Back to home

Topics


ഒരു ചെറുപുഞ്ചിരി

'ഒരു ചെറുപുഞ്ചിരി' എന്ന തിരക്കഥയില്‍ നിന്നു ജീവിതത്തെക്കുറിച്ച് ചില കാഴ്ചപ്പാടുകള്‍ തെളിഞ്ഞു കിട്ടുന്നുണ്ടല്ലോ. കുടുംബബന്ധങ്ങളിലെ ആര്‍ദ്രതയും ദാര്‍ഢ്യവും, പ്രകൃതി - മനുഷ്യബന്ധം, ജീവിതത്തിലെ ലാളിത്യം മുതലായവ അവയില്‍ ചിലതാണ്. മറ്റെന്തൊക്കെ കണ്ടെത്താനാവും? ഇത്തരം കാഴ്ചപ്പാടുകളെ സമകാലികജീവിതവുമായി താരതമ്യം ചെയ്യൂ.
എം.ടി. വാസുദേവന്‍നായരുടെ 'ഒരു ചെറുപുഞ്ചിരി' എന്ന രചനയില്‍ വാര്‍ദ്ധക്യത്തിലും, സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കുറുപ്പും അമ്മാളുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഗ്രാമത്തിലെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കുകയാണവര്‍. മക്കളാരും അടുത്തില്ല എന്നതിലും സുഖസൗകര്യങ്ങള്‍ തേടിയവര്‍ നഗരത്തിലേക്ക് പോയതിലും അവര്‍ക്ക് പരിഭവമില്ല. മക്കളോട് മാത്രമല്ല, ചുറ്റുപാടുമുള്ള ദരിദ്രജനങ്ങളോടും അവര്‍ സഹാനുഭൂതിയോടെ പെരുമാറുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയും സഹജീവികളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹത്തില്‍  സ്നേഹത്തിന്റെയും പരിഗണനയുടെയും നിറസാന്നിദ്ധ്യമായാണ് ഈ ദമ്പതികളെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും ഈ കഥയില്‍ കാണാം. കുറുപ്പും അമ്മാളുവും നല്ല കൃഷിക്കാരാണ്. അവര്‍ കരുതലോടെ ഓരോ ചെടിയേയും വളര്‍ത്തുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതുകൊണ്ട് അവര്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നില്ല. കുറുപ്പിന്റെ മരണശേഷം തോട്ടത്തിലിറങ്ങുന്ന അമ്മാളു പ്രകൃതിയുടെ സാന്ത്വനം ഏറ്റുവാങ്ങുന്നു. അത്യന്തം ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തമാണിത്. പ്രകൃതിയുടെ നിറസാന്നിദ്ധ്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആധുനികകാലത്ത് മനുഷ്യന് പ്രശ്നങ്ങള്‍ കൂടി വരുന്നു. പ്രകൃതിയിലേക്ക് മടങ്ങിയാലേ മനുഷ്യന് യഥാര്‍ത്ഥ സമാധാനം ലഭിക്കുകയുള്ളൂ.
                 ലളിതമായ ജീവിതമാണ് കുറുപ്പും അമ്മാളുവും നയിക്കുന്നത്. ആരെയും സഹായിക്കാന്‍ അവര്‍ക്ക് മടിയില്ല. പുറമേ സ്നേഹം കാണിച്ചില്ലെങ്കിലും കുറുപ്പ് ഒരു പച്ചമനുഷ്യനാണ്. ഓരോ കാര്യത്തിലും ലാളിത്യമാണ് അവര്‍ കാണിച്ചുതരുന്നത്. പുറംപകിട്ടില്‍ അവര്‍ക്ക്  വിശ്വാസമില്ല. ആര്‍ഭാടങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിനു ലാളിത്യം നഷ്ടമായിരിക്കുന്നു. അമ്മാളുവും കുറുപ്പും വാര്‍ദ്ധക്യം ഒരു ആഘോഷമാക്കുകയാണ്. വാര്‍ദ്ധക്യം ശാപമായി കാണുന്ന ഇക്കാലത്ത് ശപിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നതിനേക്കാള്‍ നല്ലത് സന്തോഷത്തോടെ വാര്‍ദ്ധക്യത്തെ നേരിടുന്നതാണ് നല്ലതെന്ന് ഈ കഥ നമുക്ക് പറഞ്ഞു തരുന്നു. പ്രകൃതിയോട് ഇണങ്ങി മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും ജീവിക്കുമ്പോള്‍ സന്തോഷവും,തനിച്ചല്ലെന്ന ബോധവും ഉണ്ടാകുന്നു.
 "അമ്മാളു തൂണിനടുത്തുനിന്നു മുറ്റത്തേക്കിറങ്ങി പതുക്കെപ്പതുക്കെ തോട്ടത്തിലേക്ക്. അപ്പോള്‍ വീശിയ കാറ്റില്‍ തോട്ടത്തിലെ ഇലകളും വള്ളികളും അവരുടെ സാമീപ്യം മനസ്സിലാവുംപോലെ ചലിക്കുന്നു. പന്തലില്‍ പടര്‍ത്തിയ ചില വള്ളികള്‍ അവരെ ആശ്ലേഷിക്കുന്നു. ഞാന്‍ തനിച്ചല്ല എന്ന ആശ്വാസത്താല്‍ ദുഃഖഛായ മാഞ്ഞ് ആ മുഖം ശാന്തമാവുന്നു. ചെടികളുടെ ആഹ്ലാദം."
സിനിമ ഇത്തരമൊരു ദൃശ്യത്തില്‍ അവസാനിപ്പിക്കുന്നതിന്റെ ഔചിത്യമെന്താവാം? നിഗമനങ്ങള്‍ പൊതുവായി അവതരിപ്പിക്കൂ.
കുറുപ്പിന്റെ മരണശേഷം അമ്മാളുവിനെ തനിച്ചാക്കി ബന്ധുക്കളെല്ലാം യാത്രയാകുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ അമ്മാളു തോട്ടത്തിലേക്ക് ഇറങ്ങുന്നു. അമ്മാളുവും കുറുപ്പും പ്രകൃതിയോടിണങ്ങി ജീവിച്ചവരാണ്. കുറുപ്പിന്റെ അഭാവത്തില്‍ ആശ്വാസത്തിനായി അമ്മാളു പ്രകൃതിയിലേക്ക് ഇറങ്ങുകയാണ്. അമ്മാളുവിന്റെ ഒറ്റപ്പെടല്‍ ബന്ധുക്കളെക്കാള്‍ പ്രകൃതിക്ക് മനസ്സിലാവുന്നു എന്നാണു പ്രകൃതിയുടെ ഭാവഭേദങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. തണുത്ത കാറ്റ് അവരെ തഴുകുന്നു, അവര്‍ നട്ടുപിടിപ്പിച്ച വള്ളികള്‍ അവരെ ആശ്ലേഷിക്കുന്നു, നിങ്ങള്‍ തനിച്ചല്ല നിങ്ങള്‍ക്ക് ഞങ്ങളുണ്ട് എന്ന് ചെടികള്‍ പറയുന്നതുപോലെ അമ്മാളുവിന് അനുഭവപ്പെടുന്നു. കുറുപ്പിന്റെ സാന്നിദ്ധ്യവും പ്രകൃതിയില്‍  നിന്ന് അവര്‍ക്ക് അനുഭവപ്പെടുന്നു. അമ്മാളുവിന്റെ ഏക ആശ്രയം എന്നന്നേക്കുമായി നഷ്ടപ്പെട്ട ദുഃഖം പ്രകൃതിയുടെ സാന്ത്വനത്തിലൂടെ അവര്‍ മറക്കാന്‍ ശ്രമിക്കുന്നു. അയാളെക്കുറിച്ചുള്ള ഓര്‍മ്മ അമ്മാളുവിന് ധൈര്യം പകരുന്നു. അമ്മാളുവിന്റെ ഒറ്റപ്പെടലിലാണ് സിനിമ അവസാനിച്ചതെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ അത് ഏറെ ദുഃഖം നല്കുമായിരുന്നു. എന്നാല്‍ പ്രകൃതിയുടെ സാന്നിദ്ധ്യത്തില്‍  ദുഃഖം മറന്ന് സന്തോഷത്തിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും അമ്മാളു തിരിച്ചു വരുന്നത് കഥയ്ക്ക് ശുഭകരമായ അന്ത്യം നല്കുന്നു. 'ഒരു ചെറുപുഞ്ചിരി' എന്ന തലക്കെട്ട് സിനിമയ്ക്ക് അന്വര്‍ത്ഥമാക്കുകയാണ്  ഈ ദൃശ്യം. ദുഃഖം നിറഞ്ഞ സന്ദര്‍ഭത്തിലും പ്രകൃതിയുടെയും കഥാപാത്രത്തിന്റെയും സന്തോഷത്തിലാണ് സിനിമ അവസാനിക്കുന്നത്.
  'ഒരു ചെറുപുഞ്ചിരി' എന്ന തിരക്കഥ പൂര്‍ണ്ണമായി വായിച്ച് കുറുപ്പ്, അമ്മാളു, കണ്ണന്‍ എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകളള്‍ കണ്ടെത്തുക.
'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ് കുറുപ്പ്, അമ്മാളു,കണ്ണന്‍ എന്നിവര്‍. കുറുപ്പ് ജോലിയില്‍ നിന്നും വിരമിച്ചശേഷം കൃഷി ചെയ്ത് ജീവിക്കുകയാണ്. അയാളുടെ മക്കളെല്ലാം ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നു. ആരോടും ഒരു പരിഭവമോ പിണക്കമോ ഇല്ലാതെയാണ് കുറുപ്പ് ജീവിക്കുന്നത്. തോട്ടത്തില്‍ ചെടികളെ നട്ടുവളര്‍ത്തി പ്രകൃതിയോടിണങ്ങിയാണ് അയാള്‍ കഴിയുന്നത്. പുറമേ പരുക്കനാണെങ്കിലും  ഒരു പച്ചമനുഷ്യനാണ് കുറുപ്പ്. മാവില്‍ കല്ലെറിയുന്ന കുട്ടികളെ അയാള്‍ ശകാരിക്കുന്നു. രാക്ഷസന്‍ എന്നാണു നാട്ടുകാര്‍ വിളിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും അയാളുടെ മനസ്സില്‍ എല്ലാവരോടും സ്നേഹവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്. അനാഥനായ കണ്ണനെ സ്കൂളില്‍ ചേര്‍ക്കുന്നതും പഠിപ്പിക്കുന്നതും കുറുപ്പാണ്. ജാനുവിന് ജോലി വാങ്ങി കൊടുക്കുന്നതും, അവള്‍ക്കും  ഭര്‍ത്താവിനും അഭയം കൊടുക്കുന്നതും കുറുപ്പാണ്. ജാതി, മതം, സമ്പത്ത് എന്നിവയ്ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനോഭാവം കുറുപ്പിനുണ്ടായിരുന്നു. കൊച്ചുമകള്‍ മുസ്ലീം യുവാവിനെ പ്രണയിക്കുന്നതറിഞ്ഞ് അവരെ ഒരുമിപ്പിക്കാന്‍ കുറുപ്പ് മുന്‍കൈ എടുക്കുന്നു. ഗ്രാമീണരുടെ നന്മ നമുക്ക് കുറുപ്പില്‍ കാണാന്‍ കഴിയും.
കുറുപ്പിന്റെ ശക്തിയും പ്രചോദനവും അയാളുടെ ഭാര്യ അമ്മാളുവാണ്. വാര്‍ദ്ധക്യത്തിലും നര്‍മ്മബോധം കൈവെടിയാത്ത കഥാപാത്രമാണ് അമ്മാളു. പഴയ വിവാഹാലോചനയുടെ കാര്യം അമ്മാളു ഇടയ്ക്കിടക്ക് പറയുന്നത് ഉദാഹരണമാണ്. വീട്ടുപണിയും തോട്ടത്തിലെ പണിയും കുറുപ്പിനോടൊപ്പം നിന്ന് അമ്മാളു ചെയ്യുന്നു. ആരോടും അവര്‍ക്ക് പരിഭവമില്ല. കുറുപ്പിന്റെ മരണശേഷം ഗ്രാമത്തില്‍ നിന്നും പോകാന്‍ അവര്‍ തയ്യാറാകുന്നില്ല. കുറുപ്പിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട്ടില്‍ പ്രകൃതിയോടിണങ്ങി അവര്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഗ്രാമീണനന്മയുടെ പ്രതീകമാണവര്‍. കണ്ണനെ വാത്സല്യത്തോടെയും സ്നേഹത്തോടെയും അവര്‍ സംരക്ഷിക്കുന്നു.
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്  കണ്ണന്‍. ഇളയമ്മയുടെയും  അച്ഛന്റെയും ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് അവന്‍ കഴിയുന്നത്. ഉച്ചക്കഞ്ഞി നിര്‍ത്തിയതിനാല്‍ അവന്‍ സ്കൂളില്‍ പോകുന്നില്ല. വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ വീടുവിട്ടിറങ്ങുന്ന അവന്‍ അങ്ങാടിയില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുകയും, വല്ലവരുടെയും പറമ്പിലെ കായ്കനികള്‍ മോഷ്ടിച്ചു തിന്നുകയും ചെയ്യുന്നു. കണ്ണന്റെ അവസ്ഥ മനസ്സിലാക്കിയ അമ്മാളുവും കുറുപ്പും അവനെ സ്വന്തം കൊച്ചുമകനെപ്പോലെ സംരക്ഷിക്കുന്നു. അവരില്ലാത്തപ്പോള്‍ അവന്‍ വീടിന് കാവല്‍ക്കാരനാവുകയും, ചെടികളേയും പശുവിനേയും പരിപാലിക്കുകയും ചെയ്ത് തന്റെ കടമ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഗ്രാമീണനിഷ്കളങ്കതയുടെ പര്യായമായി കണ്ണനെന്ന കഥാപാത്രത്തെ എഴുത്തുകാരന്‍ ഇവിടെ അവതരിപ്പിക്കുന്നു.
 'ഒരു ചെറുപുഞ്ചിരി'യിലെ കുറുപ്പ് പറയുന്നത് ശ്രദ്ധിക്കൂ. മനുഷ്യാവസ്ഥയെപ്പറ്റി നമുക്കൊന്നും പറയാന്‍ പറ്റില്ല. ഈ ആശയത്തെ യൂണിറ്റിലെ പാഠഭാഗങ്ങളുമായി ചേര്‍ത്തു വച്ച് പരിശോധിക്കൂ.
'അങ്ങേവീട്ടിലേക്ക് , ദശരഥവിലാപം, എഴുപതുകാരുടെ യോഗം, ഒരു ചെറുപുഞ്ചിരി എന്നീ പാഠഭാഗങ്ങള്‍ വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് അവതരിപ്പിക്കുന്നത്. 'മനുഷ്യാവസ്ഥയെപ്പറ്റി നമുക്കൊന്നും പറയാന്‍ പറ്റില്ല' എന്ന ആശയം എല്ലാ പാഠഭാഗങ്ങളിലും പ്രസക്തമാണ്. വിവാഹം കഴിച്ചയച്ച മകളെ കാണാന്‍ പോകുന്ന വൃദ്ധന് നേരിടേണ്ടി വരുന്ന ദുരനുഭവമാണ്‌ 'അങ്ങേവീട്ടിലേക്ക് ' എന്ന കവിതയില്‍ കവി അവതരിപ്പിക്കുന്നത്. ധനികനായ ഒരുവന്‍ മകളെ കാണാന്‍ മരുമകന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മരുമകന്‍ അയാളെ അവഗണിക്കുന്നു. മകള്‍ക്ക് അച്ഛനെ സ്വീകരിച്ചിരുത്താന്‍ കഴിയുന്നില്ല. വഴിതെറ്റി വന്നതാണെന്ന് പറഞ്ഞ് പിതാവ് അവിടെ നിന്നും പോകുന്നു. വാര്‍ദ്ധക്യത്തില്‍ വൃദ്ധര്‍ അനുഭവിക്കുന്ന അവഗണനയാണ് ഈ കവിതയില്‍ കാണാന്‍ കഴിയുന്നത്.

ദശരഥന്റെ അമ്പേറ്റ് വൃദ്ധരും അന്ധരുമായ മാതാപിതാക്കള്‍ക്ക് മകനെ നഷ്ടപ്പെടുമ്പോളുണ്ടാകുന്ന ദുഃഖമാണ് ദശരഥവിലാപത്തില്‍ കാണാന്‍ കഴിയുന്നത്. പുത്രദുഃഖം സഹിക്കാനാവാതെ ആ വൃദ്ധദമ്പതികള്‍ മരണമടയുന്നു. മക്കളെ വേര്‍പിരിയേണ്ടി വരുന്ന മാതാപിതാക്കളുടെ ദുഃഖമാണ് നാം ഇവിടെ കാണുന്നത്. ദശരഥനും ശാപഫലമായി പുത്രനെ പിരിയേണ്ടി വരുന്നു. എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിട്ടും പുത്രദുഃഖമെന്ന വേദനയില്‍ ദശരഥന്‍  മരണമടയുന്നു. മനുഷ്യാവസ്ഥയെക്കുറിച്ച് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഈ കാവ്യഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നു.
'എഴുപതുകാരുടെ യോഗം' എന്ന കഥ എഴുപതു വയസ്സുകഴിഞ്ഞാല്‍ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ചിന്ത ഇല്ലാതാക്കാമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. മകന്റെ മരണശേഷം വൃദ്ധനായ അച്യുതന്‍ മാഷിന് അയാളുടെ കുടുംബത്തെ നോക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നു. വിശ്രമജീവിതം നയിച്ചിരുന്ന അച്യുതന്‍ മാഷിന് അപ്രതീക്ഷിതമായാണ്  ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നത്.
എഴുപതു കഴിഞ്ഞാല്‍ ജീവിതം അവസാനിക്കുന്നില്ല എന്നും ഈ സമൂഹത്തില്‍  നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
'ഒരു ചെറുപുഞ്ചിരി' എന്ന തിരക്കഥാഭാഗവും മനുഷ്യാവസ്ഥയെപ്പറ്റി നമുക്ക് പറയാന്‍ കഴിയില്ല എന്ന പ്രസ്താവനയുമായി ഇണങ്ങുന്നതാണ്. അസുഖം വന്ന് ചികിത്സ തേടുന്നത് അമ്മാളുവാണ്. എന്നാല്‍ ഒരസുഖവുമില്ലാതിരുന്ന കുറുപ്പ് മരണത്തിന് കീഴടങ്ങുന്നു. മനുഷ്യജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുകയില്ല. വ്യത്യസ്തമായ മനുഷ്യാവസ്ഥകളാണ് ഈ രചനകളിലെല്ലാം നമുക്ക് കാണാന്‍ കഴിയുന്നത്.
 ഇക്കാലത്ത് വൃദ്ധസദനങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായമുള്ളവരുണ്ട്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവും. ഒരു സംവാദം സംഘടിപ്പിക്കൂ.


വൃദ്ധജനങ്ങളോടുള്ള മനോഭാവത്തില്‍ പുതിയ തലമുറയ്ക്ക് വന്ന മാറ്റമാണ് വൃദ്ധസദനങ്ങള്‍ പെരുകുന്നതിന് കാരണം. തങ്ങളുടെ ആരോഗ്യവും സമ്പത്തും എല്ലാം മക്കള്‍ക്കുവേണ്ടി വിനിയോഗിച്ച മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ ശരിയായ വിശ്രമവും ശാന്തിയും അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ന് അതിനുപകരം അവഗണനയാണ് അവര്‍ അനുഭവിക്കുന്നത്. ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകത ഏതു വ്യക്തിയേയും അവരുടെ പ്രയോജനപരതയെ മാത്രം കണക്കാക്കി സ്നേഹിക്കുന്നു അഥവാ പരിഗണിക്കുന്നു എന്നതാണ്. മാതാപിതാക്കളെ സ്നേഹിക്കുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സാധിച്ചുകൊടുക്കുകയും ചെയ്യേണത് നാം ഓരോരുത്തരുടേയും കര്‍ത്തവ്യമാണ്. മക്കളില്ലാത്ത വൃദ്ധജനങ്ങള്‍ക്ക് ചിലപ്പോള്‍ വൃദ്ധസദനങ്ങള്‍ അഭയമേകാറുണ്ട്. എന്നാല്‍ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നവരുടെ മനോവേദന നാം മനസ്സിലാക്കണം. എത്ര തിരക്കുണ്ടെങ്കിലും നമ്മെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുകയും, അവരോടു സ്നേഹത്തോടും അനുകമ്പയോടും കൂടി സംസാരിക്കുകയും വേണം. അതിന്റെ ആവശ്യം പുതിയ തലമുറക്കാര്‍ നാമോരോരുത്തരില്‍ നിന്നുമാണ് പഠിക്കേണ്ടത്. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അങ്ങനെയൊരു മനസ്സുണ്ടെങ്കില്‍ വൃദ്ധസദനങ്ങളുടെ ആവശ്യം ഉണ്ടാകുന്നില്ല.
മനുഷ്യമനസ്സാക്ഷി മരവിച്ചിരിക്കുന്ന ഇക്കാലത്ത് വൃദ്ധസദനങ്ങള്‍ അനിവാര്യമായി മാറുന്നു. കുടുംബങ്ങളില്‍ നിര്‍ദ്ദാക്ഷിണ്യം അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഉണ്ടായേ തീരു. അതുപോലെ മക്കള്‍ വിദേശത്തും മറ്റും ജോലിതേടി പോകുമ്പോള്‍ അവര്‍ക്ക് മാതാപിതാക്കളെ സംരക്ഷിക്കാനോ കൂടെ പാര്‍പ്പിക്കാനോ കഴിയില്ല. ഈ അവസ്ഥയില്‍ വൃദ്ധസദനങ്ങള്‍ ആവശ്യമായി വരുന്നു. മക്കള്‍ക്ക് മാതാപിതാക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാനും സംരക്ഷണം നല്കുവാനും വൃദ്ധസദനങ്ങള്‍ വേണ്ടി വരുന്നു. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ മക്കളുടെ സംരക്ഷണം ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് വൃദ്ധസദനങ്ങള്‍ ഒരനുഗ്രഹം തന്നെയാണ്.
 'ഞാനേയ്, കുറച്ചീസായി പറേണംന്നു വിചാരിച്ചിട്ട്, ആലൂര് ന്ന് വന്ന ആലോചനടെ കാര്യം'.
ഈ സംഭാഷണഭാഗം മാനകഭാഷയിലേക്ക് മാറ്റി എഴുതാമോ?
സന്ദര്‍ഭത്തിന് ചേരുന്ന ഭാഷാരീതി ഏതാണെന്നും, എന്തുകൊണ്ടാണെന്നും വിശദമാക്കണം.
'ഞാന്‍ കുറച്ചു ദിവസമായി പറയണം എന്ന് വിചാരിച്ചിട്ട് ,ആലൂരു നിന്ന് വന്ന ആലോചനയുടെ കാര്യം.'
തിരക്കഥാഭാഗത്തെ ഭാഷാരീതിയാണ് സന്ദര്‍ഭത്തിനിണങ്ങുന്നത്. കാരണം ഭാഷയുടെ ജീവന്‍ വാമൊഴിയിലാണ്. സംഭാഷണം അച്ചടിഭാഷയാല്‍ ഭാഷയുടെ ശക്തിയും ചൈതന്യവുമാണ് ഇല്ലാതാകുന്നത്.
  'പൂമുഖത്ത് കുറച്ചാളുകള്‍ കൂടി നില്ക്കുന്നു. ചെറിയൊരു മനുഷ്യന്റെ മരണമാണ്.' കുറുപ്പിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്ന ലാളിത്യത്തിലേക്കാണോ ഈ തിരക്കഥാഭാഗം ആസ്വാദകരുടെ ശ്രദ്ധ തിരിക്കുന്നത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ലാളിത്യമാണ് കുറുപ്പിന്റെ ജീവിതത്തിന്റെ മുഖമുദ്ര. ധാരാളിത്തത്തോടെ ജീവിക്കാനുള്ള സാഹചര്യം കുറുപ്പിനുണ്ടായിരുന്നു. മക്കള്‍ വിദേശത്തും സ്വദേശത്തുമായി നല്ല രീതിയില്‍ ജീവിക്കുന്നു. കുറുപ്പിന് വേണമെങ്കില്‍  ആര്‍ഭാടത്തോടെയും ധൂര്‍ത്തടിച്ചും ജീവിക്കാമായിരുന്നു. എന്നാല്‍ ആര്‍ഭാടത്തിലൊന്നും കുറുപ്പിന് താല്പ്പര്യം ഉണ്ടായിരുന്നില്ല. ലളിതമായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സഹജീവികളോട് സ്നേഹവും കരുണയും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വയം നട്ടുവളര്‍ത്തിയ കായ്കനികളായിരുന്നു അവരുടെ ആഹാരം. ഇന്നത്തെ കാലത്ത് എല്ലാറ്റിനും പൊങ്ങച്ചവും ആര്‍ഭാടവുമാണ്. എന്നാല്‍ കുറുപ്പിന്റെ മരണം പോലും ലളിതമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ലാളിത്യമാണ് ആദര്‍ശം എന്ന ധ്വനിയാണ് ഇതിലൂടെ തിരക്കഥാകൃത്ത്‌ പകര്‍ന്നു നല്കുന്നത്.

Paid Users Only!
Powered By