Back to home

Topics

ലേഖകന്‍ - വൈക്കം മുഹമ്മദ് ബഷീര്‍  (1908-1994)

                             

1908 ജനുവരി 19 ന് മദ്ധ്യകേരളത്തില്‍ വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ ഇദ്ദേഹം ജനിച്ചു.  മലയാള സാഹിത്യത്തില്‍ തനിമയുള്ള ഭാഷയും, ശൈലിയുംമൂലം ബഷീര്‍ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത ശൈലിക്കുടമയായിരുന്നുബഷീര്‍. മലയാളത്തില്‍ ഏറെ വായിക്കപ്പെട്ട കൃതികളും ഇദ്ദേഹത്തിന്റേതാണ്. ഓജസ്സുള്ള നോവലുകളുടെ കര്‍ത്താവാണ് വൈക്കം മുഹമ്മദ് ബഷീര്‍. വേദനയെയും, വിഷാദത്തെയും നറും പുഞ്ചിരിയില്‍ ആവരണം ചെയ്തുകൊണ്ടുള്ള രചനാരീതിയാണ് ബഷീറിനുള്ളത്.


                          

1. ബഹളം കേട്ട്  ജനലിലൂടെ നോക്കിയപ്പോള്‍ ബഷീര്‍ കണ്ടതെന്താണ് ?

പാത്തുമ്മയുടെ ആടും, അബിയും മറ്റു കുട്ടികളും തമ്മിലുള്ള മല്‍പിടിത്തമാണ് ബഷീര്‍ കണ്ടത്. ആട് അബിയുടെ നിക്കറിന്റെ മുന്‍ഭാഗം തിന്നിരിക്കുന്നു. ബാക്കിയുള്ളതു തിന്നാന്‍ ശ്രമിക്കുന്നു. അതു തടയാന്‍ ശ്രമിക്കുന്ന കുട്ടികളെയും ഇതെല്ലാം നോക്കിനില്‍ക്കുന്ന മറ്റു കുട്ടികളെയുമാണ് ബഷീര്‍ കണ്ടത്.

2. 'സംഗതിയറിഞ്ഞപ്പോള്‍ പാത്തുമ്മായുടെ ആട് കുറ്റക്കാരിയല്ല'. ബഷീറിന്റെ നിഗമനം ശരിയാണോ ?

ബഷീറിന്റെ നിഗമനം ശരിയാണ്. അബി വെള്ളപ്പം പോക്കറ്റിലിട്ട് അത് തിന്നാന്‍ ആടിനോട് പറഞ്ഞിരുന്നു. ആട്  അപ്പം തിന്നുന്നതിനിടയില്‍ നിക്കറും തിന്നു എന്നേയുള്ളു. അബിയുടെ കുസൃതിയാണ് നിക്കറ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

3. ഗ്രാമീണജീവിതത്തിന്റെ എന്തെല്ലാം ചിത്രങ്ങളാണ് പാഠഭാഗത്ത് കാണാന്‍ സാധിക്കുന്നത് ? ഇത്തരം കാഴ്ചകള്‍ നിങ്ങളുടെ പ്രദേശത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ?

ഒരു കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ഗ്രാമീണ ജീവിതത്തിലെ കൂട്ടുകുടംബ ജീവിതരീതിയുടെ ചിത്രം വാക്കുകളിലൂടെ ബഷീര്‍ ഈ ഭാഗത്ത് വരച്ചു കാണിക്കുന്നുണ്ട്. കുട്ടികളെല്ലാം ചേര്‍ന്ന് ആടിനെ പിടിച്ചുമാറ്റുന്ന സന്ദര്‍ഭത്തില്‍ ഗ്രാമീണ ഭാഷയില്‍ ഉറക്കെ ആക്രോശിക്കുന്നു. ഒരാടിനെ നേരിടാന്‍ കുട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നു. ആ കുടുബത്തിലെ ഒരംഗത്തെപ്പോലെയാണിവിടെ ആട് കടന്നു വരുന്നത്. ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നടന്ന സൌന്ദര്യ പിണക്കങ്ങള്‍, സ്വാര്‍ത്ഥത, അസൂയ, വിധേയത്വം എന്നിങ്ങനെ എല്ലാ മാനസിക വികാരങ്ങളും ബഷീറിന്റെ കഥാപാത്രങ്ങളില്‍ നാം  കാണുന്നുണ്ട്. കൂടാതെ സാമ്പത്തികമായി ഞെരുങ്ങിക്കഴിയുന്ന കുടുംബം. കുട്ടികളെല്ലാമുള്ള ഒരു ഭവനത്തിന്റെ ശബ്ദായമാനമായ സാഹചര്യം ഈ നോവലിലുടനീളമുണ്ട്. കുട്ടിയുടെ നിഷ്ക്കളങ്കമായ പെരുമാറ്റം പുഴയില്‍ പോയുള്ള കുളി എന്നിവയും തമ്മില്‍ പുതുതലമുറയെ ആശ്ചര്യപ്പെടുത്തുന്ന വിശേഷങ്ങളാണ്.

4.വായിക്കുമ്പോള്‍ നിങ്ങളില്‍ ചിരിയുണര്‍ത്തിയ ഭാഗങ്ങള്‍ ഏതെല്ലാം?

അബിയും, പാത്തുക്കുട്ടിയും സൈദുമുഹമ്മദും ചേര്‍ന്ന് ആടിനെ നിക്കറില്‍ നിന്നു കടി വിടുവിക്കാന്‍ നടത്തുന്ന ശ്രമമാണ് നാം കാണുന്നത്. ആടിന്റെ മുന്നില്‍ നിന്ന് വെള്ളപ്പം പകുതി തിന്ന്  ആടിനെ കൊതിപ്പിച്ചിട്ട് ബാക്കി വെള്ളപ്പം അബി ട്രൌസറിന്റെ  പോക്കറ്റിലിട്ടു. എന്നിട്ട് തിന്നാന്‍ പറയുന്നു. ആട് ട്രൌസറിന്റെ പോക്കറ്റുകൂടി  തിന്നാന്‍ തുടങ്ങിയപ്പോള്‍ ട്രൌസര്‍ കീറാതിരിക്കാന്‍ കുട്ടികളെല്ലാം ചേര്‍ന്ന് വലിക്കുന്ന സന്ദര്‍ഭമാണിത്. ആരിലും ഇത് ചിരിയുണര്‍ത്തും.

5. നാണ സംബദ്ധിയായി ഉണ്ടായ പ്രശ്നം ബഷീറിനെ കുഴപ്പത്തിലാക്കുമായിരുന്നു. ഈ പ്രസ്താവന ശരിയോ?

ഈ പ്രസ്താവന ശരിയാണ്. അബി കൂട്ടുകാരനെ കണ്ടു നാണിച്ചു നിന്നപ്പോള്‍ ബഷീര്‍ തോര്‍ത്തു നല്‍കി അവനെ രക്ഷിച്ചു. അപ്പോള്‍ പാത്തുക്കുട്ടിക്കും  നാണസംബന്ധിയായ പ്രശ്നമുണ്ടായി.  ഉണ്ടായിരുന്ന രണ്ടാമത്തെ തോര്‍ത്ത് അവള്‍ക്ക് നല്‍കി. ലൈലായ്ക്കും, സൈദു മുഹമ്മദിനും നാണം തോന്നാനുള്ള പ്രായമാകാത്തതുകൊണ്ടാണ് ബഷീര്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവര്‍ക്കു നല്കാന്‍  മുണ്ടോ, തോര്‍ത്തോ ഇല്ലാതെ  ബഷീര്‍ കുഴപ്പത്തിലാകുമായിരുന്നു.

Powered By