Back to home

Topics

കുടുംബം, സമൂഹം എന്നീ കൂട്ടായ്മകള്‍ ഓരോ വ്യക്തിയുടെയും നിലനില്‍പ്പിനെ ഏതൊക്കെ രീതിയില്‍ സഹായിക്കുന്നു?

കുടുംബം :

  • കുടുംബം വ്യക്തികള്‍ക്ക് സംരക്ഷണവും, വളര്‍ച്ചയ്ക്ക് അവസരവും നല്‍കുന്നു.
  • സാമൂഹ്യവല്‍ക്കരണത്തിന് സഹായിക്കുന്നു.
  • അംഗങ്ങള്‍ക്കിടയില്‍ വൈകാരികബന്ധം നിലനിര്‍ത്തുന്നു.

സമൂഹം :

  • വ്യക്തികള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങള്‍, ഇടപെടലുകള്‍, സഹകരണം എന്നിവ ഉള്‍പ്പെട്ട സാമൂഹ്യബന്ധങ്ങളാണ് സമൂഹം.
  • വ്യക്തികള്‍ അവരുടെ ചുറ്റുപാടുമുള്ളവരുമായി നേരിട്ടും, അല്ലാതെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ജ്ജമാനി വ്യവസ്ഥ:
ജ്ജമാനികള്‍ തമ്മിലുള്ള തൊഴില്‍പരമായ പരസ്പരസഹകരണമാണ് 'ജ്ജമാനി ' വ്യവസ്ഥ. ഇതില്‍ സേവനം നല്‍കുന്നവരെ കമീന്‍ എന്നും സേവനം സ്വീകരിക്കുന്നവരെ ജാജ്മന്‍ എന്നും പറയുന്നു.
 ഇന്ത്യയ്ക്ക് ദേശീയമതമില്ല. എന്തുകൊണ്ട്?
സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷതയില്‍ അടിയുറച്ച് നില്‍ക്കുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതു പോലെ ഇന്ത്യയ്ക്ക് ദേശീയമതമില്ല. ഏതൊരു മതത്തിനും അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതിനും  പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. എല്ലാ മതങ്ങളേയും  തുല്യമായി പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
 പ്രാദേശികവാദം ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിനുള്ള വെല്ലുവിളിയാകുന്നതെങ്ങനെ?
'പ്രാദേശികവാദം' സ്വന്തം രാജ്യത്തെക്കാള്‍ സ്വന്തം പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നു. പ്രാദേശികവാദത്തിനൊപ്പം ഭാഷയും, മതവും ചേരുമ്പോള്‍ അത് ഒറ്റദേശം എന്നതിന് പകരം പ്രാദേശികതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇത് സമൂഹത്തില്‍ വിഭാഗീയതയ്ക്ക് ഇടയാക്കുന്നു.
ദേശരാഷ്ട്രം ഒരു രാഷ്ട്രീയസമാജമാണ് എന്ന് പറയുന്നതെന്തുകൊണ്ട് ?
ദേശരാഷ്ട്രത്തിന് ചില സവിശേഷതകളുണ്ട്. നിശ്ചിത അതിര്‍ത്തി, അംഗത്വം, നിയമാവലി, പൗരത്വം തുടങ്ങിയവ അതിലടങ്ങിയിരിക്കുന്നു. ജനങ്ങളും, ഭരണഭൂമേഖലയും, ഭരണകൂടവും ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രം. ഏതൊരു ദേശത്തിനും അതിന്റേതായ അതിര്‍ത്തിയും നിയമങ്ങളുമുണ്ട്. ആയതിനാല്‍ ദേശത്തെ ഒരു സമുദായം എന്ന് കണക്കാക്കാം. ദേശം എന്നത് മനുഷ്യന്റെ കൂട്ടായ്മകളിലെ ഏറ്റവും വലുപ്പമേറിയ സമുദായമാണ്.
ദേശീയോദ്ഗ്രഥനം ഒരു സങ്കീര്‍ണ്ണപ്രശ്നമായി തീരുന്നതെപ്പോള്‍?
വൈവിധ്യങ്ങളെ അംഗീകരിച്ച്  അവയെ ബഹുമാനിച്ച്  ഇന്ത്യ ഒരു ദേശമാണെന്ന വികാരമുള്‍ക്കൊണ്ട് ഒന്നായി മാറുന്നതാണ് ദേശീയോദ്ഗ്രഥനം. സാമ്പത്തികസമത്വം നേടിയാല്‍ മാത്രം ഉദ്ഗ്രഥനം സാധ്യമാകുന്നില്ല. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള വിഭാഗങ്ങള്‍ക്കിടയിലും ദേശീയോദ്ഗ്രഥനത്തിനെതിരായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ സഹവര്‍ത്തിത്വത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രമോ, ശരിയായ ആസൂത്രണത്തിലൂടെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമോ ഉദ്ഗ്രഥനം സാധിക്കുകയില്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ദേശീയോദ്ഗ്രഥനം ഒരു സങ്കീര്‍ണ്ണപ്രശ്നമായി തീരുന്നു.
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഘടകങ്ങളിലൊന്നാണല്ലോ 'ഭാഷ '. ഇന്ത്യന്‍ ഭാഷകളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
ഭരണഘടനയുടെ എട്ടാം പട്ടികയില്‍ 22 ഭാഷകളാണ് ഉള്‍പ്പെടുത്തി അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മറ്റ് നിരവധി ഭാഷകളും രണ്ടായിരത്തോളം ഭാഷാഭേദങ്ങളുമുണ്ട്. ഭരണഘടന അംഗീകരിച്ച ഭാഷകളേയും, ഇന്ത്യയിലെ മറ്റു ഭാഷകളേയും, ഭാഷാഭേദങ്ങളേയും ഇന്‍ഡോ-ആര്യന്‍ ഭാഷകളെന്നും, ദ്രാവിഡഭാഷകളെന്നും, മുണ്ട ഭാഷകളെന്നും തരംതിരിക്കാം. ഇന്‍ഡോ-ആര്യന്‍ ഭാഷകള്‍ക്ക് ഉദാഹരണങ്ങളാണ് സംസ്കൃതം, ആസാമീസ്, ഹിന്ദി തുടങ്ങിയവ. ദ്രാവിഡഭാഷകളാണ് മലയാളം, തമിഴ്‌  തുടങ്ങിയവ. മുണ്ട ഭാഷകളാണ് ഛത്തീസ്‌ഗഡ്, സന്താളി  എന്നിവ. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ പ്രാദേശികഭേദങ്ങളോടുകൂടിയ പ്രാകൃതഭാഷയുണ്ടായിരുന്നു. തെക്കേ ഇന്ത്യയില്‍ ദ്രാവിഡഗോത്രത്തില്‍പ്പെട്ട പ്രാദേശികഭാഷകളും. പശ്ചിമേഷ്യന്‍ പ്രദേശങ്ങളുമായുള്ള ഇന്ത്യയുടെ നിരന്തരബന്ധങ്ങളിലൂടെ അറബി, പേര്‍ഷ്യന്‍ ഭാഷകളും പില്‍ക്കാലത്ത് ഇവിടെയെത്തി. ഈ സമ്പര്‍ക്കത്തിന്റെ ഫലമായി ഉറുദു പോലെയുള്ള ഭാഷകളും പില്‍ക്കാലത്ത് രൂപപ്പെട്ടു.
 "ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ രൂപപ്പെടുത്തിയത് നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ". ഈ പ്രസ്താവന ഉദാഹരണസഹിതം വിശദീകരിക്കുക.
മതനിരപേക്ഷസങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആശയപരമായ അടിത്തറ. നിയമത്തിന്റെ മുമ്പില്‍ എല്ലാ പൗരന്മാരും തുല്യരാണ്. ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പരിഗണനകള്‍ നിര്‍ത്തലാക്കി. മതം, ഭാഷ, ജാതി, വംശം, പ്രദേശം എന്നിവ പരിഗണിക്കില്ല. ഇന്ത്യയിലെ വൈവിധ്യം നിലനിര്‍ത്തേണ്ടതാണെന്നും  അതിലേക്കായി വികേന്ദ്രീകരണം ആവശ്യമാണെന്നും ഭരണഘടന തിരിച്ചറിയുന്നു.
ജാതിയുടെയും, മതത്തിന്റെയും, ഭാഷയുടെയും, പ്രദേശത്തിന്റെയും അപ്പുറത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലടിയുറച്ചതാണ് ഇന്ത്യന്‍ ദേശീയത.
ഉദാഹരണം :

  • ഭരണഘടന ഉള്‍ക്കൊണ്ടിരിക്കുന്ന മതനിരപേക്ഷസങ്കല്പം.
  • ജാതി, മതം, ഭാഷ, വംശം, പ്രദേശം എന്നിവ പരിഗണിക്കാതെ നിയമത്തിന് മുമ്പില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണ് എന്ന വിശേഷണം.

ഇന്ത്യന്‍ ദേശീയത ഉരുത്തിരിഞ്ഞു വന്നതില്‍ ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ പങ്ക് വലുതാണ്. ഈ പ്രസ്താവന വിശകലനം ചെയ്യുക.
ഇന്ത്യന്‍ ദേശീയത ഉരുത്തിരിഞ്ഞുവരാന്‍ ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ പങ്ക് വലുതാണ്. വടക്ക് ഹിമാലയവും, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും, തെക്ക് ഇന്ത്യന്‍ മഹാസമുദ്രവും അതിരുകളായ ഭൂവിഭാഗത്തിന്റെ പേരാണ് ഭാരതം.
അനിയന്ത്രിതമായ കടന്നുകയറ്റങ്ങളില്‍  നിന്നുള്ള രക്ഷയ്ക്കൊപ്പം മറ്റു സംസ്കാരങ്ങളുമായുള്ള നിയന്ത്രിതമായ ഇടപെടലിനും ഇന്ത്യന്‍ ഭൂപ്രകൃതിയുടെ പ്രത്യേകത സഹായിച്ചു.
സംതൃപ്തമായ ജീവിതം നയിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ പ്രകൃതി ഒരുക്കി. വ്യത്യസ്തതയാര്‍ന്ന ഭൂപ്രകൃതിയും, കാലാവസ്ഥയും വൈവിധ്യങ്ങളെ അംഗീകരിക്കുവാനും, ബഹുമാനിക്കുവാനും കഴിവുള്ള മനസ്സുകളെ സൃഷ്ടിച്ചു.
 'ത്രിഭാഷാ പദ്ധതി 'ക്ക് ഉദ്ദേശിച്ച ലക്ഷ്യം നേടാന്‍ കഴിഞ്ഞോ? എന്തുകൊണ്ട്?
ദേശീയോദ്ഗ്രഥനത്തെയും, അന്തര്‍സംസ്ഥാനവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ത്രിഭാഷാ പദ്ധതി കൊണ്ടുവന്നത്. ഭാഷാവാദം എന്ന സങ്കുചിതമനോഭാവം കുറയ്ക്കാനും ഈ പദ്ധതിക്കു കഴിയുമെന്ന് കരുതപ്പെട്ടു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷും, ഹിന്ദിയും, എതെങ്കിലുമൊരു മാതൃഭാഷയും, അഹിന്ദി സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷും, ഹിന്ദിയും, മാതൃഭാഷയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയായിരുന്നു ത്രിഭാഷാ പദ്ധതി. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഹിന്ദി ദേശീയഭാഷയാക്കുന്നതിനെ മറ്റ് പല ഭാഷക്കാരും എതിര്‍ത്തു. തമിഴ്‌ നാട്ടില്‍ ഹിന്ദിവിരുദ്ധപ്രക്ഷോഭം തന്നെ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ത്രിഭാഷാ പദ്ധതി കൊണ്ടുവന്നത്. ഈ പദ്ധതിയിലൂടെ ഭാഷാവാദത്തിന്  ഒരു പരിധി വരെ പരിഹാരമായിട്ടുണ്ട്. ദേശീയത വളര്‍ത്താനും ഇന്ത്യയെ ഒന്നായിക്കാണാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഉത്തരേന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ ഇതര ഭൂപ്രദേശങ്ങളിലെ ജനങ്ങളോടുള്ള മനോഭാവം മെച്ചപ്പെടുത്താന്‍ ഈ പദ്ധതിക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. ഉദാഹരണം: ബോംബെയിലും, ഡല്‍ഹിയിലും, ഒറീസ്സയിലും, ഗുജറാത്തിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടത്.
പരിഹാരം :

  • ഉത്തരേന്ത്യക്കാര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷയും, ഒരു പൂര്‍വ്വേന്ത്യന്‍ ഭാഷയും പഠിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുക.
  • ദക്ഷിണേന്ത്യക്കാര്‍ക്ക് ഒരു ഉത്തരേന്ത്യന്‍ ഭാഷയും, ഒരു പൂര്‍വ്വേന്ത്യന്‍ ഭാഷയും പഠിക്കാന്‍ അവസരം നല്‍കുക.
  • വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയും, ഒരു ഉത്തരേന്ത്യന്‍ ഭാഷയും പഠിക്കാന്‍ സൗകര്യപ്പെടുത്തുക.
  • ഹിന്ദിയും, ഇംഗ്ലീഷും എല്ലാ ഭാഷക്കാരും പഠിക്കണം. 

ഇന്ത്യയില്‍ ജീവിക്കുന്ന പ്രധാന മതവിഭാഗങ്ങള്‍:

  • ഹിന്ദുക്കള്‍
  • മുസ്ലീങ്ങള്‍
  • ക്രിസ്ത്യാനികള്‍
  • പാഴ്സികള്‍
  • ജൈനന്മാര്‍
  • ബുദ്ധമതക്കാര്‍ 
  • സിക്കുകാര്‍
  • താവോയിസ്റ്റുകള്‍ 
  • യഹൂദര്‍ 

ദേശീയോദ്ഗ്രഥനത്തിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍:
ഇന്ത്യയുടെ എല്ലാ തരത്തിലുമുള്ള ഉദ്ഗ്രഥനത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്.
പ്രാദേശികവാദം: ' പ്രാദേശികവാദം' സ്വന്തം രാജ്യത്തെക്കാള്‍ സ്വന്തം പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നു. പ്രാദേശികവാദത്തിനൊപ്പം ഭാഷയും, മതവും ചേരുമ്പോള്‍ അത് ഒറ്റ ദേശം എന്നതിന് പകരം പ്രാദേശികതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇത് സമൂഹത്തില്‍ വിഭാഗീയതയ്ക്ക് ഇടയാക്കുന്നു.
ജാതീയത: ജാതീയത ഒരു ഛിദ്രശക്തിയാണ്. ഒരു വിഭാഗം മറ്റു ജാതിക്കാരെ താഴ്ന്നവരായി പരിഗണിക്കുന്നു .അവരെ ചൂഷണം ചെയ്യുന്നു. സ്ഥാനമാനങ്ങളും അവസരങ്ങളും ചില ജാതിക്കാര്‍ മാത്രം കൈയടക്കി വയ്ക്കുന്നു. ഇത് ഇതര ജാതിക്കാര്‍ക്കിടയില്‍ ശത്രുതാമനോഭാവം ഉണര്‍ത്തുന്നു. ജാതിസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു. സമ്മര്‍ദ്ദസംഘങ്ങളായി പ്രവര്‍ത്തിച്ച്  പലപ്പോഴും ആവശ്യങ്ങള്‍ അനര്‍ഹമായി നേടിയെടുക്കുന്നതിനായി ജാതിസംഘടനകള്‍ രൂപീകരിക്കുന്നു. ഇവയൊക്കെ ഉദ്ഗ്രഥനത്തിന് തടസ്സമായി തീരുന്നു.
വര്‍ഗ്ഗീയത: ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നതോ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതോ അല്ല വര്‍ഗ്ഗീയത. സ്വന്തം മതത്തോടുള്ള അതിരുകവിഞ്ഞ അഭിനിവേശം മറ്റു മതങ്ങളോടുള്ള വിരോധമായി മാറുമ്പോള്‍ മതത്രീവ്രവാദം ഉടലെടുക്കുന്നു. മതം , ജാതി , വംശം എന്നിവ രാഷ്ട്രീയ-സാമൂഹികനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗ്ഗീയതയാകുന്നു.
വര്‍ഗ്ഗീയതയുടെ യഥാര്‍ത്ഥ ഉറവിടം രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാണ്. ഇന്ത്യയുടെ വിഭജനം തന്നെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഉദാഹരണമാണ്.
ഇന്ത്യന്‍ ഭരണഘടന 22 ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്. ഔദ്യോഗികഭാഷ ഹിന്ദിയും, അനുബന്ധഭാഷ ഇംഗ്ലീഷുമാണ്.
രണ്ടായിരത്തോളം ഭാഷകളാണ് ഇന്ത്യയില്‍ വിവിധ ജനവിഭാഗങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഹിന്ദി ദേശീയഭാഷയാക്കുന്നതിനെ മറ്റു പല ഭാഷക്കാരും എതിര്‍ത്തു. തമിഴ് നാട്ടില്‍ ഹിന്ദിവിരുദ്ധപ്രക്ഷോഭം തന്നെ ഉണ്ടായി. സ്വതന്ത്ര ഇന്ത്യ നേരിട്ട മറ്റൊരു പ്രശ്നം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുന:സംഘടനയാണ്. 1956-ല്‍ ഇന്ത്യാഗവണ്‍മെന്റ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിച്ചു. സംസ്ഥാനങ്ങളുടെ പുന:സംഘടനയാവശ്യപ്പെട്ട് ഇന്ത്യയില്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ദേശീയോദ്ഗ്രഥനത്തിനു  പ്രതിബന്ധമാകുന്ന പ്രധാന കാരണങ്ങളിലൊന്നായി സങ്കുചിതഭാഷാവാദം മാറിയിരിക്കുന്നു.
ഭീകരവാദം: ഒരു രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യക്രമത്തിനു യോജിക്കാത്ത മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കാനായി ജനങ്ങള്‍ക്കുള്ളില്‍ ഭീതി പടര്‍ത്തി  പ്രവര്‍ത്തിക്കുന്നതാണ് ഭീകരവാദം. ഭീകരവാദം മാനുഷികമൂല്യങ്ങളെ അവഗണിക്കുന്നു. തങ്ങള്‍ക്കര്‍ഹമായത് ലഭിക്കുന്നില്ല എന്ന തോന്നല്‍, തൊഴിലില്ലായ്മ, ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം, ജീവിതസാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഭീകരവാദത്തിനു വഴിയൊരുക്കുന്നു. ദേശീയോദ്ഗ്രഥനം ദേശീയതയെ വളര്‍ത്തുന്നു. അത് വര്‍ഗ്ഗീയതയ്ക്കും, ഭാഷാഭ്രാന്തിനും, പ്രാദേശികവാദത്തിനും മറ്റു ശിഥിലീകരണശക്തികള്‍ക്കും എതിരാണ്.
ദേശീയോദ്ഗ്രഥനത്തിന് സഹായിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

  • മതപരമായ സഹവര്‍ത്തിത്വത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക.
  • എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹികമായും സാമ്പത്തികമായും തുല്യത ഉറപ്പാക്കണം.
  • ജാതീയവിവേചനങ്ങള്‍ ഒഴിവാക്കുക.
  • മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.
  • ദേശീയദിനങ്ങള്‍ സമുചിതമായി ആഘോഷിക്കുക.
  • ദേശീയ ഗെയിംസ് പോലെയുള്ള കായികമത്സരങ്ങള്‍ സംഘടിപ്പിക്കുക.
  • നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക.

സമൂഹവും, സമുദായവും തമ്മിലുള്ള പ്രധാന വ്യത്യാസം:
ഒരു നിശ്ചിത ഭൂപ്രദേശത്ത് പരസ്പരം ഇടപഴകി കഴിയുന്ന ഒരു കൂട്ടം ജനങ്ങളെയാണ് സമുദായം എന്ന് കണക്കാക്കുന്നത്. സമുദായത്തിന് അതിര്‍ത്തിയുണ്ട്. എന്നാല്‍ സമൂഹമെന്നതില്‍ ഭൂപ്രദേശത്തിന് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നില്ല.
 ഇന്ത്യയ്ക്കകത്ത് പല സംസ്കാരങ്ങള്‍ ഉടലെടുക്കാന്‍ കാരണമെന്ത്?
                                  OR
ബഹുസ്വരസമൂഹമായി ഇന്ത്യ നിലകൊള്ളുന്നതെന്തുകൊണ്ട്?
നിരവധി ഭാഷകള്‍, മതങ്ങള്‍, വംശങ്ങള്‍, ജാതികള്‍ എന്നിവ കൂടിക്കലര്‍ന്ന ഒരു ബഹുസ്വരസമൂഹമായതിനാല്‍ ഇന്ത്യയ്ക്കകത്ത് പല സംസ്കാരങ്ങള്‍ ഉടലെടുത്തു.
നെഹ്രുവിന്റെ വാക്കുകളില്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രത്യേകത എന്താണ്?

  • ഇന്ത്യന്‍ ദേശീയത നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമാണ്.
  • ഇന്ത്യയുടെ സ്വഭാവം നാനാത്വത്തില്‍ ഏകത്വമാണ്.

'വര്‍ഗ്ഗീയത ഫാഷിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ്‌ എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ  പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയതയേയും ഫാഷിസത്തേയും  താരതമ്യം ചെയ്യുക?
ഏതെങ്കിലും ഒരു  മതത്തില്‍  വിശ്വസിക്കുന്നതോ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതോ അല്ല വര്‍ഗ്ഗീയത. സ്വന്തം മതത്തോടുള്ള അതിരു കവിഞ്ഞ അഭിനിവേശം മറ്റു മതങ്ങളോടുള്ള  വിരോധമായി മാറുമ്പോള്‍ മതതീവ്രവാദം ഉടലെടുക്കുന്നു. മതം, ജാതി, വംശം എന്നിവ രാഷ്ട്രീയ- സാമൂഹിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗ്ഗീയതയാകുന്നു. ഫാഷിസത്തിന്റെ പ്രയോഗവും ഇത്തരത്തിലുള്ളതായിരുന്നു. അഡോള്‍ഫ്  ഹിറ്റ്ലര്‍ ജാതിയും, വംശവും രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ചു. വര്‍ഗ്ഗീയതയുടെ യഥാര്‍ത്ഥ ഉറവിടം രാഷ്ട്രീയവും, സാമ്പത്തികവുമായ കാരണങ്ങളാണ്. ഇന്ത്യയുടെ വിഭജനം തന്നെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഉദാഹരണമാണ്. ആര്യവംശമഹിമ ഉയര്‍ത്തിക്കൊണ്ടു വന്ന നാസിപ്പാര്‍ട്ടിയും, ഹിറ്റ്ലറും ജര്‍മ്മനി നേരിടുന്ന സാമ്പത്തികതകര്‍ച്ചയ്ക്ക് കാരണക്കാര്‍ ജൂതന്മാരും, കമ്മ്യൂണിസ്റ്റുകാരും, സോഷ്യലിസ്റ്റുകാരുമാണെന്നാണ് വാദിച്ചത്. വര്‍ഗ്ഗസമരം, നിരായുധീകരണശ്രമങ്ങള്‍, യുദ്ധനഷ്ടപരിഹാരം തുടങ്ങിയവ ആര്യന്മാരെ ഇടിച്ചു താഴ്ത്താന്‍ ജൂതന്മാര്‍ കണ്ടെത്തിയ ഉപകരണങ്ങളാണെന്ന്  നാസികള്‍ വ്യാഖ്യാനിച്ചു. അതുകൊണ്ട് ജൂതന്മാരെ കൊന്നൊടുക്കുവാനാണ് ഹിറ്റ്ലര്‍ തീരുമാനിച്ചത്. ഫാഷിസവും, വര്‍ഗ്ഗീയതയുടെ ഇന്ത്യന്‍ നിലപാടുകളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന്  കാണുവാന്‍ സാധിക്കും.

Powered By