Back to home

Topics

1. ചലച്ചിത്രനിരൂപണം തയ്യാറാക്കുക.
 സിനിമ          -      കാഴ്ച
സംവിധാനം     -      ബ്ലെസ്സി
പതിറ്റാണ്ടിനിടയില്‍ വെളിച്ചം കണ്ട മലയാള സിനിമകളില്‍ കഥാമൂല്യമുള്ളതെന്ന് പറയാവുന്ന ഒരു ചിത്രമാണ് ബ്ലെസ്സിയുടെ കാഴ്ച. ഭൂകമ്പത്തിന്റെ കെടുതിയില്‍പ്പെട്ട് വീട് നഷ്ടപ്പെടുകയും, ബന്ധുക്കള്‍ മരിക്കുകയും ചെയ്തതിനാല്‍  അനാഥനായി മാറേണ്ടി വന്ന  ഒരു ബാലന്റെ കഥയാണിത്. ഗുജറാത്തിലെ ഭൂകമ്പത്തില്‍ അനാഥനായ ഈ ബാലന്‍ കേരളത്തിലെത്തുന്നു. കുട്ടനാട്ടിലെ തെരുവില്‍ കുട്ടികള്‍ക്കൊപ്പം നടന്ന ആ ബാലനെ ഒരു ഫിലിം ഓപ്പറേറ്റര്‍ കണ്ടുമുട്ടുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഒരു മകനില്ലാത്തതുകൊണ്ട് ഈ ബാലനെ സ്വന്തമാക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. മാര്‍ദ്ദവമുള്ള മനുഷ്യത്വവും, കര്‍ക്കശമായ നിയമവും തമ്മിലുള്ള സംഘര്‍ഷം ഈ സിനിമയില്‍ കാണാം. ഈ സിനിമയ്ക്ക് പല മുഖങ്ങളുണ്ട്. ഒന്ന് മനുഷ്യന്‍ നേരിടുന്ന അനാഥത്വമാണ്. പ്രകൃതിയുടെ മുന്നില്‍ എല്ലാവരും നിസ്സഹായരാണ്. ഗുജറാത്തിലെ ഗ്രാമത്തില്‍ തിരിച്ചെത്തി  തകര്‍ന്ന് വീണുകിടക്കുന്ന തന്റെ വീട് കണ്ട് പൊട്ടിക്കരയുന്ന ബാലന്‍ പ്രകൃതിയുടെ നിര്‍ദ്ദയവും ഭീകരവുമായ താണ്ഡവത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യന്റെ പ്രതിബിംബമാണ്. നിയമത്തിന്റെ മനുഷ്യത്വമില്ലായ്മ നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. അനാഥബാലനെ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ സന്നദ്ധനായ ഓപ്പറേറ്റര്‍ക്ക് നീതിപീഠം അനുമതി നല്‍കിയില്ല. ശബ്ദപഥത്തിന്റെ താളലയവും സംഗീതത്തിന്റെ ലഹരിയും ഈ ചലച്ചിത്രത്തിന് കാവ്യചാരുത നല്‍കുന്നുണ്ട്.
              മമ്മൂട്ടി, ബാലതാരങ്ങള്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ ഈ സിനിമയില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഈ സിനിമ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
2. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ സ്വതന്ത്രമായ പ്രവര്‍ത്തനമോ സാധ്യമല്ലാത്ത ഒരു ആട്ടിന്‍പറ്റത്തിന്റെ അവസ്ഥ പോലെ ദയനീയമാണ് തൊഴിലാളികളുടെ അവസ്ഥ. ലേഖനത്തിലെ ആശയങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യുക.
ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് എന്ന സിനിമയിലെ ഷോട്ടുകള്‍ വ്യത്യസ്തരീതിയില്‍ അവതരിപ്പിച്ച് പ്രത്യേക ദൃശ്യങ്ങളിലൂടെ വ്യംഗ്യാര്‍ത്ഥത്തെ  പ്രേക്ഷകരിലെത്തിക്കുന്ന സന്ദര്‍ഭമാണിത്. പ്രശസ്ത റഷ്യന്‍ സംവിധായകനും സൈദ്ധാന്തികനുമായ ഐസന്‍സ്റ്റിന്‍ പ്രയോഗിച്ച ധൈഷണിക മൊണ്ടാഷ് ആണ് ഈ ദൃശ്യക്രമീകരണത്തിന്‌ ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള രണ്ട് ഷോട്ടുകള്‍ കൂട്ടി യോജിപ്പിക്കുമ്പോള്‍ മൂന്നാമതൊരു അര്‍ത്ഥം ജനിക്കുന്നു എന്ന സിദ്ധാന്തമാണിത്. ക്യാമറയ്ക്ക് അഭിമുഖമായി സഞ്ചരിക്കുന്ന ചെമ്മരിയാടുകളുടെ കൂട്ടത്തിന്റെ ഉയര്‍ന്ന കോണിലുള്ള വിദൂരദൃശ്യമാണ് ആദ്യം നാം കാണുന്നത്. അതില്‍ നിന്ന് ഡിസോള്‍വ്‌  ചെയ്യുന്നത് റോഡിലൂടെ ഫാക്ടറിയിലേക്കു വരുന്ന തൊഴിലാളികളുടെ  സമാനമായ ദൃശ്യത്തിലേക്കാണ്. തൊഴിലാളികളെ മൃഗങ്ങളെപ്പോലെ കരുതുന്ന ഒരവസ്ഥയാണ് അത് സൂചിപ്പിക്കുന്നത്. ഈ ഒരു ദൃശ്യത്തിലൂടെ അനേകം വ്യാഖ്യാനങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നു. ദൃശ്യാവിഷ്ക്കാരത്തിലൂടെ പല പല ആശയങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്ന സിനിമകള്‍ നിരവധിയാണ്. ഈ ആശയങ്ങള്‍ക്ക് ഭാഷയുടെ ആവശ്യമില്ല.
3. ലഘു കുറിപ്പ് തയ്യാറാക്കുക. - ചാര്‍ളി ചാപ്ലിന്‍

തെക്കന്‍ ലണ്ടനിലെ ഒരു ദരിദ്രകുടുംബത്തിലാണ് ചാപ്ലിന്‍ ജനിച്ചത്. ധനികരുടെ ജീവിതപശ്ചാത്തലത്തില്‍ ദരിദ്രരുടെ സുഖ -ദുഃഖങ്ങള്‍ ഹാസ്യപ്രധാനമായും ഹൃദയസ്പര്‍ശിയായും ചിത്രീകരിക്കുന്നവയാണ് ചാപ്ലിന്‍ ചിത്രങ്ങള്‍. അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചാപ്ലിന്റെ സംഭാവനകളെ മാനിച്ച്, വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ് 'പദവി  നല്‍കി ആദരിച്ചു. 'എന്റെ ആത്മകഥ ' എന്ന പേരിലുള്ള ചാപ്ലിന്റെ ജീവചരിത്രം പ്രസിദ്ധമാണ്. 'തെരുവു തെണ്ടികളുടെ കഥ, ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍, ലൈംലൈറ്റ്, സിറ്റി ലൈറ്റ്സ് എന്നിവ ചാപ്ലിന്റെ ജനപ്രിയ സിനിമകളാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 35ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനുള്ള റെക്കോര്‍ഡ് ചാപ്ലിന് അവകാശപ്പെട്ടിരുന്നു. ചാപ്ലിന്റെ ചിത്രങ്ങള്‍ ലോകത്തെങ്ങുമുള്ള തീയേറ്ററുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കപ്പെടുന്നു.
4. വാക്യരചനയില്‍ 'പദക്രമം' എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ?
വാക്യരചനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. അവയില്‍ പ്രധാനമായ ഒരു ഘടകമാണ് പദക്രമം .
കര്‍ത്താവ്‌, കര്‍മ്മം, ക്രിയ ഇതാണ് വാക്യത്തിലെ സ്വാഭാവികമായ പദക്രമം.
അവന്‍ അപ്പം തിന്നു.
നീ പുസ്തകം വായിച്ചോ ?- എന്നീ വാക്യങ്ങളില്‍ ഈ ക്രമം കാണാം. കര്‍മ്മത്തിനോ ക്രിയയ്ക്കോ പ്രാധാന്യം നല്‍കണമെങ്കില്‍ , പ്രാധാന്യം വേണ്ട പദം വാക്യാരംഭത്തില്‍ പ്രയോഗിക്കണം.
പുസ്തകം നീ വായിച്ചോ ? പുസ്തകം എന്ന കര്‍മ്മം ആദ്യം വരുമ്പോള്‍ പുസ്തകത്തിനു പ്രാധാന്യം ലഭിക്കുന്നു.
വായിച്ചു ഞാന്‍ പുസ്തകം. - എന്ന് ക്രിയ മുന്‍പില്‍ വന്നാല്‍, വായിച്ചു, പക്ഷേ ഇഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ മനസ്സിലായില്ല, ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നിങ്ങനെ എന്തെങ്കിലും സൂചന സന്ദര്‍ഭവശാല്‍ കാണും.
വാക്യത്തില്‍ 'ആണ് ' എന്ന പദം ഉപയോഗിക്കുമ്പോള്‍ സവിശേഷമായ ശ്രദ്ധ വേണം.

  1. ഞാന്‍ ഇന്നലെ രാമായണം വായിച്ചു .
  2. ഞാന്‍ ഇന്നലെയാണ് രാമായണം വായിച്ചത്.
  3. ഞാന്‍ ഇന്നലെ രാമായണമാണ് വായിച്ചത്.

'ആണ് ' എന്ന പദം മാറിമാറി വരുമ്പോള്‍ അര്‍ത്ഥവും മാറുന്നു. വാക്യാദിയിലല്ലാതെ 'ആണ് ' എവിടെ പ്രയോഗിച്ചാലും അതിനു തൊട്ടുമുമ്പുള്ള പദത്തിന്റെ അര്‍ത്ഥത്തിന്  ഊന്നല്‍ ലഭിക്കുന്നു.
5. യന്ത്രങ്ങളുടെ കുതിച്ചു കയറ്റം അഥവാ ശാസ്ത്രപുരോഗതി നല്ലതോ, ദോഷമോ ? ചര്‍ച്ചചെയ്ത് സ്വന്തം അഭിപ്രായങ്ങള്‍ വിലയിരുത്തുക.
ഗുഹകളില്‍ നിന്ന് കോണ്‍ക്രീറ്റ്  സൗധങ്ങളിലേക്ക്  കൈപിടിച്ചാനയിച്ചുകൊണ്ട് ശാസ്ത്രം മനുഷ്യജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുന്നു. അക്ഷരചൈതന്യം ലോകത്താകമാനം പ്രചരിപ്പിച്ച ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് അച്ചടിയന്ത്രം. അതുവരെ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ അത് മാറ്റിമറിച്ചു.
യന്ത്രവല്‍ക്കരണം തികച്ചും ദോഷകരമാണെന്ന് പറയാന്‍ കഴിയില്ല. കാരണം മനുഷ്യരുടെ അധ്വാനം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പല ജോലികളും യന്ത്രങ്ങള്‍ നിഷ്‌പ്രയാസം സാധിക്കുന്നുണ്ട്. ആവശ്യത്തിന് യന്ത്രങ്ങളുടെ ഉപയോഗം ആകാം. പക്ഷെ ഇന്ന്  എല്ലാ ജോലികളും  യന്ത്രത്തിലര്‍പ്പിച്ച് , മടിപിടിച്ചിരിക്കുന്ന ഒരു സമൂഹത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ബുദ്ധിയും ശക്തിയും പ്രവര്‍ത്തിക്കേണ്ട സ്ഥാനത്ത് യന്ത്രം പ്രവര്‍ത്തിക്കുന്നു. ആധുനികസമൂഹത്തില്‍ മനുഷ്യന്‍ യന്ത്രമായി മാറുന്ന ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ശാസ്ത്രപുരോഗതിയിലെ എടുത്തുപറയേണ്ട ഒന്നാണ് കമ്പ്യൂട്ടര്‍. അത് മനുഷ്യാധ്വാനത്തെ പരമാവധി കുറയ്ക്കുകയും, ലോകത്തെ അതിവേഗം ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇത്തരത്തില്‍ യന്ത്രവല്‍ക്കരണം പുരോഗമനപരമായിരിക്കുമ്പോള്‍ തന്നെ അത് അപകടകാരിയുമാണ്. അനുഗ്രഹശക്തിയോടൊപ്പം അത് നിഗ്രഹശക്തിയും പുലര്‍ത്തുന്നു.
6. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കുടിയൊഴിക്കല്‍ ' എന്ന കവിതയിലെ ഒരു കഥാപാത്രമായ തൊഴിലാളിയുടെ സ്വഭാവക്കുറിപ്പ് തയ്യാറാക്കുക.
കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ അന്ത്യയാമത്തില്‍പ്പിറന്ന കവിയെന്ന് വൈലോപ്പിള്ളിയെ വിശേഷിപ്പിക്കാം. ജീവിതയാഥാര്‍ത്ഥ്യങ്ങളും സമരാഹ്വാനങ്ങളും അദ്ദേഹത്തിന്റെ കവിതയിലുണ്ട്. വിപ്ലവത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷമാണ് കുടിയൊഴിക്കല്‍ എന്ന കവിതയ്ക്ക് വിഷയം.
അന്തിയോളം പണിചെയ്യുന്ന തൊഴിലാളി തെരുവില്‍ ചെന്ന് കെട്ട കൂട്ടരുമായി ചേര്‍ന്ന് കള്ള് കുടിച്ചു ധൂര്‍ത്തടിക്കുന്നു. വീട്ടില്‍ വന്ന് ഭാര്യയെ മര്‍ദ്ദിക്കുകയും, മദ്യലഹരിയില്‍ ഭാര്യയുടെ സ്വഭാവഗുണത്തെ സംശയിച്ച് ചീത്ത പറയുകയും ചെയ്യുന്നു. ഭാര്യ ചോറ് ജാരന് കൊടുത്തിട്ട് തനിക്ക് കഞ്ഞിയാണ് വച്ചിരിക്കുന്നതെന്ന് പുലഭ്യം പറയുന്ന തൊഴിലാളിയെ നമുക്ക് ഈ കവിതയില്‍  കാണാം. മദ്യത്തിന്റെ ലഹരി വിടുമ്പോള്‍ എല്ലാം മറന്ന് ഉറങ്ങുകയും ചെയ്യും. ഇതാണ് വൈലോപ്പിള്ളിയുടെ കവിതയിലെ തൊഴിലാളിയുടെ ചിത്രം.
7. ചാപ്ലിന്‍ സിനിമകളിലെ ചിരിയുടെ പിന്നില്‍ കണ്ണീരിന്റെ നനവും, ദുരന്തത്തിന്റെ ചൂളംവിളികളുമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'മോഡേണ്‍  ടൈംസിലും' ഈ സവിശേഷത കണ്ടെത്താനാകുമോ? നിങ്ങളുടെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുക.
അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ചാര്‍ളി ചാപ്ലിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകമായൊരു രൂപവും ഭാവവും ഉണ്ട്. ചാപ്ലിനെ കാണുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തുവാനുള്ള  പ്രത്യേകത അദ്ദേഹം പുലര്‍ത്തിയിരുന്നു. ചാപ്ലിന്റെ മറ്റെല്ലാ സിനിമകളിലും ചിരിയുടെ പിന്നില്‍ കണ്ണുനീരിന്റെ നനവുള്ളതുപോലെ 'മോഡേണ്‍ ടൈംസ് ' എന്ന ചിത്രത്തിലും ഈ പ്രത്യേകത കാണാന്‍ കഴിയും.
മോഡേണ്‍ ടൈംസ് എന്ന സിനിമയില്‍ ഒരു ഫാക്ടറിത്തൊഴിലാളിയുടെ വേഷമാണ് ചാപ്ലിന്.സ്പാനര്‍ ഉപയോഗിച്ച് നട്ട് മുറുക്കുന്ന ജോലി. തന്റെ മുന്നിലൂടെ അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന നട്ടുകള്‍ അതിവേഗത്തില്‍ മുറുക്കികൊണ്ടിരിക്കണം . ജോലിസമയത്തിന് ശേഷവും ചാപ്ലിന്റെ കൈകള്‍ ഇതേ രൂപത്തില്‍ ചലിച്ചുകൊണ്ടിരിക്കും. മനുഷ്യന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ പോലും  സ്പാനര്‍ കൊണ്ട് മുറുക്കാന്‍ ചാപ്ലിന്‍ ശ്രമിക്കുമ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തു ചിരിക്കുന്നു. ഈ കാഴ്ചയുടെ ഉള്ളില്‍ ഒരു ദുരന്തസൂചനയും മനസ്സിലാക്കാന്‍ കഴിയും. മനുഷ്യന്‍ യന്ത്രമായി മാറിക്കഴിഞ്ഞാല്‍ അവരുടെ തലച്ചോറും ഹൃദയവും വെറും യാന്ത്രികമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇതുപോലെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമാണ് ഭക്ഷണസമയം ലാഭിക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച പുതിയ യന്ത്രത്തിന്റെ പരീക്ഷണരംഗം. കൂടാതെ യന്ത്രത്തിനുള്ളില്‍ അകപ്പെട്ട് ചാപ്ലിന്‍ യന്ത്രത്തോടൊപ്പം കറങ്ങുന്ന രംഗവും , തെറ്റിദ്ധാരണ മൂലം പോലീസ് അറസ്റ്റു ചെയ്യുന്ന രംഗവുമൊക്കെ  ചിരിപ്പിക്കുമെങ്കിലും കണ്ണുനീരും സൈദ്ധാന്തിക ചിന്തകളും കാഴ്ചക്കാരില്‍ ഉണര്‍ത്തുന്നുണ്ട്.
8. പൊരുളെഴുതുക .
"പണ്ട്  വി.ടി. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്. ഇന്ന്  ടി.വി. അരങ്ങത്ത് നിന്ന്  അടുക്കളയിലേക്ക് "- പൊരുള്‍ കണ്ടെത്തുക.
വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകം കേരളത്തിലെ ബ്രാഹ്മണസ്ത്രീകളില്‍ അടിച്ചേല്‍പ്പിച്ചിരുന്ന അടിമത്തവും അതില്‍ നിന്നുള്ള  മോചനവും തീഷ്ണവും ഹൃദ്യവുമായി വിശകലനം ചെയ്യുന്നു. വി.ടി എന്നത് തിരിച്ചിട്ടാല്‍ ടി.വി. ആകും. അരങ്ങത്തെന്നാല്‍ പൊതുരംഗമാണ് വിവക്ഷിക്കുന്നത്. ടി.വി. ആദ്യം പൊതുരംഗത്തായിരുന്നെങ്കില്‍ ഇന്ന് അവയ്ക്ക്  അടുക്കളയിലാണ് സ്ഥാനം. സ്ത്രീകളുടെ ഒരു  വ്യവഹാരകേന്ദ്രമാണ് അടുക്കള. ടി.വി. എന്ന മാധ്യമം ഈ വ്യവഹാരകേന്ദ്രത്തിലും  എത്തിയിരിക്കുന്നു. കുടുംബത്തിന്റെ സകല സംസ്കാരവും പാകം ചെയ്യപ്പെടുന്നത് അടുക്കളയിലാണ്.
9. 'സിനിമയും വിദ്യാഭ്യാസവും' എന്ന വിഷയത്തെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
കലാമൂല്യമുള്ള ചിത്രങ്ങളുടെ കലവറയായ കേരളത്തിലെ ജനത എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. നിറപ്പകിട്ടും , നൃത്തവും , സംഘട്ടനവും , അശ്ലീലവുമാണ് ചലച്ചിത്രവിജയമെന്ന സങ്കല്‍പ്പത്തെ ഇന്നത്തെ സമൂഹം തിരുത്തിക്കുറിച്ചു. ഒരു കലയെന്ന നിലയില്‍ സിനിമയുടെ സമസ്ത സൗന്ദര്യവും ഉള്‍ക്കൊള്ളാന്‍ മലയാളി വളരെയേറെ ശ്രമിച്ചിട്ടുണ്ട്.
പഠനോപാധിയെന്ന നിലയില്‍ സിനിമയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തെ നേരിട്ട് സഹായിക്കുന്നവയാണ് ഡോക്യുമെന്ററികളും  വാര്‍ത്താചിത്രങ്ങളും. പട്ടുനൂല്‍പ്പുഴുക്കളെക്കുറിച്ച് അരവിന്ദന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയും, വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ച് എം.എ.റഹ് മാന്‍ തയ്യാറാക്കിയ 'ബഷീര്‍ ദ മാന്‍ ' എന്ന ഡോക്യുമെന്ററിയും അറിവിന്റെ ഉറവിടങ്ങളാണ്. കഥയില്‍ പൊതിഞ്ഞു പറയുന്ന ആശയങ്ങള്‍ക്കാണ്  നേരിട്ടു പറയുന്ന ആശയങ്ങളെക്കാളേറെ സ്വാധീനശക്തിയുള്ളത്. അതുകൊണ്ട് ജീവിതപാഠങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഫീച്ചര്‍ സിനിമയ്ക്ക് കഴിയും.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കുട്ടികള്‍ക്കായി പ്രത്യേകം നിര്‍മ്മിക്കണം. പക്ഷെ മലയാളത്തില്‍ ഏറ്റവും കുറച്ച് ചിത്രങ്ങളുണ്ടാകുന്നത് കുട്ടികള്‍ക്കു വേണ്ടിയാണ് . അവ കുട്ടികളുടെ ആസ്വാദനനിലവാരത്തിന് ചേര്‍ന്നവയുമായിരിക്കില്ല. സിനിമ പ്രത്യക്ഷമായും പരോക്ഷമായും വിദ്യാഭ്യാസത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് രണ്ടു തരത്തിലും കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ, ദീര്‍ഘവീക്ഷണത്തോടെയുള്ള  ചലച്ചിത്രങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

Powered By