Topics |
---|
'ഓണനാളിനെ നിങ്ങള്‍ മറന്നു' എന്നു കവി പരിഭവപ്പെടാനിടയാക്കിയ സാഹചര്യങ്ങള്‍ കവിതയില്‍ നിന്നു കണ്ടെത്തുക. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
മലയാളികളുടെ ദേശീയോത്സവമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം. ദാരിദ്യമില്ലാതെയും, കളവും, ചതിയുമില്ലാത്തതുമായ ഒരു പഴയ കാലത്തിന്റ ഓര്‍മ്മ പുതുക്കലാണ് ഓണത്തിന്റെ ലക്ഷ്യം. ഓണം മലയാളിക്ക് ആഘോഷത്തിന്റെ കാലം മാത്രമല്ല. മനുഷ്യനും, പ്രകൃതിയും ഒന്നായി നിന്നുകൊണ്ട് വിളംബരം ചെയ്യുന്ന സമൃദ്ധിയുടെ നാളുകള്‍ കൂടിയാണിത്. സമൃദ്ധിയും, സമത്വവും സമന്വയിക്കുമ്പോഴാണ് ഓണാഘോഷം മഹത്തരമാകുന്നത്. പൂവിളിയും, പാട്ടും, കൈകൊട്ടിക്കളിയും, നൃത്തമാടലും, ചന്തയിലേക്കുള്ള പാച്ചിലുമെല്ലാം ഓണത്തെ സജീവമാക്കിയിരുന്നു. ഇന്ന് അതില്‍ പലതും നഷ്ടമായിരിക്കുന്നു. മനുഷ്യന്‍ ഉപഭോഗസംസ്കാരത്തിന്റെ പിന്നാലെ പായുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. പ്രകൃതിജന്യ വസ്തുക്കളെ അവന്‍ അവഗണിക്കുകയും കൃത്രിമത്വത്തിനു പിന്നാലെ പായുകയും ചെയ്യുന്നു. ഓണത്തിന്റെ തനിമ നഷ്ടപ്പെടാന്‍ കാരണമിതാണ്. ഈ അവസ്ഥ കണ്ട് നമ്മുടെ കവി അതീവ ദുഃഖിതനാണ്. പ്രകൃതിയില്‍ മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും കണ്ട കവിയാണല്ലോ കുഞ്ഞിരാമന്‍നായര്‍.
പൂവിളികള്‍ കൊണ്ട് ഓണനാളിനെ എതിരേല്‍ക്കാന്‍ കിളികള്‍ വരുന്നില്ല. തേവരെ എതിരേല്‍ക്കാന്‍ പോലും മറന്നു പോയിരിക്കുന്നു. കാട്ടരുവികളും, തേനൂറുന്ന ഓണപ്പാട്ടുകള്‍ പാടി ഒഴുകുന്നില്ല. മണ്‍കുടിലിന്റെ മുന്നില്‍ മത്തവള്ളി നിറകുടം വയ്ക്കുമ്പോള്‍ ശീമച്ചെടി നാണം കൊണ്ടാണോ കൈകൊട്ടിക്കളിക്കാത്തത്? മലനാടിനെ പൊന്നിന്‍ നിറത്തിലാഴ്ത്തുന്ന മഹാബലിയുടെ തേരിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍, പ്രഭാതത്തില്‍ തുമ്പികള്‍ പറക്കുമ്പോള്‍, മലനാട്ടിലെ പൂക്കളേ, നിങ്ങള്‍ ഇളം കാറ്റില്‍ നൃത്തമാടാത്തെന്താണ്? ഓണനാളിനെ നിങ്ങള്‍ മറന്നു എന്നു കവി പരിഭവപ്പെടാനിടയാക്കിയ സാഹചര്യങ്ങള്‍ ഇതൊക്കെയാണ്.
കാനനനിര്‍ഝരികളേ, നിങ്ങളും
തേനൂറുന്നോരാപ്പാട്ടു മറന്നുവോ? ആരെക്കുറിച്ചാണ് കവി ഇവിടെ പറയുന്നത്?
കാട്ടരുവികള്‍ ഓണപ്പാട്ടുപാടി ഒഴുകുന്നു എന്ന് കവി പറയുകയാണ്. കാട്ടരുവികള്‍ പോലും തേന്‍പോലെ മധുരമായ പാട്ടുപാടി ഒഴുകുന്നില്ല എന്നു പറഞ്ഞ് കവി പരിഭവിക്കുകയും ചെയ്യുന്നു. ഈ നാട് ഓണം മറന്നാലും, ഓണം ഒരിക്കലും നിങ്ങളെ കൈവെടിയുകയില്ല എന്ന പ്രതീക്ഷ കവി ഈ കവിതയിലുടനീളം പറയുന്നു.
ചമ്പകപ്പുലര്‍പ്പൊന്‍വെയില്‍നാളത്തില്‍
തുമ്പികള്‍ തന്‍ വിമാനമുയരുമ്പോള്‍,
നൃത്തമാടാത്ത തെന്തീയിളം കാറ്റില്‍
മുത്തണിമലനാട്ടിലെപ്പൂക്കളേ? ഈ വരികളുടെ വിശദാംശം എന്താണ്?
സൂര്യന്‍ ഉദിച്ചുവരുന്ന പുലരിയിലെ വെയിലില്‍ തുമ്പികള്‍ പറന്നു നടക്കുമ്പോള്‍ ഇളം കാറ്റില്‍ നൃത്തം ചെയ്യാന്‍ മറന്നു പോയ കേരളനാട്ടിലെ പൂക്കളേ നിങ്ങള്‍ ഓണത്തെ വരവേല്‍ക്കാന്‍ മറന്നു പോയോ എന്നാണ് കവി ഈ വരികളിലൂടെ ചോദിക്കുന്നത്. തുമ്പികളേയും, പൂക്കളേയും, കാറ്റിനേയും എന്തെല്ലാം വിശേഷണങ്ങള്‍ കൊണ്ടാണ് കവി ഇവിടെ വിവരിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ ഉള്ളില്‍ തേനൂറുന്ന സന്തോഷം പകരാന്‍ വരുന്ന ഓണത്തെ നാം മറന്നാലും ഓണം നമ്മെ മറക്കില്ല എന്ന് കവി പ്രതീക്ഷിക്കുന്നു.
ഓണനാളിനെ നമ്മള്‍ മറന്നാലും ഓണം നമ്മെ വെടിയില്ലെന്ന പ്രതീക്ഷയുണ്ട് കവിക്ക്. ഇന്ന് ഈ പ്രതീക്ഷയ്ക്ക പ്രസക്തിയുണ്ടോ?
കവിയുടെ പ്രതീക്ഷയ്ക്ക് പ്രസക്തി കുറവാണെന്ന് പറയുവാന്‍ വയ്യ. കാരണം പഴയ പ്രതാപത്തോടെ അല്ലെങ്കിലും ഒരു പുതിയ ആഘോഷതലം ഇന്നും നിലനില്‍ക്കുന്നു. ഉപഭോഗസംസ്കാരവും, കൃത്രിമമായ വസ്തുക്കളുടെ ഉപയോഗവും ഓണാഘോഷത്തിന്റെ തനിമയ്ക്ക് മങ്ങലേല്‍പ്പിച്ചാലും ആഘോഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രകൃതിജന്യമായ പൂക്കളും, വിഭവങ്ങളും കുറവായാലും കൃത്രിമ വസ്തുക്കളുടെ ഉപയോഗം നാം കൈവെടിയില്ലല്ലോ? ഉപ്പ്, പ്ലാസ്റ്റിക് പൂക്കള്‍ എന്നിവ ഉപയോഗിച്ചുള്ള പൂക്കളങ്ങളും, ഹോട്ടലിലെ ഓണസദ്യയുമൊക്കെ പെട്ടെന്ന് അവസാനിക്കുമെന്ന് കരുതുക വയ്യ. ഓണക്കളികള്‍ പലതും മണ്‍മറഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ക്കു മുമ്പില്‍ മിഴിയും നട്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്ന് മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നത്.
"ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ത്തന്നെ കഞ്ഞി". - ഈ പഴഞ്ചൊല്ലിന്റെ ആശയം വരുന്ന വരികള്‍ പാഠഭാഗത്തു നിന്നെടുത്തെഴുതുക.
കാത്തിരിക്കുന്നതാരെയോ പൊന്നോണ-
ക്കോടി കാണാത്ത താളും തകരയും?
താളും, തകരയും കൃഷിചെയ്യാതെ പാഴ് നിലങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്നു. ആരും അവയെ ശ്രദ്ധിക്കാറില്ല. ഓണമായാലും മറ്റു വിശേഷദിവസങ്ങളായാലും താളും, തകരയം ആരാലും ശ്രദ്ധിക്കപ്പെടാറില്ല അവയെ പാഴ് ചെടികളായി കരുതുകയാണ് ചെയ്യുന്നത്.
"ചന്തയില്‍ നിന്നു വരുന്ന കാറ്റ് " എന്ന പ്രയോഗം ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ അര്‍ഥമുള്ളതാകുന്നുണ്ടോ? ഏതു സന്ദര്‍ഭത്തില്‍?
മനുഷ്യന്‍ ഇന്ന് പൂര്‍ണ്ണമായും ഉപഭോഗസംസ്കാരത്തിന്റെ അടിമയായിത്തീര്‍ന്നിരിക്കുന്നു. ശുദ്ധവായി പോലും നാട്ടിന്‍ പുറങ്ങളില്‍ ലഭിക്കാനില്ലാത്ത സാഹചര്യമാണിന്ന്. ഇന്നത്തെ ജനത കൃഷിയെത്തന്നെ മറന്നിരിക്കുന്നു. ചന്തയില്‍പ്പോയി എന്തും വാങ്ങിക്കൊണ്ടുവരാന്‍ നാം മടിക്കുന്നില്ല. കാറ്റുപോലും ചന്തയില്‍ നിന്നു വാങ്ങിക്കൊണ്ടുവരേണ്ട അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ഒരു ഓണപ്പാട്ട് തയ്യാറാക്കാമോ?