Topics |
---|
ഡോക്ടറുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കേണ്ടതല്ലേ? അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ നടത്താനുള്ള അനുമോദനപ്രസംഗം തയാറാക്കൂ.
ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍,
ആദരണീയനായ ഡോക്ടര്‍ വി.പി. ഗംഗാധരന്‍, സ്നേഹം നിറഞ്ഞ അധ്യാപകരേ, പ്രിയസുഹൃത്തുക്കളേ,
മഹത്തായ ഒരു ചടങ്ങിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ നാടിനുവേണ്ടി ഡോക്ടര്‍ വി.പി. ഗംഗാധരന്‍ നല്‍കിയിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ നാം സ്മരിക്കണം. രോഗികളായ കുട്ടികളെ രോഗത്തിന്റെ വേദനയില്‍ നിന്ന് കുറച്ചു സമയമെങ്കിലും മാറ്റിനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വിധിയുടെ ക്രൂരതയാല്‍ വേദന തിന്നുന്ന കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെ സ്നേഹിക്കുന്ന ഈ ഡോക്ടര്‍ സ്നേഹത്തിന്റെ ആള്‍രൂപമാണ്. അദ്ദേഹത്തെ ആദരിക്കാന്‍ കിട്ടിയ ആ അവസരം വളരെ സന്തോഷത്തോടെ ഏറ്റെടുക്കുന്നു. അഭിനന്ദനവും ആദരവും സമര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്താം.
ഡോക്ടര്‍ വി.പി. ഗംഗാധരന്റെ ആശുപത്രിയില്‍ ചികില്‍സിച്ച് രോഗം ഭേദമായ ഒരു കുട്ടി തനിക്കുണ്ടായ അനുഭവം കൂട്ടുകാരെ അറിയിക്കാന്‍ തയാറാക്കുന്ന കത്ത് എങ്ങനെയായിരിക്കും.
പ്രിയപ്പെട്ട ജിത്തുവിന്,
ഒത്തിരി സന്താഷത്തോടെയാണ് ഞാനീ കത്ത് എഴുതുന്നത്. എന്നെ ബാധിച്ചിരുന്ന കാന്‍സര്‍ രോഗം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് വന്നു. നീയും അമ്മയും കൂടെ ആശുപത്രിയില്‍ വന്നിരുന്നെന്ന് ഞാന്‍ അറിഞ്ഞു. ആ സമയത്ത് ഞാന്‍ കീമോതെറാപ്പി കഴിഞ്ഞ് മയങ്ങുകയായിരുന്നു. ഇപ്പോള്‍ എനിക്ക് ഒട്ടും വേദനയില്ല. എന്റെ രോഗം മാറിയതിന് ഈശ്വരനോടും പിന്നെ എന്നെ ചികില്‍സിച്ച വി.പി ഗംഗാധരന്‍ ഡോക്ടര്‍ക്കും നന്ദി പറയുന്നു. ഡോക്ടര്‍ എത്ര സ്നേഹത്തോടെയാണ് ഞങ്ങളെ നോക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങള്‍ക്ക് സന്തോഷം നല്‍കിയിരുന്നു. ഞങ്ങളെ അദ്ദേഹത്തിന്റെ സ്കൂട്ടറില്‍ കയറ്റി കറങ്ങാന്‍ കൊണ്ട് പോകുമായിരുന്നു. രോഗത്തിന്റെ വേദന മറക്കാന്‍ അത് സഹായിച്ചു. രോഗം മാറിയെങ്കിലും ഡോക്ടറെ പിരിയാന്‍ വിഷമം തോന്നി. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഞാന്‍ സ്കൂളില്‍ വരും. അവധിയിലായിരുന്നപ്പോള്‍ പഠിപ്പിച്ച പാഠങ്ങള്‍ നീ എനിക്ക് പറഞ്ഞു തരണം. എല്ലാ കൂട്ടുകാരോടും എന്റെ അന്വേഷണം അറിയിക്കണം. ഇനി എല്ലാം നേരില്‍ കാണുമ്പോള്‍ പറയാം.
സ്നേഹപൂര്‍വ്വം, കണ്ണന്‍
ആശുപത്രിയിലെത്തുന്ന ഏതു രോഗിയും ആഗ്രഹിക്കുന്ന രീതിയില്‍ ആണ് സിസ് റ്റര്‍ ഐഡയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം സേവനങ്ങള്‍ ലഭ്യമാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറില്ലേ. ഏതെങ്കിലും ഒരു സേവനമേഖലയില്‍ പോലീസ്, അധ്യാപനം, ഗതാഗതം- നിങ്ങള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
പൊലീസ് - പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. ചിലര്‍ അവരുടെ കര്‍ത്തവ്യം മറക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. പൊതുജനത്തിന് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് പൊലീസിന്റെ കടമയാണ്. യാത്ര ചെയ്യുമ്പോഴും മറ്റും ഉണ്ടാകുന്ന വിഷമഘട്ടങ്ങളില്‍ പൊലീസിന്റെ സഹായം ആവശ്യമായി വരും. അപ്പോള്‍ മനുഷ്യത്വത്തോടെ അവര്‍ പെരുമാറണം. വഴിയറിയാതെ വിഷമിക്കുന്ന വൃദ്ധരേയും കുട്ടികളേയും സഹായിക്കാനും പൊലീസ് ശ്രമിക്കണം. സാമൂഹ്യസേവനം തങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
വരച്ചവരയില്‍, നിന്ന നില്‍പില്‍ - പ്രയോഗങ്ങള്‍ ശ്രദ്ധിച്ചില്ലേ. ഇതുപോലെയുള്ള പ്രയോഗങ്ങള്‍ ശേഖരിച്ച് ഉചിതമായ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കൂ. തയാറാക്കിയ സന്ദര്‍ഭങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കണം.
കടുംകൈ, തെളിഞ്ഞ് നില്‍ക്കുക, മനസ്സില്ലാമനസ്സോടെ, കണ്ണടയ്ക്കുക, കറങ്ങി നടക്കുക.
തന്നെക്കൊണ്ട് കടുംകൈ ചെയ്യിക്കരുതെന്ന് മനു പറഞ്ഞു.
കുട്ടികളുടെ വേദന കണ്ടപ്പോള്‍ ഡോക്ടറുടെ മുഖത്ത് തെളിഞ്ഞു നിന്നത് ദുഃഖഭാവമായിരുന്നു.
രോഗം മാറിയ കുട്ടികള്‍ മനസ്സില്ലാമനസ്സോടെയാണ് കൂട്ടുകാരോട് യാത്ര പറഞ്ഞത്.
കുട്ടികളുടെ ചെറിയ തെറ്റുകള്‍ക്ക് നേരെ ചിലര്‍ കണ്ണടയ്ക്കാറുണ്ട്.
ഒന്നും ചെയ്യാതെ കറങ്ങി നടക്കുക ചിലരുടെ സ്വഭാവമാണ്.
സിസ് റ്റര്‍ ഐഡയുടെ പെരുമാറ്റരീതി നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ? എന്തുകൊണ്ട്? കുറിപ്പ് തയാറാക്കുക.
കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുള്ള സിസ്റ്റര്‍ ഐഡ സ്നേഹസമ്പന്നയായിരുന്നു. അവരുടെ പെരുമാറ്റരീതി എനിക്ക് ഇഷ്ടപ്പെട്ടു. രോഗികളായ കുട്ടികളെ ഒരു അമ്മയെപ്പോലെ അവര്‍ ശുശ്രൂഷിച്ചു. തനിക്കു കിട്ടുന്ന ശമ്പളത്തില്‍ നല്ലൊരു പങ്കും സിസ്റ്റര്‍ കുട്ടികള്‍ക്ക് വേണ്ടി ചെലവഴിച്ചു. സിസ്റ്റര്‍ ഐഡയുള്ളപ്പോള്‍ അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കേണ്ടി വന്നിരുന്നില്ല. സാന്ത്വനസ്പര്‍ശം പോലെ എപ്പോഴും കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന സിസ്റ്ററുടെ പെരുമാറ്റരീതി ഏവരേയും ആകര്‍ഷിക്കും.
സാന്ത്വനസ്പര്‍ശം എന്ന ശീര്‍ഷകം ഈ പാഠഭാഗത്തിന് ഉചിതമാണോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
പാഠഭാഗത്തിന് ഏറ്റവും ഉചിതമായ ശീര്‍ഷകമാണ് സാന്ത്വനസ്പര്‍ശം. രോഗികളായ കുട്ടികള്‍ക്ക് സ്നേഹവും സാന്ത്വനവും പകര്‍ന്നു നല്‍കി അവരെ സന്തോഷിപ്പിക്കുന്നവരാണ് ഡോക്ടറും സിസ് റ്റര്‍ ഐഡയും. രോഗികളെ ശുശ്രൂഷിക്കുന്നത് മഹത്തായ സേവനമായിക്കണ്ട വ്യക്തികളാണ് ഇവര്‍. കാരുണ്യത്തിന്റെ, സാന്ത്വനത്തിന്റെ നനുത്ത സ്പര്‍ശം ഇവരുടെ പെരുമാറ്റത്തിലുണ്ട്. അതിനാല്‍ ഈ അനുഭവക്കുറിപ്പിന് സാന്ത്വനസ്പര്‍ശം എന്ന ശീര്‍ഷകം ഉചിതമാണ്.