Back to home

Topics


1. 'മുരിഞ്ഞപ്പേരീം ചോറും'എന്ന പാഠത്തെക്കുറിച്ച് ഒരു സംഗ്രഹം തയ്യാറാക്കുക.
     കഥകളിയെക്കാള്‍ പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ വിദൂഷകന്റെ പുറപ്പാട്‌ എന്ന ഭാഗത്തു നിന്നുള്ള വിവരണമാണിത്.
കൌണ്ഡിന്യന്‍ എന്ന വിദൂഷകന്‍ തന്റെ കഥ പറയുന്നു.  ധര്‍മ്മപുത്ര മഹാരാജാവിന്റെ സേവകനായി വിദൂഷകനെ ഗ്രാമ പ്രമുഖരെല്ലാം ചേര്‍ന്ന് തെരഞ്ഞെടുക്കുന്നു.  അയാള്‍ രാജാവിനെ ചെന്നു കണ്ട് തന്റെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞ്‌ രാജാവിന്റെ പ്രീതി സമ്പാദിക്കുകയും   രാജസേവകനായി കൊട്ടാരത്തില്‍ കഴിയുകയും ചെയ്യുന്നു. ആക്ഷേപഹാസ്യമാണ് വിദൂഷകകൂത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹികാവസ്ഥകളുടെ ചിത്രീകരണവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ് .

2.  വാമൊഴിയും വരമൊഴിയും തമ്മിലുള്ള വ്യത്യാസം? ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
  ഭാഷ പ്രധാനമായും രണ്ടു വിഭാഗത്തിലാണ്.

  1. വാമൊഴി  : ഇത് ശ്രാംഖ്യവും സ്വതസ്സിദ്ധവുമാണ് .
  2. വരമൊഴി  : ഇത് ലിഖിത ഭാഷയാണ്. രചനയുടെ തലമാണ് അവിടെ പ്രകടമാകുന്നത് .
    പാഠഭാഗത്ത്‌  വാമൊഴിയാണ്  പ്രകടമാക്കുന്നത്. വാമൊഴിക്ക് ഉദാഹരണമായി "ങ്ങന്യങ്ങട്  കഴിയാന്‍  തുടങ്ങി". എന്നാല്‍ അത് വരമൊഴിയില്‍ പറയുമ്പോള്‍ "ഇങ്ങനെ അങ്ങോട്ട്‌ കഴിയാന്‍ തുടങ്ങി" എന്നാണ്‌ പ്രതിപാദിക്കുന്നത്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ പാഠഭാഗത്ത്‌ കാണുവാന്‍ കഴിയും.  പെട്ടെന്ന് ആശയത്തിലേയ്ക്ക്  ചെല്ലുകയും, നര്‍മ്മമധുരമായി മറ്റുള്ളവര്‍ക്ക് ആശയം പ്രേക്ഷണം ചെയ്യുകയുമാണ് വാമൊഴി കൊണ്ട് ലഭിക്കുന്ന ഗുണം.
3. വിദൂഷകക്കൂത്തില്‍ തെളിയുന്ന സാമൂഹിക വിമര്‍ശനം.
      കേരളത്തിലെ ഒരു കാലത്തെ സാമൂഹിക ജീവിതമാണ് കൂത്തില്‍ തെളിയുന്നത്. ബ്രാഹ്മണര്‍ അധികാരകേന്ദ്രത്തിന്റെ മുകള്‍ത്തട്ടിലെത്തുകയും അവരുടെ ജീവിതം സാംസ്കാരികമായി അധ:പതിക്കുകയും ചെയ്ത കാലമായിരുന്നു അത്. ദാരിദ്ര്യമായിരുന്നു അന്നത്തെ മുഖ്യവിഷയം. സമൂഹത്തിന്റെ മേല്‍ത്തട്ടിനെപ്പോലും ദാരിദ്ര്യം ബാധിച്ചിരുന്നു. മേലനങ്ങാതെ ഉണ്ണുന്നതില്‍ മാത്രം ശ്രദ്ധവച്ചിരുന്നവര്‍ ദാരിദ്ര്യം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതും ഇതില്‍ കാണാം .
4. "കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍"എന്ന
പഴഞ്ചൊല്ലുമായി സാദൃശ്യമുളള സന്ദര്‍ഭം പാഠഭാഗത്തുനിന്നും കണ്ടെത്തുക?
      ചാക്യാര്‍ തന്റെ കൂത്തിലൂടെ അവതരിപ്പിക്കുന്നത്‌ വിദൂഷകന്റെ വീട്ടിലെ ദാരിദ്ര്യമാണ്. വിദൂഷകന്റെ ഇല്ലത്ത് കറിയുടെ സ്ഥാനത്തായിരുന്ന
മുരിഞ്ഞപ്പേരി, ചോറിന്റെ സ്ഥാനം അപഹരിച്ചു. മുരിഞ്ഞപ്പേരി ചോറിന്റെ സ്ഥാനം കയ്യേറി എന്നാണ് വിദൂഷകന്‍ പറയുന്നത്. ഇല്ലത്തെ ദാരിദ്യം സൂചിപ്പിക്കുന്ന ഈ ഭാഗത്തിനാണ് "കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ "എന്ന പഴഞ്ചൊല്ലുമായി സാദൃശ്യമുളളത്‌.
5 . അഭിനയകലകളെ എത്രയായി തരം തിരിക്കാം? ഏതെല്ലാം?
     
അഭിനയകലകളെ നാലായി തരംതിരിക്കാം. അവ ചുവടെ ചേര്‍ത്തിരിക്കുന്നു .
  1. അനുഷ്ഠാനപരം
  2. ശുദ്ധ വിനോദപരം
  3.  സാമൂഹികം 
  4. കായികം
    ശുദ്ധകലാരൂപത്തിന് ഒരു ഉദാഹരണമാണ് പൊറാട്ട്. ഇതിനെ പാങ്കളി എന്നും പറയുന്നു.
6.കോല്‍ക്കളിയെക്കുറിച്ചെഴുതുക.
     മലബാറില്‍  ഹരിജനങ്ങളും മുസ്ലീങ്ങളും നടത്തുന്ന ഒരു കലാരൂപമാണ് കോല്‍ക്കളി. കമ്പുകളി എന്നും ഇതിനു പേരുണ്ട്. നൃത്തക്കാര്‍ക്ക് പ്രത്യേകിച്ച് വേഷമൊന്നുമില്ല. തറ്റുടുത്ത്‌ തലയില്‍ ഒരു കെട്ടു കെട്ടുന്നു. ണത്തിനും, മകത്തിനും, കല്യാണം മുതലായ വിശേഷങ്ങള്‍ക്കുമാണ് ഹരിജനങ്ങള്‍ ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്‌ .

7. "മാറ്റ്യാന്‍ മാറ്റ്യാന്‍ എന്നാണ് എല്ലാവരും എന്നെ വിളിക്കാറ്. അതൊന്നും ഞാന്‍ കൂട്ടാക്കാറുമില്യ, എന്നല്ലാ ഞാന്‍ അവരെയും മാറ്റ്യാന്മാരായാണ് കരുതാറ്. അവര് വന്ന സമയത്ത് ഞാന്‍ പുറത്തളത്തിലെ ചാരുപടിമേലിരിക്ക്യായിരുന്നു. ഒട്ടും കുറയ്ക്കണ്ടാന്ന് കരുതി കാലിന്മേല്‍ കാലും കേറ്റി അമര്‍ന്നിരുന്നു".
സമകാലിക സമൂഹത്തിന്റെ  ഏതെല്ലാം മനോഭാവങ്ങളെയാണ് ഈ വരികളിലൂടെ വിദൂഷകന്‍ പ്രതിഫലിപ്പിക്കുന്നത്?
     സ്വാര്‍ത്ഥപരമായ ജീവിതം നയിക്കുന്ന, താന്‍പോരിമ കൈമുതലായി കൊണ്ട് നടക്കുന്ന ആധുനിക സമൂഹത്തിന്റെ ചിത്രം തന്നിരിക്കുന്ന പാഠഭാഗത്ത്‌ നിന്നും വായിച്ചെടുക്കാം. അന്യനെ പരിഗണിക്കാനോ, അന്യന്റെ ദു:ഖത്തില്‍ പങ്കുചേരാനോ ഇന്ന് ആര്‍ക്കും സമയമില്ല. ഓരോരുത്തരും മറ്റുള്ളവരെ ശത്രുക്കളായാണ് കാണുന്നത്.  എന്റെ ലോകത്ത് ഞാന്‍ മാത്രമായി ചുരുങ്ങുന്നു. അതുപോലെ മറ്റുള്ളവരുടെ മുന്നില്‍ അല്പം പോലും താഴാനുള്ള മന:സ്ഥിതിയും ആധുനിക സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്കില്ല. തന്നെ കാണാനെത്തുന്നവരുടെ മുന്നില്‍ ഒട്ടും കുറയ്ക്കേണ്ട എന്നു കരുതി കാലിന്മേല്‍ കാലും കയറ്റി അമര്‍ന്നിരിക്കുന്നത് ഇതിനു തെളിവാണ്. ഇങ്ങനെ സമകാലിക സമൂഹത്തിന്റെ മനോഭാവം  വ്യക്തമാക്കുകയാണ് ഈ ഭാഗത്ത്‌ .
8 ."എന്റെ രസികത്തം ഇഷ്ടപ്പെട്ടിട്ടോ എന്തോ,അദ്ദേഹത്തിന്റെ സേവകന്മാരിലൊരാളായി എന്നെ നിയമിച്ചു. പിന്നവിടൊരു താമസണ്ടായിട്ടുണ്ട്. അയ്യാ ....തേച്ചുകുളി,ചതുര്‍വിധഭോജ്യരസങ്ങളോടും കൂടിയ ഭക്ഷണം,സുഖായ ഉറക്കം,നേരംപോക്കു പറയല്. ഇങ്ങന്യ
ങ്ങട് കഴിയാന്‍ തുടങ്ങി". ഈ വരികളിലെ പരിഹാസം സാമൂഹിക വിമര്‍ശനമായി മാറുന്നതെങ്ങനെ? വിശദമാക്കുക ?
      രാജസേവകനായി  നിയമിതനായതിനു ശേഷമുളള സുഖകരമായ  ജീവിതത്തെക്കുറിച്ചാണ്  വിദൂഷകന്‍   പറയുന്നത്. തേച്ചുകുളിയും മൃഷ്ടാന്നഭോജനവും സുഖകരമായ ഉറക്കവും നേരംപോക്ക് പറയലുമൊക്കെയായി അയാള്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടുകയാണ്. സമൂഹത്തിനോ തനിക്കു തന്നെയോ യാതൊരു പ്രയോജനവുമില്ലാത്ത ജീവിതം. ഉദ്യോഗസ്ഥ വൃന്ദത്തെ ബാധിച്ചിരിക്കുന്ന  അലസതയിലേക്കും കൃത്യനിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്ചയിലേക്കും  സമൂഹത്തെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സുഖഭോഗാസക്തിയിലേക്കുമൊക്കെ വിമര്‍ശനശരം തൊടുക്കുകയാണ് വിദൂഷകന്‍.

9 . കഥ പറച്ചിലിനെക്കുറിച്ച് നമ്പ്യാരുടെ രണ്ടു നിരീക്ഷണങ്ങള്‍ താഴെ ചേര്‍ക്കുന്നു .
     "ചിരിക്കുന്ന കഥ കേട്ടാലിരിക്കു, മായതല്ലെങ്കില്‍
     തിരിക്കുമിങ്ങനെ  ഭാവിച്ചിരിക്കുന്ന ഭടന്മാരെ
     ചിരിക്കാതെ രസിപ്പിക്കാനൊരുനാളുമെളുതല്ല .
      -ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല
       ഒരുത്തനും ഹിതമായിപ്പറവാനും ഭാവമില്ല".
    നമ്പ്യാരുടെ ഈ കാഴ്ചപ്പാട് കൂടിയാട്ടത്തിലെ വിദൂഷകനില്‍ എത്ര മാത്രം പ്രതിഫലിക്കുന്നുണ്ട് .  പരിശോധിക്കുക?
      കൂടിയാട്ടത്തിലെ വിദൂഷകനില്‍ നിന്നാണ് നമ്പ്യാര്‍ തുള്ളലില്‍ ഫലിത പരിഹാസങ്ങള്‍ സ്വീകരിച്ചത്.  ചാക്യാര്‍കൂത്തില്‍ മിഴാവു കൊട്ടുന്ന വ്യക്തിയായിരുന്നു നമ്പ്യാര്‍.  ധാരാളം അരങ്ങുകളില്‍ വിദൂഷകന്‍ നടത്തുന്ന ഫലിതങ്ങളും പരിഹാസങ്ങളും നമ്പ്യാര്‍ കേട്ടിരിക്കാം. അതില്‍ നിന്നാണ്  കുംഭകര്‍ണ്ണ വധത്തിന്റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന വരികള്‍ ഉണ്ടായത്. ചിരിക്കുന്ന കഥ കേട്ടാല്‍ ജനം ഇരിക്കും. അല്ലെങ്കില്‍ അവര്‍ വീട്ടിലേക്കു തിരിക്കും. ചിരിപ്പിക്കാതെ സഭയെ ഇരുത്തുക സാധ്യമല്ല. വിദൂഷകക്കൂത്തില്‍ ഇതാണ് പ്രയോഗിക്കുന്നത്. പാഠഭാഗം തന്നെ ഉദാഹരണം.'എന്റെ വീട്ടില്‍ ഭയങ്കര വഴക്ക് ആരാണെന്നോ, മുരിങ്ങയിലയും  ചോറും. അവസാനം മുരിങ്ങയില ജയിച്ചു, ചോറു തോറ്റു. പാത്രം നിറച്ചു ഇല മാത്രം'. ഈ പ്രസ്താവനയില്‍ പൊന്തുന്ന പരിഹാസവും അതിലെ തീക്ഷണമായ സത്യവും ആലോചിക്കുക. വിദൂഷകന്റെ ഈ വാക്കുകള്‍ ആര്‍ക്കൊക്കെയാണ് തറയ്ക്കുക. ഒന്ന് രാജാവില്‍, അദ്ദേഹമാണല്ലോ പ്രജകളുടെ ദാരിദ്ര്യം മാറ്റേണ്ടത്. പിന്നെ സാമൂഹ്യാവസ്ഥക്കു നേരെ, അവിടെ എല്ലാവരിലും  പരിഹാസം തറയ്ക്കുന്നു. പക്ഷേ ആര്‍ക്കും വിദൂഷകനോട് വിദ്വേഷം തോന്നുകയില്ല. പറയാനുള്ളത് ഭംഗിയായി പറഞ്ഞു. കൊള്ളേണ്ടി
ടത്തു  കൊണ്ടു. വിഷമം എല്ലാവര്‍ക്കുമുണ്ടായി. സ്വയം പഠനത്തിനു  വിധേയനുമായി.
10. ഒരു കലാകാരനുമായി അഭിമുഖം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
 
ഏതു വ്യക്തിയുമായിട്ടാണോ അഭിമുഖം നടത്തുന്നത്, ആ വ്യക്തിയെക്കുറിച്ചുള്ള  പൊതുവായ വിവരങ്ങള്‍ നേരത്തെ തന്നെ അറിഞ്ഞിരിക്കണം.

  • കലാരൂപം ഏതെന്നും അതിന്റെ പ്രധാന സവിശേഷതകള്‍  എന്തൊക്കെയെന്നും ചര്‍ച്ച ചെയ്യണം.
  • ചര്‍ച്ചയിലൂടെ, സംശയങ്ങളിലൂടെ  അഭിമുഖത്തിനാവശ്യമായ ചോദ്യാവലി രൂപീകരിക്കണം.
  • കലാരൂപത്തിന്റെ പുരാതനാവസ്ഥയും നൂതനാവസ്ഥയും വ്യക്തമാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാവണം.
  • ഏതു കലാരൂപമായാലും അതിന്റെ സാമൂഹ്യപ്രാധാന്യം വ്യക്തമാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാവണം .
  • കലാകാരനെ സംബന്ധിച്ച  വ്യക്തിപരമായ ചോദ്യങ്ങള്‍ ആവാം. ഒരിക്കലും സ്വകാര്യതകളെക്കുറിച്ചാവരുത് .
  • ചോദ്യം ചോദിക്കുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും മാനസിക പീഡയുണ്ടാവരുത് .
  • ചോദ്യം കേള്‍ക്കുന്ന വ്യക്തിക്ക് ക്ലിഷ്ടതയുണ്ടാകരുത് .
  • അവബോധാത്മകമാകണം ചോദ്യങ്ങള്‍.
  • ക്രമാനുഗതമായാല്‍ നന്ന്
  • സമഗ്രതയുള്ള ചോദ്യങ്ങള്‍ ആവണം
     
11. നിവേദനം തയ്യാറാക്കുക.
പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ആരംഭിച്ച ചിത്രകലാ മ്യൂസിയത്തിന്
ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിവേദനം തയ്യാറാക്കുക.

                                                                                                   ഇരിക്കൂര്‍                                                                                                                                                                                                                                15 -04 -2012

       ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ വിദ്യാഭ്യാസമന്ത്രിക്ക് ഇരിക്കൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്നത്,
           ഇരിക്കൂര്‍ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ്‌ ഞങ്ങളുടെ കലാലയം.വളരെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സ്കൂളാണ് ഞങ്ങളുടേത്. ഇവിടെ നാട്ടുകാരില്‍ ചിലരും അധ്യാപകരും പഞ്ചായത്തും ചേര്‍ന്ന് ഒരു ചിത്രകലാമ്യൂസിയം 2006 -ല്‍ തുടങ്ങുകയുണ്ടായി. നാട്ടിലെ ചിലരും അധ്യാപകരും സാമ്പത്തിക സഹായം നല്‍കിയും  മേല്‍നോട്ടം വഹിച്ചും ശേഖരിച്ച 125 ഓളം ചിത്രങ്ങള്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍
ഥികളുടെ പഠനത്തിനാവശ്യമായ ലോക്കല്‍ ടെക്സറ്റായി പോലും ഉപയോഗിക്കാവുന്ന ചിത്രങ്ങളാണ് പലതും.  1911-ല്‍  ജനഗണമന ആദ്യമായി പാടിയപ്പോള്‍ എടുത്ത ചിത്രം, ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയ്ക്ക്  ജനറല്‍ ഡയര്‍  നിര്‍ദ്ദേശം കൊടുക്കുന്ന ചിത്രം തുടങ്ങിയവ. ചിത്രകലാമ്യൂസിയം വേണ്ട രീതിയില്‍ പരിഷ്ക്കരിക്കുകയും നന്നായി സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായി ഒരു നിശ്ചിത തുക ഗ്രാന്റായി തന്ന് ഞങ്ങളുടെ സംരംഭത്തെ വിജയിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
                                                                                                                                          വിശ്വാസപൂര്‍വ്വം                                                                                                                                                                                                                                            വിദ്യാര്‍ത്ഥികള്‍

12. "സ്വതേ അവരാരും എന്റെ ഇല്ലത്തേക്കു വരാറില്ല. മാറ്റ്യാന്‍, മാറ്റ്യാന്‍ എന്നാണ് എല്ലാരും എന്നെ വിളിക്കാറ്".

-വിദൂഷകന് ഇത്തരമൊരനുഭവം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്താവാം?നിഗമനങ്ങള്‍ സൂചനകളായി എഴുതുക.

  വി. ആര്‍.കൃഷ്ണചന്ദ്രന്റെ 'പുരുഷാര്‍ഥ കൂത്ത്' എന്ന പുസ്തകത്തിലെ 'വിദൂഷകന്റെ പുറപ്പാട്' എന്ന ആദ്യഭാഗത്ത്‌ നിന്നെടുത്ത കഥാവിവരണമാണ്‌ പാഠഭാഗമായ 'മുരിഞ്ഞപ്പേരീം ചോറും'. ധര്‍മ്മപുത്ര രാജാവിന്റെ സേവകനായി  തെരഞ്ഞെടുക്കപ്പെട്ട കൌഡിന്യന്‍ എന്ന ബ്രാഹ്മണന്‍ തന്റെ അനുഭവകഥ പറയുകയാണിവിടെ. തന്നെ രാജസേവകനായി പോകാന്‍ തെരഞ്ഞെടുത്തുവെന്നറിയിക്കാന്‍ കൂട്ടത്തിലുള്ളവര്‍ എത്തുന്നുവെന്ന് വിദൂഷകന്‍ പറയുന്നു. സ്വതേ അവരാരും തന്റെ ഇല്ലത്തേക്ക് വരാറില്ലെന്നും, തന്നെ അവര്‍ മാറ്റ്യാനായിട്ടാണ് കാണുന്നതെന്നും വിദൂഷകന്‍ പരാതിപ്പെടുന്നു. സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വര്‍ത്തിച്ചിരുന്ന ബ്രാഹ്മണര്‍ക്കിടയില്‍ തന്നെ കുലമഹിമയുടേയും പണത്തിന്റേയും മറ്റും പേരില്‍ വേര്‍തിരിവുകളുണ്ടായിരുന്നുവെന്നാണ് വിദൂഷകന്‍ ചൂണ്ടിക്കാട്ടുന്നത്. ആഡ്യന്‍, ആസ്യന്‍, അപ്ഫന്‍ എന്നിങ്ങനെ നമ്പൂതിരിമാരില്‍ തന്നെ വ്യത്യസ്ത നിലവാരമുള്ളവര്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് വിദൂഷകന്റെ വാക്കുകള്‍. സാമ്പത്തിക ശേഷിയും കുടുംബമഹിമയും മറ്റും അധികമുണ്ടായിരുന്ന ബ്രാഹ്മണര്‍, ഇവയൊന്നും കൃത്യമായി അവകാശപ്പെടാനില്ലാത്ത സാധാരണ ബ്രാഹ്മണരോട് സമഭാവന കാട്ടിയിരുന്നില്ല എന്ന ചരിത്ര യാഥാര്‍ഥ്യമാണിവിടെ തെളിയുന്നത്.

13. 'തന്റെ വീട്ടില്‍ പരമദാരിദ്ര്യമാണ്‌. പലപ്പോഴും ചോറ് കഴിക്കാറില്ല. മുരിങ്ങയില ഉപ്പേരിയാണ് മുഖ്യഭക്ഷണം'.
ലളിതമായ ഈ ആശയം അവതരിപ്പിക്കുവാന്‍ ചാക്യാര്‍ സ്വീകരിച്ച രീതിയുടെ പ്രത്യേകതകള്‍ പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
     
ചാക്യാരുടെ കഥ പറച്ചിലിനെ ശ്രദ്ധേയമാക്കുന്നത് അവതരണത്തിലെ സവിശേഷതകളാണ്. ഹാസ്യത്തിന്റെ പലതരം പ്രയോഗരീതികള്‍ വിദൂഷകന്റെ കഥപറച്ചിലിലുണ്ട്. ധര്‍മ്മപുത്രരാജാവിന്റെ ആശ്രിതനായി കയറിപ്പറ്റാന്‍ വേണ്ടി, താന്‍ ദരിദ്രനാണ് എന്ന ആശയം ഭംഗ്യന്തരേണ ചാക്യാര്‍ (വിദൂഷകന്‍) അവതരിപ്പിക്കുന്നത്‌ വളരെ രസകരമായിട്ടാണ്. തന്റെ ഇല്ലത്ത് ച്ഛിദ്രം തുടങ്ങിയിരിക്കുന്നുവെന്നും അത് മറ്റാരും തമ്മിലല്ല,മുരിഞ്ഞപ്പേരിം  ചോറും തമ്മിലാണെന്നും ചാക്യാര്‍ രാജാവിനോട് പറയുന്നു. രാജാവ് അത്ഭുതപ്പെട്ടു നില്‍ക്കെ വിദൂഷകന്‍ കാര്യം അല്പം കൂടി വിശദമാക്കുന്നു. ആദ്യം മുരിഞ്ഞപ്പേരിക്ക് ചെറിയ സ്ഥാനമേയുണ്ടായിരുന്നുള്ളൂവെന്നും ഇപ്പോള്‍ കയ്യേറിക്കയ്യേറി ചോറിന്റെ സ്ഥാനം പൂര്‍ണമായും മുരിഞ്ഞപ്പേരി പിടിച്ചെടുത്തിരിക്കുന്നുവെന്നുമാണ് ചാക്യാര്‍ പറയുന്നത്.  ചോറിനിപ്പോള്‍ പണ്ട് മുരിഞ്ഞപ്പേരിയ്ക്കുണ്ടായിരുന്ന സ്ഥാനം പോലുമില്ലെന്ന് ചാക്യാര്‍ സൂചിപ്പിക്കുന്നുണ്ട്.തെളിമയുള്ള വാമൊഴിയിലൂടെ, ശൈലീകൃതമായ അവതരണരീതിയിലൂടെ തന്റെ കുടുംബത്തില്‍ ദാരിദ്ര്യമാണെന്ന് രാജാവിനെ ധരിപ്പിക്കാന്‍ ചാക്യാര്‍ക്ക് കഴിഞ്ഞു.


     

Paid Users Only!
Powered By