Topics |
---|
തറവാടു കത്തിച്ചാമ്പലായാലും താഴ്ന്ന ജാതിക്കാര്‍ കിണര്‍ തൊട്ട് അശുദ്ധമാക്കരുതെന്ന കാരണവരുടെ മനോഭാവത്തോടു നിങ്ങള്‍ യോജിക്കുന്നുണ്ടോ? യുക്തിപൂര്‍വ്വം സ്വാഭിപ്രായം സ്ഥാപിച്ച് കുറിപ്പ് തയാറാക്കുക.
കാരണവരുടെ മനോഭാവത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയുകയില്ല. കാരണം എല്ലാവരും മനുഷ്യരാണ്. താഴ്ന്ന ജാതിക്കാര്‍ തൊട്ടാല്‍ ഒന്നും അശുദ്ധമാകുന്നില്ല. ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാം ഒന്നാണ്. മനുഷ്യനാണ് മനുഷ്യരെ താഴ്ന്നവരെന്നും, ഉയര്‍ന്നവരെന്നും വേര്‍തിരിച്ചത്. തറവാട് കത്തിനശിച്ചാലും തഴ്ന്ന ജാതിക്കാര്‍ വീടും, കിണറും തൊട്ട് അശുദ്ധമാക്കാതിരുന്നാല്‍ മതി എന്ന ചിന്തയാണ് കാരണവര്‍ക്ക്. ആപത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ജാതി നോക്കിയാല്‍ അത് എത്ര അപകടകരമായിരിക്കും. ജാതിഭേദവും മതദ്വേഷവുമില്ലാതെ മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന ലോകമാണ് നാം സ്വപ്നം കാണുന്നത്.
'നായരേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍' ശുദ്ധരില്‍ ശുദ്ധന്‍ എന്ന പ്രയോഗം കൊണ്ട് കവി ധ്വനിപ്പിക്കുന്ന ആശയമെന്താവാം? ഏതെല്ലാം അര്‍ത്ഥത്തില്‍ ഈ പ്രയോഗത്തെ കാണാനാവുമെന്നു വിശദീകരിക്കുക.
'ശുദ്ധരില്‍ ശുദ്ധന്‍' എന്ന് കാരണവരെ കളിയാക്കികൊണ്ട് കവി വിളിക്കുന്നു. വീടുകത്തി നശിച്ചാലും കിണര്‍ അശുദ്ധമാകരുതെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. വീട് കത്തി നശിക്കുന്നത് നോക്കി നിന്ന നിങ്ങളില്‍ എന്തു ശുദ്ധിയാണുള്ളത് എന്നും ഇത്തരമൊരു വിഡ്ഡിത്തം ഭവാന്‍ മാത്രമേ ചെയ്യൂ എന്നും കവി ആക്ഷേപിക്കുന്നു. നല്ല അര്‍ത്ഥത്തിലല്ല ഇതില്‍ കവി പ്രയോഗിക്കുന്നത്. സ്വന്തം തറവാട് നശിച്ചാലും താഴ്ന്ന ജാതിക്കാര്‍ തൊട്ട് തന്റെ കിണര്‍ കൂടെ അശുദ്ധമാകണ്ട എന്ന നിലപാട് സ്വീകരിച്ച കാരണവര്‍ വെറും ശുദ്ധനാണ് എന്നും അര്‍ത്ഥം വരുന്നു. താന്‍ പിന്‍തുടര്‍ന്നു വന്ന ആചാരം മുറുകെ പിടിച്ചതുകൊണ്ട് ശുദ്ധരില്‍ ശുദ്ധന്‍ എന്ന് അയാളെ കവി വിളിക്കുന്നു. എന്നാല്‍ ഈ കാവ്യസന്ദര്‍ഭത്തില്‍ ശക്തമായ ആക്ഷേപമായിട്ടാണ് 'ശുദ്ധരില്‍ ശുദ്ധന്‍'എന്ന് പ്രയോഗിക്കുന്നത്.
വിവേകാനന്ദ സ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിക്കാനിടയാക്കിയ സാമൂഹികസാഹചര്യം കവിതയില്‍ തെളിയുന്നുണ്ടോ? ചര്‍ച്ച ചെയ്യുക. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ലഘുപ്രഭാഷണം തയാറാക്കുക.
സുഹൃത്തുക്കളേ,
ജാതിയുടെയും മതത്തിന്റെയും പേരില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നിലനിന്നിരുന്ന നാടാണ് കേരളം. അയിത്തവും അനാചാരവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം ഇവിടെ കൊടികുത്തി വാണിരുന്നു. താഴ്ന്ന ജാതിക്കാരെന്നു മുദ്ര കുത്തിയ ആളുകളെ പൊതുനിരത്തിലുടെ വഴിനടക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ നല്ല ഭാഷ സംസാരിക്കാനോ പോലും അനുവദിച്ചിരുന്നില്ല. ഈ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചത്. ഇവിടത്തെ ജനങ്ങളുടെ അവസ്ഥ കണ്ട സ്വാമി വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയം' എന്നു വിശേഷിപ്പിച്ചു.
കുമാരനാശന്റെ ചണ്ഡാല ഭിഷുകി, ദുരവസ്ഥ തുടങ്ങിയ ഖണ്ഡകാവ്യങ്ങള്‍ വായിച്ചാല്‍ അന്നത്തെ കേരളത്തിന്റെ പരിതാപകരമായ അവസ്ഥ നമുക്ക് മനസ്സിലാവും. ശ്രീനാരായണ ഗുരു തുടങ്ങിയ പല നവോത്ഥാന നായകരും കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ പൊരുതുകയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വള്ളത്തോളിന്റെ 'ശുദ്ധരില്‍ ശുദ്ധന്‍' എന്ന കവിതയിലെ തറവാട്ടു കാരണവര്‍ ജാതി പരിഗണനമൂലം സ്വന്തം വീടുപോലും കത്തിപ്പോകാന്‍ അനുവദിക്കുന്ന വ്യക്തിയാണ്. ഇതിനെ ഭ്രാന്തന്നല്ലാതെ എന്താണ് നാം വിളിക്കുക? ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് ഉത്തമ ചിന്താഗതി. മനുഷ്യത്വമാണ് പ്രധാനം. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരുദേവവചനം നമുക്ക് വഴി കാട്ടിയാകട്ടെ.
നന്ദി നമസ്ക്കാരം.
പെട്ടെന്നക്കലത്തില്‍ നിന്നൊ,രു ചെമ്പൊന്നിന്‍പൂച്ച
ക്കുട്ടിതന്‍ ചാട്ടം കാണായ് - വീണ്ടുമതാവര്‍ത്തിച്ചൂ. അടിവരയിട്ട ഭാഗങ്ങളുടെ പ്രത്യേകത എന്താണ്? ഈ സവിശേഷത കവിതയ്ക്ക് സൗന്ദര്യം നല്‍കുന്നുണ്ടോ? ചര്‍ച്ചചെയ്യുക. ഇത്തരം ഭാഗങ്ങള്‍ കവിതയില്‍ നിന്നു കണ്ടെത്തുക.
അടിവരയിട്ട ഭാഗങ്ങളില്‍ രണ്ടാമത്തെ അക്ഷരമായ 'ട്ട' ആവര്‍ത്തിച്ചിരിക്കുന്നു. ഇതിന് 'ദ്വതീയാക്ഷരപ്രാസം' പ്രാസം എന്നു പറയുന്നു. വരികളിലെ രണ്ടാമത്തെ അക്ഷരം ഒരുപോലെ വരുന്ന ശബ്ദാലങ്കാരമാണിത്. ശബ്ദ ഭംഗിക്കു വേണ്ടിയാണ് ഇത്തരം പ്രയോഗങ്ങള്‍ കവികള്‍ നടത്തുന്നത്. ഇതിലൂടെ കവിതയ്ക്ക് കൂടുതല്‍ സൌന്ദര്യം നല്‍കാന്‍ വള്ളത്തോളിനു കഴിയുന്നു.
ആവിലതരമായ വെണ്ണീറ്റില്‍, ച്ചുകപ്പനാം
ശ്വാവിനെപ്പോലേ പറ്റിക്കിടക്കും കിടപ്പല്ലോ,
തീയങ്ങു തളര്‍ത്തുവാന്‍ പാഞ്ഞുപാഞ്ഞണഞ്ഞതു
തീയരും പുലയരും മറ്റു 'ഹീന'രുമത്രേ;
തോര്‍ത്തുമുണ്ടിനാല്‍ വീശിക്കൊണ്ടു തീയിനുചുറ്റും
വേര്‍ത്തു വീര്‍ത്തുഴറ്റോടേ നടക്കും ഗൃഹനാഥന്‍,
മലയാളത്തറവാടാകെ അയിത്തത്തീയില്‍ പോവുകയാണ് എന്ന കവിയുടെ ആശങ്ക സമകാലിക സാമൂഹിക സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി പരിശേധിക്കുക. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സംവാദം സംഘടിപ്പിക്കാം.
കേരളത്തില്‍ കണ്ടുതുപോലെ അതി ദയനീയമായ സാമൂഹികാവസ്ഥ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. മതപരമായ അന്ധവിശ്വാസങ്ങളും, ജാതിവ്യവസ്ഥകളും കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് പറഞ്ഞത്. ആ കാലത്ത് ജാതിമത ചിന്തകള്‍ ഇവിടെ ശക്തമായി നിലനിന്നിരുന്നു. ഈ സാമൂഹികവ്യവസ്ഥിതിയെ മാറ്റിയെടുക്കാന്‍ നമ്മുടെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ നിരന്തരം പോരാടി. അങ്ങനെയാണ് നമ്മുടെ നാട് ഇന്നു കാണുന്ന സാമൂഹ്യപുരോഗതി കൈവരിച്ചത്. പക്ഷെ ഇന്ത്യയുടെ പലഭാഗത്തും ജാതീയമായ അസമത്വം ഇന്നും നിലനില്‍ക്കുന്നു. ജാതിമതില്‍ പൊളിച്ചതു പോലുള്ള വാര്‍ത്തകള്‍ ഇന്നും മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നതിന് കാരണമിതാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിയുടെ പേരിലുള്ള വാര്‍ത്തകള്‍ ഇന്നും മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നതിന് കാരണം ഇതാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ജാതിയുടെ പേരിലുള്ള വേര്‍തിരിവ് ഇന്ന് വളരെ കുറവാണ്. സാമ്പത്തികമായ ഭിന്നതകളുമാണ് ഇന്ന് കൂടുതലായി കാണപ്പെടുന്നത്. സഹകരിച്ച് മുന്നോട്ട് പോകേണ്ടതിനു പകരം മനുഷ്യര്‍ പരസ്പരം അകലാന്‍ ശ്രമിക്കുന്നു. ഒരുമ ഇല്ലാതാകുമ്പോള്‍ മാനവികമൂല്യങ്ങളും ഇല്ലാതാകും. ദാരിദ്ര്യം, തൊഴിലില്ലായ്മ, രോഗങ്ങള്‍, മറ്റു ദുരിതങ്ങള്‍ എന്നിവയുടെയെല്ലാം പരിഹാരത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
അന്ധവിശ്വാസങ്ങളെ മറികടക്കുന്നതിനായി നിരവധി സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചിട്ടുണ്ടല്ലോ. ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചട്ടമ്പി സ്വാമികള്‍, വിവേകാനന്ദ സ്വാമികള്‍ ഇവരില്‍ ഒരാളുടെ ജീവചരിത്രക്കുറുപ്പ് തയാറാക്കുക.
സ്വാമി വിവേകാനന്ദന്‍
എല്ലാമതങ്ങളും സത്യമാണ് എന്ന തത്വം ഉദ്ഘോഷിച്ച് സ്വാമി വിവേകാനന്ദന്‍ 1863- ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. നരേന്ദ്രനാഥദത്ത എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. അച്ഛന്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥദത്ത. അമ്മ ഭുവനേശ്വരീദേവി. അപാരമായ ഓര്‍മശക്തിയും സ്നേഹവും ദയയുമെല്ലാം നരേന്ദ്രനില്‍ കണ്ടിരുന്നു. ഈശ്വരധ്യാനവും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. 1881- ലാണ് ശ്രീരാമകൃഷ്ണ പരമഹംസനെ നരേന്ദ്രന്‍ ആദ്യമായി കാണുന്നത്. പിന്നീട് ദക്ഷിണേശ്വരത്തെത്തി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. അച്ഛന്റെ മരണശേഷം കുടുംബചുമതല ഏറ്റെടുത്ത നരേന്ദ്രന്‍ അപ്പോഴും ശ്രീരാമകൃഷ്ണ ശിഷ്യനായി തുടര്‍ന്നു. 1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി. ഒരിക്കല്‍ കേരളം സന്ദര്‍ശിച്ച വിവേകാനന്ദന്‍ ഇവിടത്തെ ജാതിവേര്‍തിരിവുകളും തീണ്ടലും തൊടീലുമെല്ലാം കണ്ടപ്പോള്‍ പറഞ്ഞു 'കേരളം ഒരു ഭ്രാന്താലയമാണ്'. കന്യാകുമാരി വരെ സഞ്ചരിച്ച അദ്ദേഹം കേരളത്തിന്റെ ശോച്യാവസ്ഥ കണ്ട് അസ്വസ്ഥനായി. കന്യാകുമാരിക്കടലിലെ പാറയിലേക്ക് നീന്തിക്കയറിയ അദ്ദേഹം അവിടെ ധ്യാനനിരതനായി. ഈ സ്ഥലം ഇന്ന് വിവേകാനന്ദസ്മാരകമായി അറിയപ്പെടുന്നു. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ചൈന, ജപ്പാന്‍ കാനഡ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 1894- ല്‍ ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. ഇംഗ്ലണ്ടില്‍ വച്ച് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച മിസ്. മാര്‍ഗരറ്റ് ഇനോബിള്‍ ആണ് പില്‍ക്കാലത്ത് സിസ്റ്റര്‍ നിവേദിത എന്ന പേരില്‍ പ്രശസ്തയായത്. ശ്രീരാമകൃഷ്ണമിഷന്റെ പ്രവര്‍ത്തനങ്ങളുമായി വിവിധരാജ്യങ്ങളിലൂടെ അലഞ്ഞ സ്വാമി വിവേകാനന്ദന്‍ 1902 ജൂലൈയില്‍ സമാധിയടഞ്ഞു.