതാവിന്റെ തീരുമാനപ്രകാരം യാതൊരു വികാരവിക്ഷോഭവുമില്ലാതെ രാജ്യം ത്യജിക്കാന്‍ തയ്യാറാകുന്നത് രാമന്റെ മഹത്വമാര്‍ന്ന വ്യക്തിത്വത്തെയാണ് കാണിക്കുന്നത്.
'മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം മാറ്റി വയ്ക്കുന്നവരാണ്  യഥാര്‍ത്ഥ ത്യാഗികള്‍ ' - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ രാമന്റെ വനയാത്രയെ വിശകലനം ചെയ്യുക.
     സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്  ഇന്നത്തെ ആളുകള്‍. ചെറിയ സൗകര്യങ്ങള്‍  പോലും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കാന്‍ ഇന്ന്  അധികം പേരും തയാറാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ രാമന്റെ രാജ്യത്യാഗം പ്രാധാന്യമര്‍ഹിക്കുന്നു. ഭരതന് രാജ്യം നല്കണമെന്നും താന്‍ 14 വര്‍ഷം കാട്ടില്‍ കഴിയണമെന്നും കേട്ടപ്പോള്‍ രാമന്  ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. രാമന്‍ അധികാരമോഹിയായിരുന്നില്ല. സ്വന്തം പിതാവിന്റെ വാക്ക് പാലിക്കാന്‍ എന്തും ത്യജിക്കാന്‍ രാമന്‍ തയാറാവുന്നു.  മറ്റുള്ളവരുടെ സുഖവും സന്തോഷവും മാത്രമാണ് രാമന്‍ ആഗ്രഹിച്ചത്. ഭൗതിക സൗകര്യങ്ങളും  അധികാരവും ത്യജിക്കുന്ന രാമന്‍ മഹത്വത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. രാമന്റെ ജീവിതം നാം മാതൃകയാക്കണം.
"മഗധയും, കാശിയും, കോസലവും  മത്സ്യദേശങ്ങളും ദക്ഷിണപഥങ്ങളും  നമ്മുടെ രാജ്യമാണ്. അതില്‍ ഭവതി ഏത്  ഇച്ഛിക്കുന്നുവോ അതു  ചോദിച്ചു കൊള്ളുക ". ദശരഥന്‍ കൈകേയിയോട് പറയുന്നതാണിത്. ഈ രണ്ടു വാക്യങ്ങളും ഒന്നാക്കി മാറ്റിയാണ് പറയുന്നതെങ്കിലോ ? അപ്പോള്‍ വാക്യത്തിന് വരുന്ന വ്യത്യാസം കണ്ടെത്തുക. കുറിപ്പ് തയാറാക്കുക.
      നമ്മുടെ രാജ്യങ്ങളായ മഗധം, കാശി, കോസലം, മത്സ്യദേശങ്ങള്‍, ദക്ഷിണപഥങ്ങള്‍ എന്നിവയില്‍ ഭവതി ഏത്  ഇച്ഛിക്കുന്നുവോ അതു  ചോദിച്ചു കൊള്ളുക. ഒന്നാക്കി മാറ്റുമ്പോള്‍ ഈ വാക്യം സങ്കീര്‍ണ്ണവാക്യമാകുന്നു.  രണ്ടായി പറയുന്നതിന്റെയത്രയും ശക്തി അപ്പോള്‍ ലഭിക്കുന്നില്ല. നാടകത്തിലാകുമ്പോള്‍ വൈകാരികസംവേദനവും പ്രധാനമാണ്. സംഘര്‍ഷത്തില്‍ അകപ്പെട്ടിരിക്കുന്ന ദശരഥന്‍ ഇത്ര  വലിയൊരു സംഭാഷണം  പറയുമ്പോള്‍ കാണികള്‍ക്ക്   അരോചകമായിത്തോന്നും. വാക്യം  മുറിക്കുമ്പോള്‍ ഭാവഹാവാദികളെ  ഇച്ഛാനുസരണം  നിയന്ത്രിക്കുവാനും അഭിനേതാക്കള്‍ക്കു കഴിയും.

'എല്ലാ വഴിയും അടഞ്ഞ ഈ  വനമധ്യത്തില്‍  നാം എങ്ങനെ എത്തി. ഇരുളും ക്രൂരസര്‍പ്പങ്ങളുടെ സീല്‍ക്കാരവും  മാത്രം. ആപത്തിനെ തരണം ചെയ്യാത്ത ആപത്ത് ഒന്നേയുള്ളൂ. അത് അവന് ആ മനോഹരമായ പേര് നല്‍കി.'  ദശരഥന്റെ മാനസികവ്യഥയെ ചിത്രീകരിക്കാന്‍ ഈ സംഭാഷണത്തിന് എത്രമാത്രം കഴിയുന്നുണ്ട്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
     രാമന്റെ രാജ്യാഭിഷേകം സ്വപ്നം കണ്ടിരുന്ന ദശരഥന്‍ കൈകേയിയുടെ രാജ്യശുല്ക്കവ്യവസ്ഥ കേട്ട് തളര്‍ന്നു. ഭരതന്  രാജ്യം നല്‍കണമെന്നും  രാമന്‍ പതിനാല് വര്‍ഷം കാട്ടില്‍ കഴിയണമെന്നുമായിരുന്നു കൈകേയിയുടെ ആവശ്യം. സത്യപാലനത്തിനായി  ദശരഥന്‍ കൈകേയിയുടെ ആവശ്യം അംഗീകരിക്കുന്നു. എന്നാല്‍ രാമനെ കാട്ടിലയക്കുക എന്ന ആവശ്യം പിന്‍വലിക്കാന്‍ ദശരഥന്‍ കേണപേക്ഷിച്ചിട്ടും കൈകേയി പിന്‍മാറുന്നില്ല. കൈകേയിയുടെ ക്രൂരമായ മനസ്സിനെക്കുറിച്ചാണ് ദശരഥന്‍ ഈ വാക്കുകളിലൂടെ പരാമര്‍ശിക്കുന്നത്. പുത്രനെ രക്ഷിക്കാനായി അവന്റെ വനവാസം ഒഴിവാക്കാന്‍ ഒരു പഴുതുമില്ലാതെ അലയുന്ന അച്ഛന്റെ ദൈന്യതയാണിവിടെ  കാണുന്നത്. സൗന്ദര്യത്തിന്റെ  മൂര്‍ത്തിമദ്ഭാവമായ കൈകേയിയെ  ക്രൂരസര്‍പ്പത്തോടാണ് ദശരഥന്‍ താരതമ്യപ്പെടുത്തുന്നത്. ഈ ആപത്തിനെ തരണം ചെയ്യാന്‍ മരണം മാത്രമേ പോംവഴിയായുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അശരണനായ ഒരു വ്യക്തിയുടെ ചിന്താഗതിയാണ് ദശരഥന്റേത്. അദ്ദേഹത്തിന്റെ വാക്കുകളില്‍  അത് നിറയുന്നുണ്ട്.
'കാടുവാഴാന്‍ ' എന്ന നാടകം സ്കൂളില്‍ അവതരിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി അവതരിപ്പിക്കാനുള്ള ഒരു ആമുഖപ്രഭാഷണം തയാറാക്കുക.
ബഹുമാന്യരെ,
     രാമായണ നാടകത്രയത്തിലൂടെ മലയാള നാടകലോകത്ത് അദ്വിതീയനായ നാടകകൃത്താണ്  ശ്രീ. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍. വ്യത്യസ്തതയാര്‍ന്ന അവതരണശൈലിയാണ് ശ്രീ. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്തിന്റെ പ്രത്യേകത. രാമായണകഥാഭാഗങ്ങളെ  പുതിയ കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിച്ചാണ്  അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ശ്രീകണ്ഠന്‍ നായരുടെ 'സാകേതം' എന്ന നാടകത്തിലെ പ്രസക്തഭാഗത്തിന്റെ നാടകാവിഷ്കാരമാണ്  ഇന്നിവിടെ  അരങ്ങേറുന്നത്. സഹോദരങ്ങള്‍ക്ക്‌ വേണ്ടി രാജ്യവും സ്വന്തം ജനതയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെത്തന്നെയും ത്യജിക്കാന്‍ തയാറായ മഹാത്മാവാണ് രാമന്‍. എന്നും ദുഃഖം മാത്രമാണ് രാമനു കൈമുതല്‍. ത്യാഗത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഒരു നാടകമാണ് ഇന്നിവിടെ  അവതരിപ്പിക്കുന്ന 'കാടുവാഴാന്‍'. ശക്തവും ചടുലവുമായ സംഭാഷണശൈലിയാല്‍ ആകര്‍ഷകമാണ് ഈ നാടകം. ഈ കലാസൃഷ്ടി ആസ്വദിക്കാന്‍ എല്ലാവരേയും  ക്ഷണിക്കുന്നു.
ആസ്വാദനം തയാറാക്കുക.
നിങ്ങള്‍ കണ്ട ഏതെങ്കിലും നാടകത്തെക്കുറിച്ച് ആസ്വാദനം തയാറാക്കുക.
     ഞാന്‍ കണ്ട നാടകങ്ങളില്‍ ഏറെ ശ്രദ്ധേയമായത് പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത 'മായാസീതാങ്കം' ആണ്. രാമായണകഥയെ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ഈ നാടകത്തില്‍. അഭിഷേകം മുടങ്ങുമ്പോള്‍ ശ്രീരാമനും, സീതയും, ലക്ഷ്മണനും കാനനത്തിലേക്ക്  പോകുന്നു എന്നതാണ് രാമായണകഥയിലുള്ളത്. എന്നാല്‍ മായാസീതാങ്കത്തില്‍ ഒരു ശക്തിയുടെ ഉപദേശപ്രകാരം സീത കാട്ടിലേക്ക് പോകാന്‍ വിസമ്മതിക്കുന്നു. സീത പോകാന്‍ മടിക്കുമ്പോള്‍ രാമനും ലക്ഷ്മണനും അസ്വസ്ഥരാകുന്നു. അവര്‍ സീതയെ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. ഒടുവില്‍ സീത കാട്ടില്‍ പോകുകയും രാവണനാല്‍ അപഹരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുള്ള അഗ്നി പ്രവേശവും മറ്റും ബിംബാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ നാടകത്തിലെ കഥാപാത്രങ്ങളുടെ സൃഷ്ടിയും ഔചിത്യവും നാടകീയമുഹൂര്‍ത്തങ്ങളുടെ സൃഷ്ടിയുമെല്ലാം വളരെ ശ്രദ്ധേയമാണ്. ഇതിലെ കഥാപാത്രങ്ങളെ കഴിവുറ്റ നടന്മാര്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. സീതയുടെ ഭാഗം അഭിനയിച്ച നടിയുടെ  പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.

Paid Users Only!
Paid Users Only!
Powered By