Topics |
---|
ആമുഖം
'ജലം' ജീവന്‍ നിലനിര്‍ത്തുന്ന സുപ്രധാന ഘടകമാണ്. അത് സംരക്ഷിയ്ക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ പ്രകൃതിസമ്പത്തുകളെ പാഴാക്കാതെ സംരക്ഷിക്കുക. കാടുകള്‍ വെട്ടിയും, നദികളും, പുഴകളും നികത്തിയും നാം ഓരോരുത്തരും മണിമാളികകള്‍ പണിയുമ്പോള്‍ ഓര്‍ക്കുക- നാളത്തെ തലമുറയെയാണ് നാം ദ്രോഹിക്കുന്നതെന്ന്. പ്രകൃതിയില്‍ നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും, നമ്മുടെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ജലലഭ്യത, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള ബോധം നമ്മിലുണ്ടാക്കിത്തരുന്ന ഒരു പാഠഭാഗമാണിത്.
നമ്മുടെ ജീവിതം കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, കാലാവസ്ഥ പരിഗണിച്ചാണ് മനുഷ്യന്‍ തന്റെ പല പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്തുന്നതും. കാലാവസ്ഥ നമ്മുടെ പ്രവൃത്തികളെ സ്വാധീനിക്കുന്നുണ്ടോ? ഈ അഭിപ്രായത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
വേനല്‍ക്കാലവും, മഴക്കാലവും, മഞ്ഞുകാലവും ഏകദേശം നിശ്ചിതമായ കാലയളവിലാണ് സംഭവിക്കുന്നത്. കാലാവസ്ഥ പ്രകൃതിയിലും, മനുഷ്യരിലും, ജീവജാലങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് മരങ്ങള്‍ പൂക്കുന്നത്, തെങ്ങിന്റെ ഓലവെട്ടുന്നത്, ജൂണ്‍- ജൂലായ് മാസങ്ങളില്‍ ഉണ്ടാകുന്ന മഴ, നെല്‍കൃഷിയുടെ ആരംഭം മുതലായവ. കൂടാതെ മത്സ്യങ്ങളുടെ പ്രജനനകാലം മഴക്കാലമായതിനാല്‍ മീന്‍മുട്ടകള്‍ നശിക്കാതിരിക്കാന്‍ ട്രോളിംഗ് നിരോധനം നടത്തുന്നു. മിഥുനം- കര്‍ക്കിടക മാസങ്ങളിലാണ് ആയുര്‍വേദചികിത്സ നടത്തുന്നത്. ഗൃഹനിര്‍മ്മാണം, റോഡ് നിര്‍മ്മാണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും കാലാവസ്ഥ പരിഗണിച്ചാണ് ചിട്ടപ്പെടുത്തുന്നത്.
വിവരസമ്പാദനം
നമ്മുടെ കാര്‍ഷികമേഖലയെ കാലാവസ്ഥ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു?
കാലാവസ്ഥ കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു. നെല്‍കൃഷി, പച്ചക്കറിക്കൃഷി, കിഴങ്ങുകൃഷി തുടങ്ങിയവ മഴക്കാലവുമായി ബന്ധപ്പെട്ട കൃഷികളാണ്. എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് മഴക്കാലം ദുരിതമാണ്. തെങ്ങിന് തടമെടുക്കുന്നതും, വളപ്രയോഗം നടത്തുന്നതും മഴക്കാലത്തിനു തൊട്ടു മുന്‍പാണ്. ഉല്പാദനവര്‍ധനവ് കാലാവസ്ഥയ്ക്ക് അനുസരിച്ച് കുറയുകയും, കൂടുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍ കാലാവസ്ഥയും കാര്‍ഷികമേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.
അപഗ്രഥിച്ച് നിഗമനത്തിലെത്തിച്ചേരുക
'അധികമായാല്‍ അമൃതും വിഷം'. മഴയെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം വാസ്തവമാണ്?
മഴക്കാലം ദുരിതങ്ങളുടെ കാലമാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതും, വെള്ളപ്പൊക്കവും കൃഷിനാശവും ഉണ്ടാകുന്നതും മഴക്കാലത്താണ്. തീരദേശവാസികള്‍ക്ക് വറുതിയുടെ കാലമാണ് മഴക്കാലം. കാരണം കടലാക്രമണം രൂക്ഷമാകുകയും, മീന്‍പിടിത്തക്കാര്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. മണ്ണിടിച്ചില്‍ കാരണം ഗതാഗത തടസ്സം, ശക്തമായ കാറ്റിലും, മഴയിലും വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലാകുന്നു തുടങ്ങി ധാരാളം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നു.